മാറ്റം വേണ്ടന്ന് പറയുന്നത് യാഥാസ്ഥിതികരുടെ അട്ടിപ്പേറെടുക്കുന്നവർ, കോൺഗ്രസിനെ കൊട്ടി പിണറായി
തിരുവനന്തപുരം: ആർത്തവം ഒരു സ്ത്രീയേയും അശുദ്ധയാക്കുന്നില്ലെന്നും സമൂഹത്തിൽ തുല്യനീതി നടപ്പിലാവണം എന്നുമുളള ചരിത്രപരമായ വിധിയാണ് ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായത്. എന്നാൽ സുപ്രീം കോടതി തുറന്ന് കൊടുത്ത പുരോഗമനത്തിന്റെ വാതിലിന് മുന്നിൽ നിന്ന് ഞങ്ങൾക്ക് തുല്യത വേണ്ട, ആചാരം മതിയെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടർ തെരുവിൽ നാമജപവുമായി ഇറങ്ങുന്ന വിചിത്ര കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
മനുഷ്യപുരോഗതിക്ക് തടസ്സമായ എത്രയോ ആചാരങ്ങളെ തകർത്തെറിഞ്ഞ് മുന്നോട്ട് നടന്ന വലിയൊരു നവോന്ഥാന ചരിത്രത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ട് കേരളത്തിന്. ആ ചരിത്രത്തിൽ കോൺഗ്രസ് പാർട്ടിക്ക് വലിയൊരു പങ്കുമുണ്ട്. എന്നാലിന്ന് ശബരിമല വിഷയത്തിൽ കോൺഗ്രസെടുത്തിരിക്കുന്ന നിലപാട് ആ ചരിത്രത്തോട് ചെയ്യുന്ന നീതികേടാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നാട് നീളെ നടന്ന് കേരളത്തെ അതിന്റെ നവോന്ഥാന ചരിത്രത്തെക്കുറിച്ച് ഓർമ്മപ്പെടുമ്പോൾ, അത് തള്ളാണ് എന്നാണ് കോൺഗ്രസ് യുവ എംഎൽഎ വിടി ബൽറാമിന്റെയടക്കം പരിഹാസം. കോൺഗ്രസിനെ ചിലതൊക്കെ ഓർമ്മിപ്പെടുത്താനുതകുന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മാറ്റത്തിലൂടെയാണ് മുന്നോട്ട് പോക്ക്
എത്രയോ ചട്ടങ്ങളേയും ആചാരങ്ങളേയും മാറ്റിയാണ് സമൂഹം മുന്നോട്ട് പോയത്. നവോത്ഥാനം സമൂഹത്തിന് മനുഷ്യത്വത്തിന്റെ വെളിച്ചമാണ് നല്‍കിയത്. നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ കണ്ണിയാണ് ഗുരുവായൂര്‍ സത്യാഗ്രഹം.ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്‌മാരകവും സി സി ടി വി ക്യാമറകളുടെ പ്രവര്‍ത്തനോദ്‌ഘാടനവും നിര്‍വഹിച്ചു. കാലോചിതമായി ആചാരങ്ങള്‍ മാറ്റാനും പരിഷ്‌ക്കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു. അനാചരങ്ങള്‍ മാറ്റാനുളള ഊര്‍ജ്ജമായിരുന്നു അവര്‍ക്ക് വിശ്വാസം എന്നത് നാം മറന്നുകൂടാ.

ആർക്കും നിഷിദ്ധനല്ല ദൈവം
ഋതുമതിയായ സത്രീക്കും ചുടല കാക്കുന്ന ചണ്‌ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ പറയുന്നത്. ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ ദൈവം അത്രത്തോളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്‌ത്രീക്കും ചണ്‌ഡാളനുമെന്ന് എഴുതിയ എഴുത്തച്ഛന്‍ എത്ര പുരോഗമനപരമായാണ് കാര്യങ്ങളെ കണ്ടത്. അതിനെതിരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. അനാചരത്തെ ഉറപ്പിക്കാനുളളതല്ല വിശ്വാസം എന്ന് നാം മനസ്സിലാക്കണം.

അവകാശം തേടിയുളള സമരങ്ങൾ
വടകരയിലെ കോണ്‍ഗ്രസ്സ് സമ്മേളനത്തിലാണ് അധ:കൃതരുടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. അതിനെ തുടര്‍ന്നാണ് 1931 ല്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിക്കുന്നത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വഴികാട്ടിയാണ് 1924 ലെ വൈക്കം സത്യാഗ്രഹം. ക്ഷേത്രത്തിനടുത്ത പൊതുവഴികളിലൂടെ നടക്കാനുളള അവകാശം തേടിയായിരുന്നു ആ സമരം. ഇത്തരം സമരങ്ങളിലൊക്കെ സവര്‍ണ്ണവിഭാഗത്തിലെ ഉള്‍പതിഷ്‌ണുക്കള്‍ പങ്കെടുത്തുവെന്ന കാര്യം മറക്കരുത്.

