സോളാര്‍ പീഡനക്കേസ്; സിബിഐക്ക് കൈമാറിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. പരാതിക്കാരിയായ ഇരയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. കേസ് സിബിഐക്ക് വിട്ടത് സ്വഭാവിക നടപടി മാത്രമാണെന്നും അത് രാഷ്ട്രീയ പ്രേരിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ അതും വിമര്‍ശനമാകില്ലെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
നേരത്തെയും ചില കേസുകള്‍ സര്‍ക്കാര്‍ തന്നെ സിബിഐക്ക് വിട്ടിട്ടുണ്ട്. സോളാര്‍ പീഡനക്കേസില്‍ ഇര സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് വേറെ എന്താണ് വഴി. സര്‍ക്കാരിന് മുന്നില്‍ അപേക്ഷ വരുന്നു. പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ല. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരയുടെ പരാതിയാണിത്. അത്തരമൊരു പരാതി സ്വീകരിച്ചില്ലെങ്കില്‍ അത് ന്യായമാകുമോ? അത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയേക്കില്ലേ മുഖ്യമന്ത്രി ചോദിച്ചു.

പൊലീസ് അന്വേഷണം തൃപ്‌തിയല്ലെന്ന പാരാതിക്കരിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും പിണറായി വിജയന്‍ പറഞ്ഞു. അത് സ്വഭാവിക നടപടിയാണ്. അത് രാഷ്ട്രീയ പ്രേരിതമല്ല. ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാട് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും എടുത്തിട്ടില്ല. ഇരയായ സ്‌ത്രീയുടെ അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ അത് അവരോട് കാണിക്കുന്ന അനീതിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഞ്ച് വര്‍ഷം ഇടതുപക്ഷം ഭരിച്ചിട്ടും സോളാര്‍ കേസില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിക്കാതെ കേസ് സിബിഐക്ക് വിട്ട നടപടി പിണറായി വിജയന്‍ സര്‍ക്കാരിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്ന് നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു. കേസ് സിബിഐക്ക് വിട്ടതുകൊണ്ട് തനിക്കോ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications