കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിക്കും അഭിമാനം, അനുസ്മരിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ഗൗരിയമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക കേരളത്തിന്‍റെ ചരിത്രം ഗൗരിയമ്മയുടെ ജീവചരിത്രം കൂടിയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്: ' സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു.

ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്.
നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവര്‍ക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂര്‍വം പേര്‍ക്കാണ്. ആ അത്യപൂര്‍വം പേരില്‍പ്പെടുന്നു കെ ആര്‍ ഗൗരിയമ്മ. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.

അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാന്‍. വിദ്യാര്‍ത്ഥി ജീവിതഘട്ടത്തില്‍ തന്നെ കര്‍മരംഗത്തേക്കും സമരരംഗത്തേയ്ക്കുമിറങ്ങി. നൂറുവയസ്സു പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നമുക്ക് നഷ്ടമാകുന്നത്. ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സര്‍ സി പിയുടെ കാലത്തെ പൊലീസിന്‍റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവര്‍ക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസില്‍നിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനില്‍പ്പിന്‍റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകള്‍ പോലും മലയാളത്തില്‍ അവരെക്കുറിച്ചുണ്ടായി.

cm

അത്യപൂര്‍വം സ്ത്രീകള്‍ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കില്‍ ഔദ്യോഗിക തലത്തില്‍ തിളക്കമാര്‍ന്ന തലങ്ങളിലേക്കു വളര്‍ന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. ആ വഴിയല്ല, തന്‍റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ത്യാഗപൂര്‍വമായി ജീവിച്ചു.
ഒന്നാം കേരള മന്ത്രിസഭയില്‍ തന്നെ അംഗമായി അവര്‍. കേരള കാര്‍ഷിക പരിഷ്കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്‍റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലില്‍ ശ്രദ്ധേയമായ പങ്കാണവര്‍ വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാര്‍ മന്ത്രിസഭകളിലും അവര്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

Recommended Video

cmsvideo
കെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ

അസാമാന്യ ദൈര്‍ഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള നിയമസഭകളിലും അവര്‍ അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്കാരങ്ങള്‍ വരുത്താനും തനതായ പദ്ധതികള്‍ ആവിഷ്കരിക്കാനും അവര്‍ ശ്രദ്ധിച്ചു. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയ്ക്ക്. ആ നിലയ്ക്കു കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനയാണ് അവര്‍ക്കൊപ്പം നിന്നു ഗൗരിയമ്മ നല്‍കിയത്. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തില്‍ പൊരുതി സ്ഥാപിച്ച വ്യക്തിയാണു ഗൗരിയമ്മ. അതിന് അവര്‍ക്ക് അക്കാലത്ത് ശക്തിപകര്‍ന്നതു കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.
അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയില്‍ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലി.

English summary
CM Pinarayi Vijayan shares note on KR Gauriamma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X