കോയമ്പത്തൂര്‍ അപകടം: ഉറങ്ങി എണീക്കുമ്പോള്‍ വീട്ടിലെത്താമെന്ന് കരുതി... വഴിമധ്യേ കാത്തിരുന്നത് മരണം
പാലക്കാട്: രാത്രി ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നു. രാവിലെ എറണാകുളത്ത് എത്തും. ഒന്ന് ഉറങ്ങി എണീക്കുമ്പോള്‍ നാട്ടിലെത്താം എന്നു കരുതിയാണ് അവര്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കയറിയത്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് കയറുന്ന അവിനാശിയില്‍ മരണം കാത്തിരിക്കുന്നുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും അടക്കം ബസിലുണ്ടായിരുന്ന 20 പേര് മരിച്ചു. 23 പേര് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം എന്നതിനാല്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. കേരള രജിസ്ട്രേഷനിലുള്ള കണ്ടൈനര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. കേരളത്തില്‍ നിന്ന് ടൈല്‍സുമായി പുറപ്പെട്ടതായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ബസിന്റെ വലതുഭാഗത്താണ് ലോറി ഇടിച്ച് കയറിയത്. സീറ്റുകള്‍ തെറിച്ചുപോയി.
48 പേരാണ് ബസിലുണ്ടായിരുന്നത്. പത്ത് പേര് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പത്ത് പേര് പിന്നീടും. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലയിലുള്ളവരാണ് ബസിലുണ്ടായിരുന്നതെന്ന് കരുതുന്നു. 25 പേര് എറണാകുളത്തേക്കും 19 പേര് തൃശൂരിലേക്കും നാലുപേര്‍ പാലക്കാട്ടേക്കുമാണ് റിസര്‍വ് ചെയ്തിരുന്നത്.
ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍
കഴിഞ്ഞ 17നാണ് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ബസ് പുറപ്പെട്ടത്. തൊട്ടടുത്ത ദിവസം തിരിക്കേണ്ടതായിരുന്നു. എന്നാല്‍ റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം വൈകിയാണ് പുറപ്പെട്ടത്. 19ന് രാത്രി പുറപ്പെട്ട ബസ് പുലര്‍ച്ചെ മൂന്നരയോടെ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ഇരയായി.
പല യാത്രക്കാരുടെയും മൃതദേഹങ്ങള്‍ ചിഹ്നഭിന്നമായിരുന്നു. അപകടത്തില്‍ തകര്‍ന്ന ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പലരുടെയും പരിക്ക് ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍. മൃതദേഹങ്ങള്‍ അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.