കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കേരള മാതൃക, 90 സ്കൂളുകൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി, 54 സ്കൂളുകൾക്ക് ശിലാസ്ഥാപനവും

Google Oneindia Malayalam News

തിരുവനന്തപുരം: സർക്കാർ സ്കൂളുകൾ സംസ്ഥാനത്ത് മികവിന്റെ പര്യായങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പൊതുവിദ്യാഭ്യാസ രംഗത്ത് സമാനകളില്ലാത്ത മികവിലേക്കാണ് കേരളം കുതിക്കുന്നത്. സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ച് വരുന്ന കാഴ്ച കേരളം കാണുന്നു. അതിനിടെ 144 പുതിയ സ്കൂളുകൾ കൂടി സംസ്ഥാനത്ത് മികവിന്റെ കേന്ദ്രങ്ങളാവുകയാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്‌ളാൻഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാർഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകൾക്കായി നിർമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.

cm

പത്തനംതിട്ടയിലും കാസർകോടും രണ്ടു വീതവും കോട്ടയത്തും എറണാകുളത്തും മൂന്നു വീതവും വയനാട്ടിൽ നാലും ഇടുക്കിയിൽ അഞ്ചും കൊല്ലത്തും പാലക്കാടും ആറ് വീതവും കോഴിക്കോട് ഏഴും മലപ്പുറത്ത് ഒൻപതും തിരുവനന്തപുരത്തും ആലപ്പുഴയിലും പത്ത് വീതവും തൃശൂരിൽ പതിനൊന്നും കണ്ണൂരിൽ പന്ത്രണ്ടും സ്‌കൂൾ കെട്ടിടങ്ങളാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ചത്.

വരും തലമുറയെ കൂടി കണ്ടു കൊണ്ടാണ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. '' പണ്ട് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു സമൂഹം ചർച്ച ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോൾ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവുണ്ടായി. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ച് ലക്ഷം വിദ്യാർത്ഥികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്''.

നിലവിൽ കോവിഡ് 19 ഉയർത്തിയ പ്രതിസന്ധിയുണ്ട്. സ്‌കൂളുകൾ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന സമയം അവ ആരംഭിക്കാമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. ഇതിന് നാടിന്റെയാകെ സഹകരണമുണ്ടായി.
പൊതുവിദ്യാലയങ്ങൾ ആകെ മികവിന്റെ കേന്ദ്രമാക്കുക എന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. സർക്കാരിന്റെ ഈ നീക്കത്തിന് തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, ഇതിനോട് താത്പര്യമുള്ള മറ്റു വ്യക്തികൾ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമായ 90 ഇടങ്ങളിലും നൂറു കണക്കിന് ആളുകൾ എത്തി വിപുലമായി നടക്കേണ്ട ചടങ്ങായിരുന്നു ഇത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി ചുരുക്കേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ. പി. ജയരാജൻ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് നിർമിക്കുന്ന 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്‌ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, കാസർകോട് ജില്ലകളിൽ മൂന്നു വീതവും പത്തനംതിട്ടയിൽ നാലും എറണാകുളത്ത് രണ്ടും മലപ്പുറത്ത് ഏഴും കോഴിക്കോട് ഒൻപതും വയനാട്ടിൽ 17 ഉം കെട്ടിടങ്ങളാണ് നിർമിക്കുന്നത്.

English summary
CM Pinarayi Vijayan inaugurated 90 new schools in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X