'ഒപ്പമുണ്ട് കേരളം'; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി
കൊച്ചി: കാശ്മീരില്‍ വിനോദയാത്രയ്ക്കിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ വസതിയില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി, ഇടപ്പള്ളിയിലെ മങ്ങാട് നീരാഞ്ജനം വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാമചന്ദ്രന്റെ അപ്രതീക്ഷിത വേര്‍പാടില്‍ നിന്ന് കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല. ഭീകരുടെ ആക്രമണത്തില്‍ കണ്‍മുന്നില്‍ അച്ഛന്റെ വെടിയേറ്റു മരിച്ചപ്പോഴും സമചിത്തത കൈവിടാതെ പ്രവര്‍ത്തിച്ച മകള്‍ ആരതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആപത് ഘട്ടത്തില്‍ സഹായിച്ചവര്‍ക്ക് കൃതജ്ഞത പ്രകടിപ്പിച്ച ആരതിയുടെ മനോഭാവം മാതൃകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ധൈര്യം സങ്കടകാലത്തെ മറികടക്കാന്‍ പ്രേരണയാകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇനി മുന്നോട്ടുള്ള യാത്രയില്‍ കേരളം ഒപ്പമുണ്ടെന്നും രാമചന്ദ്രന്റെ ഭാര്യ ഷീലയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുമായി ഏറെ നേരം മുഖ്യമന്ത്രി സംസാരിച്ചു. രാമചന്ദ്രന്റെ മകന്‍ അരവിന്ദ്, മരുമക്കള്‍ ശരത്, വിനീത എന്നിവരോടും വിവരങ്ങള്‍ അന്വേഷിച്ചു. രാമചന്ദ്രന്റെ കൊച്ചുമക്കളായ ദ്രുപദിനെയും കേദാറിനെയും അടുത്തു വിളിച്ച് അല്‍പനേരം സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
കഴിഞ്ഞ 22-നാണ് കാശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. 26 പേരുടെ ജീവനാണ് ഭീകരാക്രമണത്തില്‍ പൊലിഞ്ഞത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. അതിലാണ് രാമചന്ദ്രനും ഉള്‍പ്പെട്ടത്.
ഏറെക്കാലം ഗള്‍ഫിലായിരുന്ന രാമചന്ദ്രന്‍ അഞ്ച് വര്‍ഷം മുന്‍പാണ് സ്വന്തം നാടായ ഇടപ്പള്ളിയില്‍ എത്തി താമസം ആരംഭിച്ചത്. തുടര്‍ന്ന് ചെറിയ ബിസിനസ് നടത്തിവരികയായിരുന്നു. പൊതുപ്രവര്‍ത്തങ്ങളിലും സജീവമായിരുന്നു.
21-നാണ് കുടുംബം കാശ്മീരില്‍ എത്തിയത്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ മകള്‍ ആരതിക്കും ഇരട്ടകളായ പേരക്കുട്ടികള്‍ക്കുമൊപ്പം അവധി ആഘോഷിക്കാനാണ് രാമചന്ദ്രനും ഭാര്യ ഷീലയും കാശ്മീരില്‍ എത്തിയത്. വെടിയൊച്ച കേട്ടപ്പോള്‍ ഭീകരാക്രമണമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു ഭീകരന്റെ മുന്നില്‍ പെടുകയായിരുന്നു. മകളുടെയും കൊച്ചുമക്കളുടെയും മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. ആരതിയുടെ തോളിലേക്കാണ് അച്ഛന്‍ മരിച്ചുവീണത്.
കുട്ടികളുടെ കരച്ചിലാണ് ധൈര്യം വീണ്ടെടുക്കാന്‍ ആരതിയെ സഹായിച്ചത്. തുടര്‍ന്ന് മക്കളുടെ കൈയും പിടിച്ച് ദിക്കറിയാതെ ഓടുകയായിരുന്നു. കുറേ ദൂരം ഓടിയശേഷമാണ് സുരക്ഷാ സേനയുടെ അരികില്‍ എത്താനായത്. തുടര്‍ന്ന് രണ്ടു കാശ്മീരി സ്വദേശികളാണ് തങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തതെന്ന് ആരതി പറഞ്ഞിരുന്നു. അതിന്റെ പേരില്‍ ആരതിക്ക് കുറേ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഈ സമയത്ത് പ്രകടിപ്പിച്ച ആത്മധൈര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
അച്ഛന്‍ പകര്‍ന്ന ധൈര്യമാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ സഹായിച്ചിട്ടുള്ളതെന്ന് ആരതി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ആരതി പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്.
23-ന് രാത്രിയോടെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് പിറ്റേദിവസം രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് രാമചന്ദ്രനെ അവസാനമായി യാത്രയാക്കാന്‍ എത്തിയത്.












Click it and Unblock the Notifications