ഷൈന്‍ ടോം ചാക്കോയ്ക്ക് കേരളത്തിന് പുറത്തുപോകാം
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവു നല്‍കി. കേരളത്തിന് പുറത്തു പോകാനുള്ള അനുമതി തേടി കഴിഞ്ഞദിവസം ഷൈന്‍ ടോം ചാക്കോ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഷൈനിന്റെ അപേക്ഷ പരിഗണിച്ച കോടതി ഒരു ദിവസത്തേക്കാണ് കേരളം വിട്ടുപോകാന്‍ അനുമതി നല്‍കിയത്.
കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലാകും മുന്‍പ് അഭിനയിച്ചുകൊണ്ടിരുന്ന 'വിശ്വാസം അതല്ലേ എല്ലാം' എന്ന ചിത്രത്തിന്റെ അവസാനഭാഗ ചിത്രീകരണത്തിനായാണ് നടന്‍ കേരളത്തിനു പുറത്തുപോകാന്‍ കോടതിയോട് അനുമതി ചോദിച്ചത്. എറണാകുളത്താണ് സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. തമിഴ്‌നാട് അതിര്‍ത്തിയിലെ ഉദുമല്‍ പേട്ടയിലാണ് അവസാന ഭാഗം ഷൂട്ട് നിശ്ചയിച്ചിരിക്കുന്നത്.

ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യണെന്ന വ്യവസ്ഥയിലാണ് നടന് ഇളവ് അനുവദിച്ചു കൊടുത്തിട്ടുള്ളത്. കൊക്കെയ്ന്‍ കേസില്‍ ജയിലിലായിരുന്നെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ നടനെ കാത്ത് ഒരു പിടി ചിത്രങ്ങളില്‍ അവസരങ്ങളുണ്ട്.
ജീവിതത്തിലെ ഏറ്റവും മോശം തീരുമാനങ്ങളാണ് തന്നെ ജയിലില്‍ എത്തിച്ചതെന്നാണ് ഷൈന്‍ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അനുസരണക്കേടിന്റെ ഫലമാണ് അനുഭവിച്ചത്. ഇനിമുതല്‍ പുകവലിക്കുകയോ മദ്യ കഴിക്കുകയോ ചെയ്യില്ലെന്നും ഷൈന്‍ പറഞ്ഞിരുന്നു. ഷൈന്‍ ചാക്കോ ഉള്‍പ്പെടെ അഞ്ചുപേരെയായിരുന്നു കൊക്കെയ്‌നുമായി കടവന്ത്രയിലെ ഫ് ളാറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications