'ബിജെപി ഭരിക്കുന്ന 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും'; സമരം കേരളത്തിന്റെ അതിജീവനത്തിന്'; മുഖ്യമന്ത്രി
ഡൽഹി: കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തെരെഞ്ഞെടുക്കേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്‍റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ളതല്ല എന്‍ഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവര്‍മെന്‍റ് സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം. അത്തരം നടപടികള്‍ക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയര്‍ത്തുന്നത്. ഇതിന് വ്യാപകമായ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്.
അവഗണനയുടെ അനേകം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ബദല്‍ മാര്‍ഗങ്ങള്‍ ഉയര്‍ത്തി അതിജീവനത്തിന് കേരളം ശ്രമിക്കുകയാണ്. എന്നാല്‍ അത്തരം അതിജീവനം പോലും പൊറുപ്പിക്കില്ല എന്ന വാശിയോടെ കേന്ദ്രം പ്രതികാര മനോഭാവം തുടരുന്നു. ഈ സാഹചര്യത്തില്‍, സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ രാജ്യത്തിന്‍റെയാകെ ശ്രദ്ധയില്‍ കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാരിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താനാണ് സംസ്ഥാനത്തിന് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടിവരുന്നത്.
പ്രളയങ്ങളും മഹാമാരികളും ആഞ്ഞടിച്ചപ്പോഴും ഉലയാതെ നിന്നു പൊരുതിയ ചരിത്രമാണ് കേരളത്തിന്‍റേത്. മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി ഓരോ പ്രതിസന്ധിയും ഞങ്ങള്‍ മറികടന്നു. രാജ്യത്തിനു തന്നെ അഭിമാനകരമായ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കി.
എന്നാല്‍ മികവില്‍ നിന്നും കൂടുതല്‍ മികവിലേയ്ക്ക് പോകാന്‍ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയങ്ങളുടേയും മഹാമാരിയുടേയും ഘട്ടങ്ങളില്‍ അര്‍ഹമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു പകരം ആവശ്യങ്ങളോട് മുഖം തിരിക്കുക മാത്രമല്ല, അവയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഹൃദയശൂന്യതയോടുള്ള പ്രതിഷേധം കൂടിയാണ് നാളെ നടക്കുന്ന സമരം.
ഇന്ത്യയുടെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ ശക്തമായ കേന്ദ്രവും ശാക്തീകരിക്കപ്പെട്ട സംസ്ഥാനങ്ങളും അനിവാര്യമാണ്. ഈ വലിയ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഡല്‍ഹിയില്‍ കേരളം സംഘടിപ്പിക്കുന്ന പരിപാടി. ഇതിന് ജനാധിപത്യവിശ്വാസികളായ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുകയാണ്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications