മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും
കഴിഞ്ഞ എട്ടാം തിയതിയാണ് പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചത്
കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രോഗമുക്തനായി. ഇന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹം കോവിഡ് നെഗറ്റീവ് ആകുകയായിരുന്നു. വൈകിട്ട് നാല് മണിക്ക് ആശുപത്രി വിടുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ എട്ടാം തിയതിയാണ് പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ കണ്ണൂരിലെ വീട്ടിലേക്ക് ആയിരിക്കും മുഖ്യമന്ത്രി പോവുക. ആവശ്യമായ വിശ്രമത്തിനും ക്വറന്റൈന് ശേഷമായിരിക്കും അദ്ദേഹം ഓഫിസിലേക്ക് മടങ്ങിയെത്തുക.
പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില ചികിത്സയിലുടനീളം തൃപ്തികരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മകൾ വീണ വിജയനും ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്.












Click it and Unblock the Notifications