മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും നോട്ടീസ് അയച്ച് ഹൈക്കോടതി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴനാടന്‍റെ ഹർജിയിലാണ് നടപടി. നേരത്തേ വിജിലൻസ് കോടതി മാത്യു കുഴൽനാടന്റെ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സി എം ആര്‍ എല്‍ ഉള്‍പ്പെടെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കളമശ്ശേരി സ്വദേശിയായ ഗീരീഷ് ബാബു ഇതേ ആവശ്യങ്ങളുമായി മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും മകൾക്കും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ വാദം നടന്ന് ഉത്തരവ് പറയാനിരിക്കെ ആണ് മാത്യു കുഴൽനാടനും സമാന ആവശ്യവുമായി കോടതിയിലെത്തിയത്. മാത്യു കുഴൽനാടന്‍റെ റിവിഷൻ ഹർജി ജൂലൈ 2 നും ഗിരീഷ് ബാബുവിന്‍റെ ഹർജി ജൂലൈ 3 നും ഹൈക്കോടതി സിംഗിൽ ബെഞ്ച് ജസ്റ്റിസ് കെ ബാബു പരിഗണിക്കും.

സി എം ആർ എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന് പകരമായാണ് വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പണം നൽകിയത് എന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. എന്നാൽ ഹർജിക്കാരന്റേത് വെറും ആരോപണം മാത്രമാണെന്നും അത് തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് വിജിലൻസ് കോടതി നേരത്തേ വ്യക്തമാക്കിയത്. മാത്യു കുഴൽനാടൻ ഹാജരാക്കിയ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം ഹൈക്കോടതി നോട്ടീസ് അയച്ചത് കേസിലെ സ്വഭാവിക നടപടി മാത്രമാണെന്ന് ഹര്‍ജിക്കാരനായ മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. കേസിൽ ആത്മവിശ്വാസ കുറവില്ല. തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഹർജിയിലെ ഹൈക്കോടതി ഇടപെടൽ സ്വാഗതാർഹമാണെന്നും മാത്യു കുഴൽനാടന്‍റെ നിയമ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
മാസപ്പടി കേസിൽ നിലവിൽ ഇഡി അന്വേഷണവും സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവും നടക്കുന്നുണ്ട്.












Click it and Unblock the Notifications