സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; ഉത്സവങ്ങളും, കലാരൂപങ്ങളും നടത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. പ്രതിവാര കേവിഡ് അവലോകന യോഗത്തിന് ശേഷമാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തുറന്ന ഇടങ്ങളില്‍ നടത്തുന്ന പൊതുപരിപാടികളില്‍ പരമാവധി 300 പേര്‍ക്കും ഹാളുകള്‍ പോലെ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ക്കും പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങള്‍ നടത്തുവാനും അനുമതി നല്‍കി. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് തുറന്ന ഇടങ്ങളില്‍ പരമാവധി 200 പേര്‍ക്കും അടഞ്ഞ ഇടങ്ങളില്‍ പരമാവധി 100 പേര്‍ക്കും അനുമതിയെന്ന നിലവിലെ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണമെന്നും ശബരിമലയില്‍ കഴിഞ്ഞദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നുവെങ്കിലും അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അത് വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നവല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 97 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിനും 70 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു. 70 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാകാസീന്‍ നല്‍കാനുണ്ടെന്നും അത് എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണമെന്നും അവിടങ്ങളില്‍ ജനിതക സീക്വന്‍സിംഗ് വര്‍ദ്ധിപ്പിക്കണമെന്നും എറണാകുളത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണെന്നും വീടിന് പുറത്ത് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മൂന്ന് ലയര്‍ മാസ്‌കോ എന്‍ 95 മാസ്‌കോ ധരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌കിന് പുറമെ, സാനിറ്റൈസര്‍, സീമൂഹിക അകലം എന്നിവ പാലിക്കണമെന്നും മുഖ്‌യമന്ത്രി അറിയിച്ചു.

സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരില്‍ പൊതു ധാരണ ഉണ്ടാക്കണമെന്നും സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും കോവിഡ് ധനസഹായം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications