മുഖ്യമന്ത്രിക്ക് ഹൃദ്രോഗം?
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡോക്ടര്‍മാര്‍ നാല് ദിവസത്തെ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചു. ഹൃദ്രോഗ ബാധയെന്ന സംശയത്തില്‍ ആന്‍ജിയോഗ്രാം പരിശോധനയും നടത്തി. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും തന്നെ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനുവരി 12 ന് ഞായറാഴ്ച രാത്രിയില്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്ക് ശാരീരിക അസ്വസ്ഥത തോന്നിയത്. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാര്‍ എത്തി പരിശോധന നടത്തി. കോട്ടയത്തെ സര്‍ക്കാര്‍ ടിബിയില്‍ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. പിന്നീട് തിങ്കളാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ നടത്തിയ ഇസിജി പരിശോധനയില്‍ നേരിയ വ്യത്യാസം പ്രകടമായിരുന്നു. പിന്നീട് രാവിലെ തന്നെ ആന്‍ജിയോഗ്രാം പരിശോധനയും നടത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കിലും ചൊവ്വാഴ്ച വൈകീട്ടോട് കൂടി മാത്രമേ അദ്ദേഹം ആശുപത്രി വിടുകയുള്ളൂ എന്നാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ ശസ്ത്രക്രിയയോ ആന്‍ജിയോപ്ലാസ്റ്റിയോ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications