കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി തെറ്റിധരിപ്പിക്കുകയാണ്; ടോം ജോസും സഞ്ജയ് കൗളും ഇഎംസിസുമായി ചർച്ച നടത്തിയെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; സർക്കാരിന്റെ പിഴവല്ല മറിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാനാണ് ഇ എം സി സി യുമായുള്ള കരാർ റദ്ദാക്കിയത് എന്ന മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധന സെക്രട്ടറിയായിരുന്ന സഞ്ജയ് കൗളും വാഷിംഗ്ടണിൽ ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്.ഇതേ ടോം ജോസാണ് വിരമിച്ച ശേഷം
കെ എസ് ഐ എൻ സി ചെയർമാനായത്.കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിച്ചു പണം തട്ടാനുള്ള സർക്കാരിന്റെ ഗൂഢ പദ്ധതിയാണ് പ്രതിപക്ഷ ഇടപെടൽ മൂലം പൊളിഞ്ഞു പോയത്.അതിന്റെ ഇച്ഛാഭംഗമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

chennithalapinarayi-15709

ഇ എം സി സി യുമായി സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി നടത്തുന്ന ഇടപാടുകളെല്ലാം ഐശ്വര്യ കേരള യാത്രയുടെ പേരിൽ സംഭവിച്ച കാര്യങ്ങളാണ് എന്ന മുഖ്യമന്ത്രിയുടെ പരാമർശം അസംബന്ധമാണ്. സംസ്ഥാനത്തിന്റെ മത്സ്യനയത്തിനു വിരുദ്ധമായ
ധാരണാപത്രമാണ് ഇ എം സി സിയുമായി സംസ്ഥാന സർക്കാർ ഒപ്പുവച്ചത്. ഈ ധാരണാപത്രം അനുസരിച്ചുള്ള നടപടികൾ വളരെയേറെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. 400 യാനങ്ങളും,5 മദർ ഷിപ്പുകളും നിർമ്മിക്കാൻ
കെ എസ് ഐ എൻ സി യുമായി കരാർ ഒപ്പിട്ടു, ഇ എം സി സിയ്ക്ക് ചേർത്തലയിൽ നാലേക്കർ സർക്കാർ ഭൂമി അനുവദിച്ചു. എന്നിട്ടും സർക്കാരിന്റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാ മുഖ്യമന്ത്രിയുടെ നിലപാടിന്റെ പിന്നിലെന്താണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്.

നമ്മുടെ മത്സ്യസമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാൻ ഒരു അമേരിക്കൻ കമ്പനിയ്ക്ക് വഴിയൊരുക്കുകയും, മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുകയും ചെയ്യാനുള്ള സർക്കാർ പദ്ധതി തടഞ്ഞതാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ പ്രതിപക്ഷ നേതാവ് ചെയ്ത തെറ്റ്.
സംസ്ഥാനത്തോടും ജനങ്ങളോടും കൂറുള്ള ഒരു സർക്കാരിനും ആലോചിക്കാൻ കഴിയാത്ത കാര്യമാണ് എൽഡിഎഫ് ഗവൺമെന്റ് ഈ കാര്യത്തിൽ ചെയ്തിട്ടുള്ളത്. കേരളത്തിന്റെ സൈന്യമാണ് എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചവരാണ് ഇവിടുത്തെ
മത്സ്യത്തൊഴിലാളികൾ. അവരുടെ തൊഴിലും, ജീവനും കൊള്ളയടിക്കാൻ ശ്രമിച്ച സർക്കാരിന് ജനങ്ങൾ മാപ്പ് നൽകില്ല.

മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിൻ്റെ 5% ഗവൺമെന്റിന് കൊടുക്കണമെന്ന് ഓർഡിനൻസ് ഇറക്കി കോവിഡ് കാലത്ത് പോലും മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുന്ന സർക്കാരാണിത്.കള്ളം കയ്യോടെ പിടിക്കപ്പെടുകയും ജനവികാരം എതിരാവുകയും ചെയ്തപ്പോൾ സ്ഥിരം പരിപാടി പോലെ കുറ്റം ഉദ്യോഗസ്ഥന്മാരുടെ തലയിൽ കെട്ടിവെച്ച രക്ഷപ്പെടാൻ ഉള്ള ഒരു വിഫല ശ്രമമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. കെ എസ് ഐ എൻ സി യും ഇ എം സി സി യുമായി ഒപ്പിട്ട കരാർ സർക്കാർ അറിഞ്ഞില്ല എന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്? അങ്ങനെ ഒരു ഉദ്യോഗസ്ഥന് സർക്കാർ അറിയാതെ ഇത്രയും വലിയൊരു കോൺട്രാക്ട്
ഒപ്പിടാൻ കഴിയുമോ? മുഖ്യമന്ത്രിയുടെ വകുപ്പിൽ നടക്കുന്ന ഒരു കാര്യവും അദ്ദേഹം അറിയുന്നില്ല എന്നു പറഞ്ഞാൽ പിന്നെ ആ സ്ഥാനത്തിരിക്കാൻ ഉള്ള എന്ത് യോഗ്യതയാണ് പിണറായി വിജയണുള്ളത്? ആരെയും അറിയിക്കാതെ എം ഡി ഒപ്പിട്ട കരാർ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പിആർഡി വകുപ്പ് ഭരണ നേട്ടമായി പരസ്യം ചെയ്തത്.