അവരെയൊന്നും മറക്കരുത്
അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ അക്കാലത്തെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായി അക്കാലത്ത് കസ്‌തൂര്‍ബ ഗാന്ധിയും രാജഗോപാലാചാരിയും പൊന്നാനി താലൂക്കിലുടനീളം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പരിശ്രമിച്ചു. ഇന്ന് ആചാരമാണ്, വിശ്വാസമാണ് മാറ്റാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഇവരെക്കുറിച്ചും ഓര്‍ക്കണം.

കോൺഗ്രസ് ആത്മപരിശോധന നടത്തണം
അക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വം കൈകൊണ്ട നിലപാട് ഇപ്പോള്‍ കൈക്കൊളളാന്‍ വര്‍ത്തമാനക്കാലത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നുണ്ടോ എന്നീ കാര്യത്തില്‍ ആത്മപരിശോധന നടത്തണം. നവോത്ഥാനത്തിന്റെ ഭാഗമായി നമ്മുടെ നാട് ഏറെ മുന്നോട്ട് പോയെങ്കിലും ഒരു കൂട്ടര്‍ എത്രത്തോളം പുറകോട്ട് പോയി എന്നത് കൂടി നാം ആലോചിക്കേണ്ടതുണ്ട്.ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കെ കേളപ്പനൊപ്പം എ കെ ജിയും കൃഷ്‌ണപിളളയും സുബ്രഹ്മണ്യന്‍ തിരുമുമ്പും വിഷ്‌ണു ഭാരതീയനും മറ്റും സജീവമായിരുന്നു.

അവബോധത്തിൽ മാറ്റമുണ്ടായി
ആരാധനയ്‌ക്ക് പ്രാധാന്യം നല്‍കാത്ത വ്യക്തി ജീവിതം ആയിരുന്നു കെ കേളപ്പന്‍ ഉള്‍പ്പെടെയുളള നേതാക്കളുടേത്. ഗുരുവായൂര്‍ ക്ഷേത്രം തകരട്ടെ എന്ന് കരുതിയല്ല കെ കേളപ്പന്‍ ഉള്‍പ്പെടെയുളളവര്‍ ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയത്. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അവകാശത്തിന് വേണ്ടിയായിരുന്നു സമരം. സമൂഹത്തിന് നിഷേധിക്കപ്പെട്ട അവകാശം സ്ഥാപിച്ചെടുക്കാനായിരുന്നു അത്. സത്യാഗ്രഹത്തിന്റെ അവസാനകാലത്തും അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനം സാധ്യമായില്ല. പക്ഷെ സാമൂഹ്യ അവബോധത്തില്‍ മാറ്റം ഉണ്ടായി.

രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടി
1947 ജൂണ്‍ 2 നാണ് ഗുരുവായൂരില്‍ അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. വളരെക്കാലം നീണ്ട പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു ആ മാറ്റം. ഇത്തരം മാറ്റങ്ങള്‍ക്കെതിരെ ഏക്കാലത്തും യാഥാസ്ഥിതിക വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇവരുടെ അട്ടിപ്പേറെടുക്കാന്‍ ഒരു രാഷ്‌ട്രീയ പ്രസ്ഥാനം തയ്യാറായില്ല. കാരണം ജനങ്ങള്‍ക്ക് വേണ്ടിയാണ്, സമൂഹത്തിന് വേണ്ടിയാണ്, രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ നിലകൊളളുന്നത്. എന്നാല്‍ അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ അട്ടിപ്പേറെടുക്കുന്നവരാണ് ഇന്ന് മാറ്റങ്ങള്‍ പാടില്ല എന്ന് പറയുന്നത്. ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തില്‍ എവിടെയാണ് എന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും.

വെളിച്ചം തല്ലിക്കെടുത്താൻ ശ്രമം
ശ്രീനാരായണഗുരുവും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും പൊയ്‌കയില്‍ അപ്പച്ചനും വി ടി ഭട്ടതിരിപ്പാടും വാഗ്‌ഭടാനന്ദനും കെ കേളപ്പനും ഇ എം എസും കൃഷ്‌ണപിളളയും എ കെ ജിയും സുബ്രഹ്മണ്യന്‍ തിരുമുമ്പും വിഷ്‌ണുഭാരതീയനും ഉള്‍പ്പെടെയുളള നവോത്ഥാന നായകന്മാര്‍ ഏറെ പണിപ്പെട്ട് ദുരാചാരങ്ങളെ തുടച്ച് നീക്കിയാണ് പുതിയ കേരളത്തെ നിര്‍മ്മിച്ചത്. അവര്‍ കൊളളുത്തിയ വെളിച്ചം തല്ലികെടുത്താനാണ് ഇന്ന് ചിലരുടെ ശ്രമം. ഇത് ഗൗരവമായി കാണേണ്ടതുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications