കത്തിക്കയറി വെളിച്ചെണ്ണ, വില 500 കടന്നു, തേങ്ങയ്ക്കും ചിരട്ടയ്ക്കും കൊപ്രയ്ക്കും പൊന്നുംവില.!
തിരുവനന്തപുരം: സംസ്ഥാനത്ത് കത്തിക്കയറി വെളിച്ചെണ്ണ വില. സാധാരണക്കാരുടെ എന്നല്ല എല്ലാ വിഭാഗം ജനങ്ങളുടേയും കുടുംബ ബജറ്റ് താളം തെറ്റിച്ച് കൊണ്ടാണ് വെളിച്ചെണ്ണ വില കുതിക്കുന്നത്. ചില്ലറ വിപണിയില്‍ ഇന്ന് ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില 525 രൂപയാണ്. നാളികേര ഉല്‍പാദനം കുറഞ്ഞതും നാളികേരത്തിനും കൊപ്രയ്ക്കും വില കൂടിയതുമാണ് വെളിച്ചെണ്ണ വില കുതിച്ചുയരാന്‍ കാരണമായത്.
കിലോയ്ക്ക് 71 മുതല്‍ 80 വരെയാണ് നാളികേരത്തിന്റെ മൊത്തവില. ചില്ലറ വില്‍പന ഇതിലും കൂടുതലാണ്. ചിരട്ടയ്ക്കും വില കൂടിയിട്ടുണ്ട്. ജൂണ്‍ 24 നാണ് വെളിച്ചെണ്ണ വില ലിറ്ററിന് 400 രൂപ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്. കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ (ജൂലൈ 24) 125 രൂപയാണ് വെളിച്ചെണ്ണയ്ക്ക് കൂടിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ രണ്ടിരട്ടിയിലേറെയാണ് വെളിച്ചെണ്ണ വില കൂടിയത്.

അതേസമയം ചില്ലറ വിപണിയിലെ വിലക്കയറ്റം കാരണം സപ്ലൈകോ അടക്കമുള്ള പൊതുവിപണിയില്‍ വെളിച്ചെണ്ണ വില്‍പന പൊടിപൊടിക്കുകയാണ്. സപ്ലൈകോ സ്‌റ്റോറുകളില്‍ 350 രൂപയോളമാണ് വെളിച്ചെണ്ണയുടെ വില. എന്നാല്‍ കഴിഞ്ഞ മാസം 277 രൂപയ്ക്ക് കൊടുത്തിരുന്ന വെളിച്ചെണ്ണയാണ് സപ്ലൈകോയില്‍ 350 രൂപയ്ക്ക് കൊടുക്കുന്നത്. അതേസമയം കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള ശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നുണ്ട്. സപ്ലൈക്കോയില്‍ സ്‌റ്റോക്ക് പരിമിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും എന്നും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയില്‍ വില്‍ക്കാനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഓണം അടുത്തിരിക്കെ വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വില പിടിവിട്ട് കുതിക്കുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്. അതിനിടെ വില വര്‍ധിച്ചതോടെ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വില്‍പനയും കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വെളിച്ചെണ്ണയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയിരുന്നു.
വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും ഓപ്പറേഷന്‍ ലൈഫ് എന്ന പേകില്‍ ആണ് മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന്‍ നാളികേര നടത്തിയത്. സംസ്ഥാനത്ത് 980 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. ഗുണനിലവാരത്തില്‍ സംശയമുണ്ടെങ്കില്‍ 1800 425 1125 എന്ന നമ്പറില്‍ വിവരം അറിയിക്കാം.












Click it and Unblock the Notifications