• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി, വിവിധ പദ്ധതികൾക്കായി 2447 കോടി രൂപ

തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ വിവിധ പദ്ധതികൾക്കായി 2447 കോടി രൂപ നീക്കി വച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കുട്ടനാടിനായി കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. ആദ്യ ഘട്ടത്തിൽ 2019 മാർച്ച് വരെ 1013.35 കോടി രൂപ കുട്ടനാട്ടിലെ വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ആസൂത്രണ ബോർഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബിൽഡ് കേരള ഇൻഷ്യേറ്റീവും ഏകോപിച്ചാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. ചില പദ്ധതികൾക്ക് നൂറ് ദിനത്തിനുള്ളിൽ ഫലം കണ്ടുതുടങ്ങും. പുതിയ പദ്ധതികൾക്ക് തുടക്കവുമാവും. കുട്ടനാട് ബ്രാന്റ് അരി ഉത്പാദിപ്പിക്കാൻ ആലപ്പുഴയിൽ സംയോജിത റൈസ് പാർക്ക് ഒരു വർഷത്തിനകം ആരംഭിക്കും. ഇതിനുള്ള റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു നെൽ ഒരു മീൻ പദ്ധതി വരുന്ന സീസൺ മുതൽ നടപ്പാക്കും. മത്‌സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്കിടയിൽ സ്വയംസഹായസംഘങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 89 സംഘങ്ങൾക്ക് 1.79 കോടി രൂപ വായ്പയായി നൽകും.

13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ 291 കോടി രൂപ ചെലവഴിച്ച് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കും. കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 1.65 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായിട്ടുണ്ട്. കുട്ടനാട്ടിൽ തടസരഹിത വൈദ്യുതി ഉറപ്പാക്കുന്നതിന് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൂന്ന് കെ. എസ്. ഇ. ബി സബ് സ്‌റ്റേഷനുകൾ നിർമിക്കും. 110 കെ. വി സബ് സറ്റേഷന്റെ നിർമാണം പതിനെട്ട് മാസത്തിനുള്ളിൽ കാവാലത്ത് പൂർത്തിയാകും. 33 കെ. വി സബ്‌സ്‌റ്റേഷൻ കിടങ്ങറയിൽ ഒരു വർഷത്തിൽ പൂർത്തിയാകും. രണ്ട് സബ്‌സ്‌റ്റേഷനുകൾക്കുമുള്ള ഭൂമി ലഭ്യമാണ്. 66 കെ. വി സബ്‌സ്‌റ്റേഷൻ 110 കെ. വിയായി ഉയർത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതും ഒരു വർഷത്തിൽ പൂർത്തിയാകും. തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും അടിഞ്ഞു കൂടിയ മൂന്നു ലക്ഷം ക്യുബിക് മീറ്റർ മണൽ നീക്കുകയും ചെയ്യും.

കുട്ടനാട്ടിലെ ഐമനത്തെ ഉത്തരവാദിത്ത ടൂറിസം മാതൃകാവില്ലേജായി പ്രഖ്യാപിക്കും. പ്രളയത്തിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ എലിവേറ്റഡ് ക്യാറ്റിൽ ഷെഡ് സ്ഥാപിക്കും. താറാവ് കൃഷി പ്രോത്‌സാഹിപ്പിക്കുന്നതിന് വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. കുട്ടനാടിനെ പ്രത്യേക കാർഷിക മേഖലയാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1.50 കോടി ചെലവിൽ നെടുമുടി റോഡും മൂന്നു കോടി ചെലവിൽ മങ്കൊമ്പ് എ. സി റോഡും, 3.30 കോടി രൂപ ചെലവിൽ മുട്ടൂർ സെൻട്രൽ റോഡും പുനരുദ്ധരിക്കും. കുട്ടനാട് വികസനത്തിന് സർക്കാർ വലിയ ശ്രദ്ധ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കുട്ടനാട് പ്രദേശങ്ങളിൽ മാത്രം ദുരിതാശ്വാസത്തിനായി ആകെ 484.38 കോടി രൂപയാണ് ചെലവഴിച്ചത്. പ്രളയദുരിതത്തിൽ അകപ്പെട്ട 53,736 കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം നൽകി. വീടുകൾക്ക് പൂർണ്ണമായും നാശനഷ്ടം സംഭവിച്ച മുഴുവൻപേർക്കും ഒന്നാം ഗഡു ധനസഹായം നൽകി. 1306 പേർക്ക് രണ്ടാം ഗഡു സഹായവും 1009 പേർക്ക് മൂന്നാം ഗഡു ധനസഹായവും ലഭ്യമാക്കിയിട്ടുണ്ട്.

2019ലെ പ്രളയത്തിൽ അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം നൽകുന്നതിന് 39.08 കോടി രൂപ ചെലവഴിച്ചു. വീടിന് കേടുപാട് സംഭവിച്ച 130 കുടുംബങ്ങൾക്ക് മൂന്നു ഗഡു സഹായം നൽകി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 1009 വീടുകൾ വച്ചുനൽകി. ദുരന്തപ്രതികരണ നിധിയിൽ നിന്ന് 1.25 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

English summary
CM Pinarayi Vijayan announces Second Kuttanad Package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X