അക്കാര്യവും മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കിൽ അത് സംസ്ഥാനത്തിനും അദ്ദേഹത്തിനും നാണക്കേടാണ്.അസെന്റിൽ വച്ച് കരാർ ഒപ്പിടുന്നതിനു മുമ്പ് തന്നെ ഈ കമ്പനിയുടെ വിശദാംശംങ്ങൾ അന്വേഷിച്ചു കേന്ദ്രത്തിന് സർക്കാർ കത്തയച്ചിരുന്നു. കമ്പനി വ്യാജമാണ് എന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പ് മറുപടി നൽകുകയും ചെയ്തിരുന്നു.
കേന്ദ്രം മറുപടി തന്നില്ല എന്നാണ് ആദ്യം ഇ പി ജയരാജൻ പറഞ്ഞത്. ഇന്നലെ മുഖ്യമന്ത്രിക്ക് ജയരാജനെ തിരുത്തേണ്ടിവന്നു. ഫിഷറീസ് വകുപ്പ് മന്ത്രിയും, വ്യവസായമന്ത്രിയും എന്തിനാണ് നിരന്തരം കള്ളം പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നെങ്കിലും മുഖ്യമന്ത്രി വിശദീകരിക്കണം.

ഫെബ്രുവരി മാസം ഇ എം സി സി പ്രതിനിധികൾ എന്ന് അവകാശപ്പടുന്ന രണ്ടു പേർ സമുദ്ര ഗവേഷണത്തിന് അപേക്ഷ നൽകി എന്ന പച്ചകള്ളം പറഞ്ഞത് മുഖ്യമന്ത്രി നേരിട്ടാണ്. കഴിഞ്ഞ മൂന്നു വർഷമായി വകുപ്പ് തലത്തിലും, മന്ത്രി തലത്തിലും, മുഖ്യമന്ത്രി തലത്തിലും നടക്കുന്ന നടപടികൾ മറന്നു പോയെങ്കിൽ പിണറായി മന്ത്രിസഭയിലെ അംഗങ്ങൾക്ക് കൂട്ടമായി അൽഷിമേഴ്സ് ബാധിച്ചിരിക്കുകയാണ് എന്ന് വേണം കരുതാൻ.

സംസ്ഥാനത്തിന്റെ മത്സ്യ നയത്തിൽ എന്തിനു മാറ്റം വരുത്തി എന്ന കാതലായ ചോദ്യത്തിന് ഗവൺമെന്റ് മറുപടി പറയുന്നില്ല. ഈ വിവാദ ഭാഗം എന്തുകൊണ്ട് പിൻവലിക്കാൻ തയ്യാറാവുന്നില്ല? ആഴകടലിൽ മത്സ്യ ബന്ധനം നടത്തി, അത് സംസ്കരിച്ചു കയറ്റി അയക്കുന്ന പദ്ധതിയാണ് കമ്പനി സമർപ്പിച്ചത്.അതിനുള്ള ധാരണാപത്രം പിൻവലിച്ചുവെങ്കിൽ അതിനായി അനുവദിച്ച സർക്കാർ ഭൂമി എന്തുകൊണ്ട് തിരിച്ചെടുക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

Recommended Video

cmsvideo
Chandy oommen criticize pinarayi vijayan

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

തരം കിട്ടിയാൽ ഇനിയും ഈ പദ്ധതി പൊടിതട്ടി എടുക്കും എന്നതാണ് ഇതിൽനിന്ന് മനസ്സിലാവുന്നത്. സർക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കിൽ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എന്തുകൊണ്ടു തയ്യാറാകുന്നില്ല.നമ്മുടെ കടൽ കുത്തകകൾക്ക് വിൽക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടികൾക്കെതിരായി നാളെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന തീരദേശ ഹർത്താലിന് യുഡിഎഫ് പരിപൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം, പ്രഖ്യാപിച്ചു ഷിബു ബേബിജോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്നും, ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ജാഥ നടത്തും. രണ്ട് ജാഥകളും വൈപ്പിനിൽ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കറുപ്പിൽ തിളങ്ങി എമി ജാക്സൺ- ചിത്രങ്ങൾ കാണാം

English summary
CM is misleading; Tom Jose and Sanjay Kaul had discussions with EMCS says ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X