Get Updates
Get notified of breaking news, exclusive insights, and must-see stories!

'തലശ്ശേരി കലാപത്തിനു ശേഷമുളള യാത്രയിലെ അനുഭവം', എകെജിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പാവങ്ങളുടെ പടത്തലവന്‍ എകെ ഗോപാലന്‍ എന്ന എകെജിയുടെ 45ാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി കലാപത്തിനു ശേഷം എകെജി നേതൃത്വം നൽകിയ പര്യടനവുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം ആണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ജനങ്ങൾക്കു വേണ്ടി അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതിൽ എ.കെ.ജി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ് എന്നും പിണറായി കുറിച്ചു.

'' ഇന്ന് എ.കെ.ജി ദിനം. 'പാവങ്ങളുടെ പടത്തലവൻ' എന്ന വിശേഷണം അന്വർത്ഥമാക്കിയ വിപ്ലവകാരിയായിരുന്നു സഖാവ് എ കെ ഗോപാലൻ. കർഷകരും തൊഴിലാളികളും ഉൾപ്പെട്ട ദരിദ്രജനവിഭാഗത്തിൻ്റെ വിമോചനത്തിനായി സ്വജീവിതം ഉഴിഞ്ഞു വച്ച ത്യാഗനിർഭര രാഷ്ട്രീയജീവിതമായിരുന്നു എ.കെ.ജിയുടേത്. ആ മൂന്നക്ഷരങ്ങൾ പോരാട്ടവീറിൻ്റേയും സ്നേഹത്തിൻ്റേയും കമ്മ്യൂണിസത്തിൻ്റേയും പര്യായമായി ഇന്നും ജനകോടികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

എ.കെ.ജി യോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ജനങ്ങളോടുള്ള ആ സ്നേഹവും ജനങ്ങൾ എ.കെ.ജിയിലർപ്പിച്ച വിശ്വാസവും അനുപമമാണ്. തലശ്ശേരി കലാപത്തിനു ശേഷം വർഗീയ ശക്തികൾക്കെതിരെ ജനമൈത്രിയും മതസൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിനായി എ.കെ.ജി നേതൃത്വം നൽകിയ പര്യടനവുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം ഓർക്കുകയാണ്. ആ യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.

11

തുടർച്ചയായ പൊതുപരിപാടികളും സുദീർഘ പ്രസംഗങ്ങളും നിരന്തര യാത്രയും എ.കെ.ജിയെ തീർത്തും അവശനാക്കിയിരുന്നു. തലശ്ശേരി കൊടുവള്ളിക്കടുത്ത് ഒരു പര്യടനവേദിയിൽ എത്തിയപ്പോൾ കുറച്ചു സഖാക്കൾ വന്ന് കൊടുവള്ളിപ്പാലത്തിനു സമീപം എ.കെ.ജിയെ കാത്ത് ഒരു കൂട്ടമാളുകൾ നിൽക്കുന്നുണ്ടെന്നും അവിടെ ചെന്ന് സംസാരിക്കണമെന്നും അഭ്യർത്ഥിച്ചു. എ.കെ.ജിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത്, മുൻകൂട്ടി നിശ്ചയിച്ച പൊതുയോഗം അടുത്തുള്ളപ്പോൾ അവിടെയുള്ളവർ ഇങ്ങോട്ടു വന്നാൽ മതിയെന്ന് ഞാൻ അല്പം പരുഷമായിത്തന്നെ ആ സഖാക്കളോടു പറഞ്ഞു. ആ സംഭാഷണത്തിൻ്റെ ചെറിയ ഭാഗം ശ്രവിക്കാനിടയായ എ.കെ.ജി കാര്യമെന്തെന്ന് എന്നെ അടുത്ത് വിളിച്ചു തിരക്കി.

വിവരമറിഞ്ഞയുടൻ ആരോഗ്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഉത്കണ്ഠകളെയൊക്കെ അവഗണിച്ച് അദ്ദേഹം അപ്പോൾ തന്നെ കൊടുവള്ളിയിലേക്ക് പോവുകയും സാധാരണയിലും സുദീർഘമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. അവരുടെ വിഷമങ്ങളും ആശങ്കകളും കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അതുകഴിഞ്ഞ് അധികം വൈകാതെ നേരത്തേ നിശ്ചയിച്ച പൊതുപരിപാടിയിലും സജീവമായിത്തെന്ന പങ്കെടുത്തു. യഥാർത്ഥത്തിൽ ഒരു പ്രസംഗം നടത്താൻ പോലുമുള്ള ആരോഗ്യമില്ലാതിരുന്നിട്ടും ജനങ്ങളുടെയും സഖാക്കളുടെയും ആവശ്യത്തിന് മുന്നിൽ എ.കെ.ജി സ്വയം സമർപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള എണ്ണമറ്റ അനുഭവങ്ങൾ ഞാനുൾപ്പെടെയുള്ള എ.കെ.ജിയുടെ സഖാക്കൾക്കും ഈ നാട്ടിലെ ജനങ്ങൾക്കും ഓർത്തെടുക്കാൻ ഉണ്ടാകും.

ak

ജനങ്ങൾക്കു വേണ്ടി അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതിൽ എ.കെ.ജി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അദ്ദേഹത്തിൻ്റെ നിസ്വാർത്ഥവും സുധീരവുമായ ജീവിതം മനുഷ്യൻ്റെ പരിമിതികളെയൊക്കെ ഉല്ലംഘിക്കും വിധം ഉജ്ജ്വലമായിരുന്നു. കറകളഞ്ഞ മനുഷ്യസ്നേഹവും അടിയുറച്ച കമ്മ്യൂണിസ്റ്റ് ആദർശവും ആയിരുന്നു അതിന് എ.കെ.ജിയെ പ്രാപ്തമാക്കിയത്. അതുകൊണ്ടു തന്നെ നിസ്സീമമായ സ്നേഹം ജനങ്ങൾ അദ്ദേഹത്തിനു തിരിച്ചും നൽകി. ജാതിമതരാഷ്ട്രീയാതീതമായി കേരളത്തിൻ്റെയാകെ നേതാവായി സഖാവ് എ.കെ.ജി സ്വീകരിക്കപ്പെട്ടു.

"ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർഥമായ സ്നേഹമാണ് ഏറ്റവും മൂല്യവത്തായ സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ സഖാവ് എകെജി ആയിരിക്കും" എന്ന് എ.കെ.ജിയെ ഓർക്കുമ്പോഴൊക്കെ മനസ്സിൽ ഉറപ്പിക്കാറുണ്ട്. എ.കെ.ജിയുടെ സ്‌മരണകൾ ഏറ്റവും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നത്. വർഗീയ-വിഭാഗീയ ശക്തികൾക്കെതിരെ ജനാധിപത്യവിശ്വാസികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹത്തിൻ്റെ ജീവിതം പകർന്ന പാഠങ്ങൾ വഴികാട്ടിയാകും. എ.കെ.ജി രചിച്ച ഉജ്ജ്വല സമരഗാഥകൾ കരുത്തു പകരും. ഇന്ന് എ.കെ.ജി ദിനത്തിൽ സഖാവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഐക്യത്തോടെയും ആത്‌മവിശ്വാസത്തോടെയും നാടിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. അഭിവാദ്യങ്ങൾ''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+