ബിജെപിക്ക് മാത്രമല്ല, സിപിഎമ്മിനും കാലിക്കസേരകൾ, മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളെത്തിയില്ല, രോഷം!
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച വിശദീകരണ പരിപാടികളില്‍ കേരളത്തില്‍ പലയിടത്തും ആളില്ലാത്തത് വാര്‍ത്തയായിരുന്നു. ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ വൈറലായത് ബിജെപിക്ക് നാണക്കേടായി. ഏറ്റവും ഒടുവില്‍ ഒഴിഞ്ഞ കസേരകള്‍ പണി കൊടുത്തിരിക്കുന്നത് സിപിഎമ്മിനാണ്. തിരുവനന്തപുരത്ത് സംസ്ഥാന വ്യാപാര വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ സ്വീകരിക്കാനുണ്ടായത് കാലിക്കസേരകള്‍ മാത്രമായിരുന്നു.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള വ്യാപാരി സംഘടനയാണ് വ്യാപാരി വ്യവസായി സമിതി. തലസ്ഥാനത്ത് നായനാര്‍ പാര്‍ക്കിലാണ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന പരിപാടി നിശ്ചയിച്ചിരുന്നത്. വൈകിട്ട് 5 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

5.10ന് മുഖ്യമന്ത്രിയുടെ വാഹനം നായനാര്‍ പാര്‍ക്കിലെത്തി. എന്നാല്‍ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന നേതാക്കള്‍ അടക്കം ആരും മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെ കാത്തിരുന്നത് ഒഴിഞ്ഞ കസേരകളും കുറച്ച് പോലീസുകാരും പരിപാടിയില്‍ ഗാനമേള അവതരിപ്പിക്കാനെത്തിയ ട്രൂപ്പിലെ അംഗങ്ങളും മാത്രം. മുഖ്യമന്ത്രപിയുടെ വാഹനം കണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി.
സംഘടനയുടെ ശക്തി പ്രകടനം ആരംഭിച്ചിട്ടില്ലെന്നും ആളുകള്‍ വേദിയിലേക്ക് എത്തിയിട്ടില്ലെന്നും പോലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. പ്രകടനം എപ്പോള്‍ തുടങ്ങുമെന്നോ ആളുകള്‍ എപ്പോള്‍ എത്തുമെന്നോ പോലീസിന് നിശ്ചയമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സംഘടനാ നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ വണ്ടി തിരിക്കാന്‍ മുഖ്യമന്ത്രി ഡ്രൈവറോട് നിര്‍ദേശിച്ചു. സംഭവം കൈവിട്ടുവെന്ന് മനസ്സിലായി സംഘടനാ നേതാക്കളില്‍ ചിലര്‍ കാറിന് പിന്നാലെ പോയെങ്കിലും, സിപിഎം നേതാക്കള്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പിണറായി അതൃപ്തി പരസ്യമാക്കി ഉദ്ഘാടനം നടത്താതെ മടങ്ങിപ്പോവുകയായിരുന്നു.












Click it and Unblock the Notifications