3,94,000 രൂപ, സ്വന്തം വീടാകുന്നത് വരെ വാടകവീട്; കീഴടങ്ങിയ മാവോയിസ്റ്റിന് പുനരധിവാസ പാക്കേജ് കൈമാറി
തിരുവനന്തപുരം: വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പാക്കേജിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്കാണ് ലിജേഷിന് നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് ലിജേഷ് കീഴടങ്ങിയത്. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു പുനരധിവാസ പാക്കേജ് കൈമാറിയത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീട് നിര്‍മ്മിച്ച് നല്‍കും. അതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി ചെക്കിനൊപ്പം കൈമാറി.
37 കാരനായ ലിജേഷ് സായുധ സമരം ഉപേക്ഷിച്ചാണ് കീഴടങ്ങല്‍ പ്രഖ്യാപിച്ചത്. ലിജേഷിനെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇത് പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുനരധിവാസ നടപടികള്‍ പെട്ടെന്നാക്കിയത്.

കര്‍ണാടക സംസ്ഥാനത്തെ വിരാജ് പേട്ട ഇന്ദിരാനഗര്‍ സ്വദേശിയാണ് ലിജേഷ്. വയനാട് ജില്ലാ പൊലീസ് മേധാവി മുന്‍പാകെയാണ് ലിജേഷ് കീഴടങ്ങിയത്. വീടും സ്റ്റൈപ്പെന്റും കൂടാതെ തുടര്‍ പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും പാക്കേജിന്റെ ഭാഗമായി ലിജേഷിന് ലഭിക്കും. മുന്നോട്ടുള്ള ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ് ഐ ടി ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താന്‍ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വയനാട് പുല്‍പ്പള്ളിക്കടുത്ത അമരക്കുന്നി എന്ന സ്ഥലത്ത് ജനിച്ച ലിജേഷ് അഞ്ച് വയസായപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടേയും അമ്മയുടെ മാതാപിതാക്കളുടേയും ഒപ്പം വിരാജ് പേട്ടയിലേയ്ക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോയിസ്റ്റ് സംഘാംഗങ്ങളുടെ സ്വാധീനത്താലാണ് സംഘടനയുടെ ഭാഗമായത്. എന്നാല്‍ പിന്നീട് മാവോയിസത്തില്‍ നിന്ന് അകലുകയായിരുന്നു. സര്‍ക്കാരിന്റെ മാവോയിസ്റ്റ് സറണ്ടര്‍ പോളിസിയെപ്പറ്റി അറിഞ്ഞ ലിജേഷ് 2021 ഒക്ടോബര്‍ 25ന് വയനാട് ജില്ലാ പൊലീസ് മേധാവി മുന്‍പാകെ കീഴടങ്ങുകയായിരുന്നു.
2018 ലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റ് സറണ്ടര്‍ പോളിസി തയ്യാറാക്കിയത്. കീഴടങ്ങുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരവും സ്റ്റൈപ്പെന്റും ജീവനോപാധികളും നല്‍കുന്നതാണ് പുനരധിവാസ പാക്കേജ്. താല്‍പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാരെയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications