പിണറായിയ്ക്ക് തിരിച്ചടി; മാസപ്പടി കേസില്‍ എഫ്‌ഐആറിടണമെന്ന് ഹൈക്കോടതി, റിയാസിനും കുരുക്ക്
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്ന് ഹൈക്കോടതി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് ഹൈക്കോടതി നിര്‍ദേശം. മുന്‍ പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനെതിരേയും കേസെടുക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അഴിമതി തടയൽ നിയമപ്രകാരം എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണം എന്നാണ് നിര്‍ദേശം. നേരത്തെ ഇഡി സര്‍ക്കാരിനോട് കേസെടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിര്‍ദേശ പ്രകാരം മുന്നോട്ട് പോയാല്‍ മതി എന്നായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. അതിനാല്‍ തന്നെ സര്‍ക്കാര്‍ തിടുക്കത്തില്‍ കേസെടുക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് സാധ്യത. ഇഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെഎം ഷാജഹാന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പറഞ്ഞത്.
സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാടില്‍ ഇഡി നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായി പിണറായി വിജയന്‍, മകള്‍ ടി. വീണ, വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ ഡിജിപി ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഇതിനെ ചോദ്യംചെയ്തതാണ് ഷാജഹാന്‍ കോടതിയെ സമീപിച്ചത്. കരിമണല്‍ ഖനന സ്ഥാപനമായ സിഎംആര്‍എല്ലും വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
അതേസമയം മാസപ്പടി കേസില്‍ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതോടെ സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളില്‍ നേരിട്ട് കേസെടുത്താല്‍ ബിജെപി-കോണ്‍ഗ്രസ് ഡീല്‍ എന്ന ആരോപണം വരും എന്ന് കരുതിയാണ് സര്‍ക്കാര്‍ കേസെടുക്കാതിരുന്നത്. കോടതി ഉത്തരവ് വന്നതോടെ ആ ആരോപണം മറികടക്കാന്‍ സര്‍ക്കാരിനാകും.
എന്നാല്‍ ഇഡി റിപ്പോര്‍ട്ടിന് പ്രധാന ഉത്തേജകമായത് വ്യവസായി കര്‍ത്തയുടെ ഡയറിയാണ്. ഈ ഡയറിയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ മുരളീധരന്‍ എന്നിവരുടെ പേരുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍, കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കത്തില്‍ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.


Click it and Unblock the Notifications
