പ്രതിപക്ഷ സമരത്തെ സഭയിൽ തളളി മുഖ്യമന്ത്രി, 'ജനപിന്തുണ ഇല്ലാത്ത സമരം, അപകടകരമായ സാഹചര്യം'
സമരക്കാർക്ക് നേരെയുളള പോലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

തിരുവനന്തപുരം: ഇന്ധന സെസ് വർധനവ് അടക്കമുളള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. ജനപിന്തുണ ഇല്ലാത്ത സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ നികുതിയും സെസും ഉയർത്തിയപ്പോൾ ആരും സമരം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വാക്കുകൾ: '' യുഡിഎഫും ബിജെപിയും നടത്തുന്ന സമരങ്ങളുടെ കാരണമായി പറഞ്ഞിരിക്കുന്നത് ബജറ്റില്‍ 2 രൂപ ഇന്ധന സെസ് ഈടാക്കി എന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും സെസും വര്‍ധിപ്പിച്ചു. ഇതിനെതിരെ നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ ഒരു തരത്തിലുളള പ്രതിഷേധവും നടത്തിയിട്ടില്ല. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസനവും ക്ഷേമ പദ്ധതികളും തകര്‍ക്കാനുളള നീക്കമാണ് കേന്ദ്രം നടത്തുന്നത്. അതോടെയാണ് വിഭവ സമാഹണത്തിന് വഴി കണ്ടെത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നത്. അത് ജനത്തിന് ബോധ്യമുണ്ട്.
ജനപിന്തുണ ഇല്ലാത്ത സമരമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിഷേധമുളളവര്‍ സാധാരണ നിലയില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് ജനങ്ങളെ അണിനിരത്തിയാണ് സമരം ചെയ്യാറുളളത്. എന്നാല്‍ തികച്ചും അപകടകരമായ നിലയില്‍ ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടാന്‍ പ്രേരിപ്പിക്കുന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതേ മുന്‍പൊരിക്കലും ഇല്ലാത്ത അപകടകരമായ സാഹചര്യം ആസൂത്രിതമായി സൃഷ്ടിക്കാനുളള ശ്രമം ആണോ എന്ന് സംശയിക്കേണ്ടതുണ്ട്''. അത് തടയാന്‍ ആവശ്യമായ നടപടികളാണ് പോലീസ് സ്വീകരിച്ച് വരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സമരം പാടില്ല എന്നൊരു സമീപനം ഉണ്ടെന്ന മട്ടിലാണ് പ്രതിപക്ഷം സംസാരിക്കുന്നത്. കറുപ്പ് കണ്ടാല്‍ വിരോധം എന്നില്ല. കേരളത്തില്‍ ചില മാധ്യമങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം എന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ പടച്ച് വിടുന്ന പലതുമുണ്ട്. സംസ്ഥാനത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാട് ചിലര്‍ക്കുണ്ട്. അണികള്‍ പോലും അംഗീകരിക്കാത്ത കാര്യങ്ങള്‍ പറയുന്നത് കൊണ്ടാണ് സമരത്തിന് ആളെ കൂട്ടാന്‍ സാധിക്കാത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications