'ശുഭാപ്തി വിശ്വാസവും പ്രചോദനവും പകർന്ന ജീവിതം', ശരണ്യയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: അന്തരിച്ച സിനിമ-സീരിയൽ താരം ശരണ്യയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദരോഗ ബാധിതയായിരുന്ന ശരണ്യ വലിയ പോരാട്ടത്തിന് ഒടുവിലാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ശരണ്യയുടെ അന്ത്യം. സമൂഹത്തിന് ശുഭാപ്തി വിശ്വാസവും പ്രചോദനവും പകർന്ന് നൽകിയതായിരുന്നു ശരണ്യയുടെ ജീവിതം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു. തൻ്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു.

ശരണ്യ ശശിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും രംഗത്ത് എത്തി. കലാരംഗത്ത് സ്വന്തംവ്യക്തി മുദ്ര ശരണ്യ പതിപ്പിച്ചിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. രോഗം തുടർച്ചയായി വേട്ടയാടുമ്പോഴും തളരാതെ അതിജീവനത്തിനായി പോരാടിയ ശേഷമാണ് ശരണ്യ വിടവാങ്ങിയത്. ശരണ്യ ശശിയുടെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വീണ ജോർജ് പ്രതികരിച്ചു.
ചുരുങ്ങിയ കാലംകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ കലാകാരിയെയാണ് നഷ്ടമായതെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ ശരണ്യ ശശിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു. ബ്രെയിൻ ട്യൂമറിനെ അതിജീവിച്ചു വന്നിരുന്നുവെങ്കിലും പെട്ടെന്നുള്ള വേർപാട് വലിയ നഷ്ടമാണ്. ശരണ്യ ശശിയുടെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.
കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications