Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘപരിവാർ ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചു: തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളില്‍ നിന്നും പ്രവാചകനെതിരെയുണ്ടായ വര്‍ഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി വക്താവ് നുപൂര്‍ ശര്‍മ്മ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ഹളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

kerala

മുസ്ലീം സമൂഹത്തെ അപരവല്‍ക്കരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ ബിജെപിയുടേയും സംഘപരിവാറിന്റേയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്താന്‍ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാര്‍ദ്ദപൂര്‍വമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോള്‍വാള്‍ക്കര്‍ ചിന്തയാണ് ബി ജെ പി നേതാവിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാള്‍ക്ക് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനുള്ള അവകാശം നല്‍കുന്ന നമ്മുടെ ഭരണഘടനയെ അവര്‍ തീര്‍ത്തും അവഗണിക്കുകയാണ്.

മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്‌കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആര്‍ക്കും നല്‍കുന്നില്ല. നമ്മുടെ നാടിന്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങള്‍ക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതിലുപരിയായി വര്‍ഗീയ ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റക്കെട്ടായ എതിര്‍പ്പ് ഉയര്‍ന്നു വരണം. നാടിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം ബേബി പറഞ്ഞു. രാജ്യത്തെ സമാധാനപൂര്‍ണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതില്‍ ആര്‍ എസ് എസുകാര്‍ ഒരു ഇളവും അനുവദിക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. കാണ്‍പൂരില്‍ ഇത് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാര്‍ഹമായ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബ് രാജ്യങ്ങളില്‍ നിന്ന് അതിശക്തമായ പ്രതിഷേധം ഉണ്ടായതോടെ തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു തിരുത്തല്‍ പ്രസ്താവനയുമായി ബിജെപി വന്നിട്ടുണ്ട്. ഏറ്റവും പരിഹാസ്യമായ ഒരു പ്രസ്താവനയാണ് അതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. എല്ലാ മതവിശ്വാസങ്ങളെയും എന്നും ആദരിക്കുന്നവരാണത്രെ ബി ജെ പി. ( ഇന്ത്യയുടെ ഭരണത്തില്‍ മതന്യൂനപക്ഷത്തിന് ഒരു പങ്കും ഇല്ല എന്ന് കഴിഞ്ഞ ദിവസം അവര്‍ ഉറപ്പു വരുത്തി. ഒരൊറ്റ മുസ്ലിം പാര്‍ലമെന്റ് അംഗവും ഇല്ലാത്ത പാര്‍ടിയായി ബിജെപി മാറി.) പ്രവാചകനിന്ദയില്‍ ബി ജെ പി മാപ്പ് പറയുകയും തങ്ങളുടെ കൂട്ടത്തില്‍ ധാരാളമുള്ള നൂപുര്‍ ശര്‍മമാരെയെല്ലാം പുറത്താക്കുകയും വേണം. അല്ലെങ്കില്‍ ന്യൂനപക്ഷമതാവകാശങ്ങളെ മാനിക്കാത്ത രാജ്യം എന്നായിരിക്കും ഇന്ത്യയെ എല്ലാവരും കാണുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+