സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളികൾക്ക് വിഷു ആശംസകൾ നേർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്നു മുഖ്യമന്ത്രി പറഞ്ഞു. ' കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിന്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു'.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
'സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നാളുകൾ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിന്റെ സമഗ്രവും സർവതലസ്പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം'. വിഷുവിന്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടിയും മലയാളികൾക്ക് വിഷു ആശംസിച്ചു. ''ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയത്തിൽ നിന്ന് വിഷു ആശംസകൾ നേരുന്നു. കോവിഡ് മഹാമാരിയുടെ കനത്ത പ്രതിസന്ധിയുടെ നാളുകൾ പിന്നിട്ട് നാം പുതിയ നാളെയിലേക്ക് ചുവടു വെക്കുകയാണ്. വിഷുവിന്റെ പേരിൽ പോലും വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ മതേതരത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ് . കേരളത്തെ നൂറ്റാണ്ടുകൾ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾക്കെതിരെ എപ്പോഴും ജാഗരൂകരായിരിക്കണം''.
മന്ത്രി സജി ചെറിയാന്റെ വിഷു ആശംസ ഇങ്ങനെ: ''ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യസമ്പന്നമായ വിഷു ആശംസകൾ നേരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലം കോവിഡ് മഹാമാരി നമ്മുടെ ആഘോഷങ്ങളിലും സന്തോഷങ്ങളിലും കരിനിഴൽ വീഴ്ത്തിയിരുന്നു. പതിയെയാണെങ്കിലും കോവിഡിന്റെ വെല്ലുവിളിയിൽ നിന്നും നാം പുറത്തുകടക്കുന്ന സന്ദർഭത്തിലാണ് ഇക്കുറി വിഷു വരുന്നത്. പുതിയ നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുടെ സന്ദേശം പകരുന്ന വിഷു പിന്നിട്ട പ്രതിസന്ധികളിൽ നിന്നും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകളിലേക്ക് കുതിക്കുവാൻ ഊർജ്ജം നൽകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ''.












Click it and Unblock the Notifications