ദുരിതാശ്വാസ നിധി തട്ടിപ്പ്: ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകളിൽ തുടർനടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. അനർഹരായവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്ക് എതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കും. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്.
കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കും'.












Click it and Unblock the Notifications