'എന്ത് വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക; അതിനൊക്കെ മുകളിൽ', അനുശോചിച്ച് മുഖ്യമന്ത്രി അടക്കമുളളവർ
തിരുവനന്തപുരം: പ്രമുഖ നടൻ നെടുമുടി വേണുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എംബി രാജേഷും അടക്കമുളള പ്രമുഖർ. വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മലയാളത്തിന്റെ സവിശേഷതകൾ സ്വാംശീകരിച്ച വലിയ കലാകാരനെയാണ് നഷ്ടമായത് എന്ന് സ്പീക്കർ എംബി രാജേഷ് അനുശോചിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം: '' മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.
അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരും കാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്''.

ധനമന്ത്രി കെഎൻ ബാലഗോപാൽ
അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയ ജൈത്രയാത്രയായിരുന്നു നെടുമുടിയുടേത്. അഞ്ചു പതിറ്റാണ്ടു നീണ്ട നിരന്തരസപര്യയിലൂടെ അദ്ദേഹം സൂക്ഷ്മാഭിനയത്തിന് പുതുവ്യാകരണമെഴുതി. നാടകം, സംഗീത സംവിധാനം, ആലാപനം, വാദ്യം തുടങ്ങി വിവിധ കലാമേഖലകളിൽ ആ പ്രതിഭ വ്യാപരിച്ചു. നാടൻ പാട്ടും ചൊൽക്കാഴ്ചയുമായി തനതു കലാവേദികളെ ഉണർത്തി. നെടുമുടിയുടെ വിയോഗം കലയ്ക്കും സംസ്കൃതിയ്ക്കും അപരിഹാര്യമായ നഷ്ടമാണ്. പ്രിയപ്പെട്ട നെടുമുടി വേണുവിന് ആദരാഞ്ജലികൾ.
സ്പീക്കർ എംബി രാജേഷ്
പ്രിയ നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മലയാള സിനിമ, നാടക വേദികളിൽ സവിശേഷമായ സംഭാവനകൾ നൽകിയ കലാകാരനാണ് അദ്ദേഹം. മലയാള നാടക പ്രസ്ഥാനത്തിൽ വലിയ ചലനമുണ്ടാക്കിയ തനതു നാടകവേദിയിലൂടെയാണ് അദ്ദേഹം വരവറിയിച്ചത്. കാവാലം നാരായണ പണിക്കരുടെ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിലൂടെ അദ്ദേഹം നാടകവേദിയിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ചു. മലയാള സിനിമയിലും തന്റെ പ്രതിഭയുടെ സാന്നിധ്യം കൊണ്ട് അനിവാര്യ ഘടകമായി അദ്ദേഹം മാറി. പാട്ട്, മൃദംഗം തുടങ്ങി അദ്ദേഹം കൈവെക്കാത്ത കലകൾ കുറവാണ്. കുട്ടനാടിന്റെ സാംസ്കാരിക പാരമ്പര്യം അദ്ദേഹം ഹൃദയത്തിൽ വഹിച്ചിരുന്നു. മലയാളത്തിന്റെ സവിശേഷതകൾ സ്വാംശീകരിച്ച വലിയ കലാകാരനെയാണ് നഷ്ടമായത്. ദീർഘകാലമായി വ്യക്തിബന്ധവും സൗഹൃദവുമുള്ള അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
മന്ത്രി വി ശിവൻകുട്ടി
നെടുമുടിവേണു അരങ്ങൊഴിഞ്ഞിരിക്കുന്നു. എന്തു വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക . അതിനൊക്കെ മുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ! അഭിനയ രംഗത്ത് സജീവമായി അരനൂറ്റാണ്ട് പിന്നിടുക ... അഞ്ഞൂറിലധികം വേഷങ്ങളിൽ പകർന്നാടുക... നായകനായി വില്ലനായി സഹനടനായി... പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി അദ്ദേഹം മലയാളിക്കൊപ്പം ജീവിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ അദ്ദേഹം ഉണ്ടാകുമെന്ന് തീർച്ച. സകലകലാവല്ലഭനായിരുന്നു അദ്ദേഹം. ആദരാഞ്ജലികൾ..
മുൻ മന്ത്രി ഇപി ജയരാജൻ
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമാരംഗത്തിന് കനത്ത നഷ്ടമാണ്. അഭിനയ വൈദഗ്ദ്ധ്യം കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ദേയനായ തരമാണ് അദ്ദേഹം. സജീവ നാടക പ്രവര്‍ത്തകനായിരിക്കെയാണ് നെടുമുടി വേണു സിനിമയില്‍ എത്തുന്നത്. നായകനായും വില്ലനായും സഹനടനായും അച്ഛനായും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം തിളങ്ങി. ജനങ്ങളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്നവയാണ് ഓരോ വേഷങ്ങളും. ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിവിധ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയമികവിനെ തേടിയെത്തി. പുതുമുഖ സംവിധായകരുടെ സിനിമകളിലും സജീവസാന്നിദ്ധ്യമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇടതുപക്ഷ സഹയാത്രികനായിരുന്നു എന്നും നെടുമുടി വേണു. അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധമാണ് ഉണ്ടായിരുന്നത്. പ്രിയ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും ചലചിത്ര രംഗത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
മുൻ മന്ത്രി കെകെ ശൈലജ
അരങ്ങിലും അഭ്രപാളിയിലും ഒരു പോലെ മികവാർന്ന കഥാപാത്രങ്ങളെ അടയാളപ്പെടുത്തി മലയാളികളുടെ അഭിനയ ഭാഷയ്ക്ക് പുതിയ അർഥങ്ങൾ നൽകിയ കലാകാരൻ പ്രിയപ്പെട്ട നെടുമുടി വേണുവിൻ്റെ വിയോഗം മലയാള നാടക, സിനിമാലോകത്തിന് തീരാനഷ്ടമാണ്. നിഷ്കളങ്കമായ പെരുമാറ്റം കൊണ്ട് അഭിനയ ജീവിതത്തിന് പുറത്തും നെടുമുടി വേണു മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിത്വമായി. നാടകത്തിലൂടെ അഭിനയലോകത്തേക്കെത്തിയ നെടുമുടി വേണു നാടക- സിനിമാലോകത്തിന് നൽകിയ സംഭാവനകൾ ഏറെ വലുതാണ്.
1990-മികച്ച സഹനടനുള്ള ദേശീയ അവാർഡ്, 2003-ൽ ദേശീയഅവാർഡിൽ പ്രത്യേക പരാമർശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരത്തിനും അർഹനായി. മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ ലഭിച്ച പുരസ്‌കാരം എന്നിവ സിനിമാ ജീവിതത്തിൽ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളാണ്. പ്രിയപ്പെട്ട നടൻ്റെ വിയോഗത്തിൽ സിനിമാ ലോകത്തെയും പ്രിയപ്പെട്ടവരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു
രമേശ് ചെന്നിത്തല
മലയാള സിനിമയുടെ പ്രതിഭയും മലയാളികളുടെ അഭിമാനവുമായ ശ്രീ നെടുമുടിവേണുവിന് ആദരാഞ്ജലികൾ. എനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്തു കൂടിയായിരുന്ന വേണു ചേട്ടൻ ഇനി ഓർമ്മകളിൽ മാത്രം. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ദുഃഖിതരായ സിനിമാ പ്രേമികൾക്കൊപ്പം ഞാനും പങ്കുചേരുന്നു.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
കടകംപള്ളി സുരേന്ദ്രൻ
മലയാളത്തിന്റെ മഹാനടൻ ശ്രീ നെടുമുടി വേണുവിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണ്. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. 2020ൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ 'ഉത്സവം' എന്ന പ്രോഗ്രാം തിരുവനന്തപുരത്ത് മടവൂർപാറയിൽ വെച്ച് സംഘടിപ്പിച്ചപ്പോൾ വിശിഷ്ടാതിഥിയായി എത്തിയത് നെടുമുടി വേണു ആയിരുന്നു. അന്ന് അദ്ദേഹത്തിന്റെ വിഷമം തിരുവനന്തപുരത്ത് ഇത്രയും മനോഹരമായൊരു കേന്ദ്രം ഉണ്ടായിരുന്നിട്ടും ഇതിന് മുമ്പ് ഒരിക്കൽ പോലും അവിടേക്ക് വരാൻ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു. പ്രോഗ്രാംസ് ഒന്നും ഇല്ലാത്തപ്പോൾ അവിടേക്ക് വരാൻ ശ്രമിക്കും എന്ന് പറഞ്ഞാണ് അന്ന് അദ്ദേഹം അവിടെ നിന്നും യാത്രയായത്. പിന്നീട് അദ്ദേഹത്തെ മടവൂർപ്പാറയിലേക്ക് ക്ഷണിക്കാൻ കഴിഞ്ഞില്ലല്ലോ എന്നത് ഒരു സങ്കടമായി എന്നും മനസിൽ ഉണ്ടാവും. അരനൂറ്റാണ്ട് കാലം മലയാളികളെ രസിപ്പിച്ച അഞ്ഞൂറിലധികം കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന പ്രിയ കലാകാരന് വിട. ആദരാഞ്ജലി..












Click it and Unblock the Notifications