'ജനങ്ങൾ നൽകിയ സൂര്യശോഭയാണ് മുഖ്യമന്ത്രിക്ക്, അത് ആരെങ്കിലും വിമർശിച്ചാൽ കെട്ടുപോകില്ല'; എൽഡിഎഫ് കൺവീനർ
പിവി അൻവറിനെതിരെ എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അൻവർ പാർട്ടി ശത്രുക്കളുടെ കൈയ്യിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ രീതിക്ക് ചേർന്ന തലത്തിലല്ല അൻവറിന്റെ പെരുമാറ്റം. അൻവറിനെ സി പി എമ്മിന് അംഗീകരിക്കാൻ പറ്റില്ല. ജനങ്ങൾ നൽകിയ സൂര്യശോഭയാണ് മുഖ്യമന്ത്രിക്ക്. അത് ആർക്കും തകർക്കാൻ പറ്റില്ലെന്നും കൺവീനർ പറഞ്ഞു.
'അൻവർ നൽകിയ പരാതിയിൽ അന്വേഷണ നടപടികൾ തുടരുകയാണ്. അത് പൂർത്തിയാകും മുൻപ് വിമർശനം ഉന്നയിക്കുന്നത് ശരിയല്ല. അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽ കളിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടതുമുന്നണിയുടെ രീതിക്ക് ചേർന്ന തലത്തിലല്ല അൻവറിന്റെ പെരുമാറ്റം. അൻവറിനെ സി പി എമ്മിന് അംഗീകരിക്കാൻ പറ്റില്ല.

ജനങ്ങളിൽ നിന്നും നേടിയെടുത്ത അംഗീകാരമാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനൊക്കെ അദ്ദേഹത്തിന് അധികാരം ഉണ്ട്. എന്നാൽ
ജനങ്ങൾ നൽകിയ സൂര്യതേജസ് ആണ് അദ്ദേഹത്തിന് ഉള്ളത്. അത് അൻവറിന്റെ പത്രസമ്മേളനം കൊണ്ടോ ആരോപണങ്ങൾ കൊണ്ടോ അത് ഇല്ലാതാകില്ല. അൻവറിനെ രാഷ്ട്രീയമായി പ്രശ്നത്തിലാക്കുന്നതിന് വേണ്ടി ശത്രുക്കൾ ശ്രമിക്കുന്നുണ്ട്. അതിൽ പെട്ട് പോയിരിക്കുകയാണ് അദ്ദേഹം', ടിപി രാമകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ വിമർശനമാണ് പിവി അൻവർ ഉയർത്തിയത്. '
പി ശശിയും എഡിജിപിയും ചതിക്കും ഇവർ കള്ളൻമാരാണെന്ന് നേരത്തേ പറഞ്ഞതാണ്. സാജൻസ് കറിയയെ രക്ഷിപ്പെടുത്താൻ നടന്ന കളികൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഇതൊക്കെ കേട്ടപ്പോൾ അദ്ദേഹം തിരിച്ച് ചോദിച്ചത് ഇങ്ങനെയൊക്കെ ആയാൽ എന്താണ് ചെയ്യുകയെന്നാണ്. അപ്പോൾ മനസിലായത് അദ്ദേഹം എന്തോ നിസാഹായവസ്ഥയിലാണെന്നാണ്. കാട്ടുകള്ളനായ പി ശശി തന്നെയാണ് മുഖ്യമന്ത്രിയെ മോശക്കാരനാക്കുന്നതെന്ന് അതോടെ മനസിലായി.പോലീസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ശശി മുഖ്യമന്ത്രിയെ അറിയിക്കുന്നില്ല.
2021 ൽ രണ്ടാമതും അധികാരം കിട്ടിയത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവത്തിലായിരുന്നു.അദ്ദേഹം അപ്പോൾ കത്തിജ്വലിച്ച് നിൽക്കുന്നൊരു സൂര്യനായിരുന്നു. ഇഷ്ടമായിരുന്നു അദ്ദേഹത്തെ ജനങ്ങൾക്ക്. എന്നാൽ ആ സൂര്യൻ കെട്ട് പോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100 ൽ നിന്ന് 0 ത്തിലേക്ക് പോയി. വലിയ വിഭാഗം ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് വെറുപ്പാണ്. പിണറായി വിജയൻ തന്നെ ചതിച്ചു. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്റെ അധികാരത്തിലിരിക്കാൻ യാതൊരു യോഗ്യതയുമില്ല', എന്നായിരുന്നു പിവി അൻവർ തുറന്നടിച്ചത്. സ്വർണ്ണത്തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണന്നും അൻവർ ആരോപിച്ചു.












Click it and Unblock the Notifications