Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരള സൃഷ്ടിക്കുള്ള പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസ യജ്ഞത്തില്‍ പങ്കാളികളാകാം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുദ്ദേശിച്ച് ജനകീയ ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ. നവകേരള സൃഷ്ടിക്കുള്ള പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസ യജ്ഞത്തില്‍ പങ്ക് ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഭൗതിക സൗകര്യവികസനവും അക്കാദമിക മികവും സംയോജിപ്പിച്ചുള്ള ഇടപെടലുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കല്‍ പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ വിദ്യാഭ്യാസം ഫലപ്രദമായി നമുക്ക് നടത്താൻ കഴിഞ്ഞു. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസ്സുകള്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു.

ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷന്‍ ക്ലാസ്സുകളുടെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകള്‍ ലഭ്യമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ഈ പ്രവര്‍ത്തനം തുടങ്ങും. വിവേചനരഹിതമായി എല്ലാവര്‍ക്കും സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ക്ലാസ്സില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കും. ഇതിന് പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അത് ഉറപ്പാക്കാനുള്ള ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്.

cm

ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനസൗകര്യം ലഭ്യമാണെന്നും എത്ര കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ ഇനിയും ലഭ്യമാക്കണമെന്നും കൃത്യമായി തിട്ടപ്പെടുത്തുകയാണ് ഇതിന്‍റെ ആദ്യപടി. പി.ടി.എ.കളുടെ നേതൃത്വത്തിലുള്ള സ്കൂള്‍തല സമിതിക്കാണ് ഇതിന്‍റെ ചുമതല. ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും. ആദിവാസി വിഭാഗത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമുള്ള ഊരുകളില്‍ പഠന മുറികള്‍ ഒരുക്കും. കണക്ടിവിറ്റി പ്രശ്നവും പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ട്.

ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കെല്ലാം ഉപകരണങ്ങള്‍ ലഭ്യമാക്കും. ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. ചെറിയ പിന്തുണ നല്‍കിയാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവരുണ്ട്. അവര്‍ക്ക് സഹകരണ ബാങ്കുകള്‍ ഇതിനകം പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തം കുട്ടിക്ക് ഉപകരണങ്ങള്‍ വാങ്ങിച്ച് നല്‍കുമ്പോള്‍ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാന്‍ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണം.

സ്കൂള്‍തലത്തില്‍ സമാഹരിച്ച വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലും ക്രോഡീകരിക്കും. വിവരശേഖരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിന് സ്കൂള്‍, വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന, ജില്ലാ, സംസ്ഥാനതല സമിതികള്‍ രൂപീകരിക്കും. സമിതികളില്‍ ചിലത് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ ആവശ്യമായ കുട്ടികളുടെ എണ്ണം ഡിജിറ്റല്‍ വിദ്യഭ്യാസം ഉപ്പാക്കാനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിനായി വികസിപ്പിച്ച പോര്‍ട്ടലില്‍ ലഭ്യമാക്കും. ഈ പോര്‍ട്ടലില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളോ പണമോ സംഭാവനയായി നല്‍കാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ടും ഇതിനായി വിനിയോഗിക്കാവുന്നതാണ്.

പൊതുനന്മാഫണ്ട് പ്രയോജനപ്പെടുത്താന്‍ പ്രത്യേക പ്രോജക്ട് തയ്യാറാക്കി നല്‍കാനുള്ള സംവിധാനവും പോര്‍ട്ടലിന്‍റെ ഭാഗമായി ഒരുക്കും. സംഭാവന സ്വീകരിക്കാന്‍ സി.എം.ഡി.ആര്‍.എഫിന്‍റെ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ എംപവര്‍മെന്‍റ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാനസമൂഹമാക്കി കേരളത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഉദ്യമത്തിന്‍റെ ആദ്യ പടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിദ്യാഭ്യാസ പരിവര്‍ത്തന പരിപാടിയില്‍ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

Recommended Video

cmsvideo
    ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

    ഒരോ വിദ്യാലയത്തിന്‍റെയും വിഭവ ശേഷി വളരെ വലുതാണ്. പൂര്‍വ്വ വിദ്യാര്‍ഥികള്‍ അഭ്യുദയകാംക്ഷികള്‍, സാമൂഹിക സാംസ്കാരിക സംഘടനകള്‍ എന്നിവരടങ്ങിയ വന്‍ ജനകീയ മുന്നേറ്റമായി ഈ ക്യാമ്പയിന്‍ മാറ്റാനാകണം. അതുകൊണ്ട് കഴിയുന്ന സംഭാവനകള്‍ ഈ സദുദ്യമത്തിന് ഉറപ്പാക്കണം. അതുവഴി നമുക്ക് ഒന്നായി നാടിന്‍റെ ഭാവി മാറ്റി പണിയുന്നതിനും നവകേരള സൃഷ്ടിക്കുമുള്ള പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസയജ്ഞത്തില്‍ പങ്കാളികളാകാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+