ഗിയർ തകരാർ കാരണം ബോട്ട് കടലിൽ കുടുങ്ങി; രക്ഷയായത് സഹതൊഴിലാളികൾ
കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ഗിയര്‍ തകരാര്‍ മൂലം പയ്യോളി വെള്ളിയാങ്കല്‍ ഭാഗത്ത് കുടുങ്ങിക്കിടന്ന മത്സ്യബന്ധന ബോട്ട് സുരക്ഷിതമായി പുതിയാപ്പ തീരത്ത് എത്തിച്ചു. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയൊഴിഞ്ഞു.
കണ്ട്രോള് റൂമില്‍ വിവരം കിട്ടിയ ഉടന്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഗോള്‍ഡന്‍ എന്ന രക്ഷാ പ്രവര്‍ത്തന ബോട്ട് പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രശ്നം കാരണം ബോട്ടിനടുത്ത് എത്താന്‍ സാധിച്ചിരുന്നില്ല. മത്സ്യ ബന്ധനം കഴിഞ്ഞ് തിരികെ വരുന്ന ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്തത്.
ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന് കുട്ടി, ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ രഞ്ജിനി, റസ്ക്യൂ ഗാര്ഡ്മാര് എന്നിവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് സുരക്ഷാ പ്രവര്‍ത്തനം വേഗത്തിലായത്. ബോട്ടില്‍ കുടുങ്ങിയ പത്ത് തൊഴിലാളികളും സുരക്ഷിതരാണെന്ന് ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.