കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിൽ കുറച്ച് കാലമായി തമ്പുരാൻ ഭരണമാണല്ലോ; ;ചോദ്യം ചോദിച്ചാൽ കുത്തിതിരുപ്പും രാജ്യദ്രോഹവും'

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് രോഗികളുടെ ടെലിഫോണ്‍ വിവരം ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. കോണ്ടാക്ട് ട്രെയ്‌സിംഗിനായി നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കോള്‍ ഡീറ്റേയില്‍സ് ശേഖരിക്കുന്നതെന്നും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഈ രീതിയില്‍ വിവര ശേഖരണം നടത്താന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിടി ബൽറാം എംഎൽഎ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സർക്കാരിനോ പോലീസിനോ അധികാരമില്ല

സർക്കാരിനോ പോലീസിനോ അധികാരമില്ല

കോവിഡ് പ്രതിരോധത്തിന് എന്ന പേരിൽ രോഗികളായവരുടെ കോൾ ഡീറ്റയിൽസ് പോലീസ് ശേഖരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ ഏതെങ്കിലും വ്യക്തിയുടെ കോൾ ഡീറ്റയിൽസ് റെക്കോഡ്സ് തോന്നിയപോലെ പരിശോധിക്കാൻ നിയമപ്രകാരം സർക്കാരിനോ പോലീസിനോ അധികാരമില്ല. ഇതിനെ സംബന്ധിച്ച് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. സിആർപിസി സെക്ഷൻ 92, ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റ് സെക്ഷൻ 5(2), ഇന്ത്യൻ ടെലിഗ്രാഫ് ഭേദഗതി ചട്ടം 419 (A) എന്നിവയുടെ ഒക്കെ അടിസ്ഥാനത്തിൽ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് മാത്രമേ ഏതെങ്കിലും വ്യക്തിയുടേയോ വിഭാഗങ്ങളുടേയോ കോൾ വിവരങ്ങൾ എടുക്കാൻ അനുവാദമുള്ളൂ.

ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല

ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല

കേന്ദ്രത്തിലേയോ സംസ്ഥാനങ്ങളിലേയോ ആഭ്യന്തര വകുപ്പ് സെക്രട്ടറി തലത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ മുൻകൂർ അനുമതി നേടാൻ കഴിയാതെ വന്നാൽ നിയമ പരിപാലന ഏജൻസിയുടെ തലവൻ്റെയോ തൊട്ട് താഴെയുള്ളയാളുടേയോ അനുമതിയോടെ വിവരശേഖരണം നടത്താവുന്നതാണെന്ന് ചട്ടങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം മൂന്ന് ദിവസത്തിനകം ഉചിതമായ അധികാര കേന്ദ്രത്തെ അറിയിക്കുകയും ഏഴ് ദിവസത്തിനുള്ളിൽ അനുമതി നേടിയെടുക്കുകയും വേണം. ഇവിടെ ഡിജിപിയുടെ പ്രത്യേക ഉത്തരവ് പ്രകാരം CDR ശേഖരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും അതിന് ആഭ്യന്തര സെക്രട്ടറിയുടെ ഒദ്യോഗികാനുമതി ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

നിയമപരമായി അനുവാദമുള്ളൂ

നിയമപരമായി അനുവാദമുള്ളൂ

അനുമതി എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാത്തത് മാത്രമല്ല പ്രശ്നം. ഏതെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് CDR അടക്കമുള്ള വിവരങ്ങൾ ശേഖരിക്കാൻ തന്നെ ആർക്കും അനുവാദമില്ല. ഭാരതത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുക, നാടിൻ്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഇതര രാജ്യങ്ങളുമായി സുഹൃദ്ബന്ധം നിലനിർത്തുക, ക്രമസമാധാനം നിലനിർത്തുക, ഏതെങ്കിലും കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനെ തടയുക എന്നിങ്ങനെയുള്ള ഗുരുതരമായ കാര്യങ്ങൾക്കായാണ് CDR അടക്കമുള്ള വിവരങ്ങൾ ശേഖരിക്കാൻ ആർക്കായാലും നിയമപരമായി അനുവാദമുള്ളൂ.

ഇവിടെ ഉയരുന്ന ചോദ്യം

ഇവിടെ ഉയരുന്ന ചോദ്യം

കോവിഡ് രോഗം ആ നിലയിലുള്ള ഒരു കുറ്റകൃത്യമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. കോവിഡ് എന്നല്ല ഒരു രോഗവും കുറ്റകൃത്യമാണെന്ന് ആധുനിക ലോകത്ത് ആർക്കും പറയാൻ കഴിയില്ല. നിയമസഭയിൽ ചർച്ച ചെയ്യാതെ വിജ്ഞാപനം വഴി നടപ്പിൽ വരുത്തിയ എപ്പിഡമിക് നിയമ ഭേദഗതി പ്രകാരവും കേവലം രോഗിയായ ഒരാളെ കുറ്റവാളിയായി മുദ്രകുത്താനാകില്ല. ഒരാൾ മനപൂർവ്വം രോഗം പരത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ മാത്രമേ അയാളെ സംശയത്തിൻ്റെ ദൃഷ്ടിയിൽ കൊണ്ടുവരാൻ കഴിയുകയുള്ളൂ. അപ്പോൾപ്പിന്നെ എന്തടിസ്ഥാനത്തിലാണ് കുറ്റവാളികളെ നേരിടാനുപയോഗിക്കുന്ന നിയമങ്ങളും അതിലെ പഴുതുകളും ഈയൊരു സാഹചര്യത്തിൽ ഉപയോഗിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശ്യശുദ്ധിയുടെ പേര് പറഞ്ഞ് ന്യായീകരിക്കാൻ കഴിയാത്ത വിധം ഗുരുതരമായ ഒരു പൗരാവകാശ ലംഘമാണ് കേരള പോലീസ് ഇപ്പോൾ നടത്തി വരുന്നത്. ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ അധികാര ദുർവ്വിനിയോഗമാണ് ഇത്. ടെലഗ്രാഫ് ആക്റ്റ് പ്രകാരം മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ് ഈ ഫോൺ ചോർത്തൽ.

സാമാന്യബുദ്ധിയുള്ളവർക്ക് കഴിയില്ല

സാമാന്യബുദ്ധിയുള്ളവർക്ക് കഴിയില്ല

കോൾ ഡീറ്റയിൽസ് വച്ച് കോൺടാക്റ്റ് ട്രേസിംഗ് ഫലപ്രദമായി നടക്കുമെന്ന പോലീസ് വാദവും കണ്ണടച്ച് വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ളവർക്ക് കഴിയില്ല. കുടുംബാംഗങ്ങളെ മാറ്റിനിർത്തിയാൽ, നേരിട്ട് സമ്പർക്കം ഉണ്ടാവാൻ സാധ്യതയുള്ളവരെയല്ലല്ലോ സാധാരണ ആരും ടെലിഫോണിൽ കോൺടാക്റ്റ് ചെയ്യാൻ ശ്രമിക്കാറുള്ളത്. പലരുടേയും പേരിലുള്ള നമ്പർ അവർ തന്നെയായിരിക്കണമെന്നില്ല ഉപയോഗിക്കുന്നത്. സ്ത്രീകളും പെൺകുട്ടികളുമൊക്കെ ഉപയോഗിക്കുന്ന നമ്പറുകൾ പലതും വീട്ടിലെ പുരുഷന്മാരുടെ പേരിൽ ആയിരിക്കും രജിസ്റ്റർ ചെയ്തിട്ടുള്ളത്. പേര് നോക്കി കോൾ ഡീറ്റയിൽസ് എടുക്കാൻ തുടങ്ങിയാൽ പലരുടേയും വ്യക്തിപരമായ സ്വകാര്യതകളിലേക്കായിരിക്കും പോലീസ് കണ്ണ് ഒളിഞ്ഞുനോട്ടം നടത്തുന്നത്.

ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നം

ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നം

അസാധാരണ കാലഘട്ടങ്ങളിലെ അസാധാരണ നടപടികൾ എന്നതാണ് ഇത്തരം ഓരോ നീക്കത്തിനും സർക്കാർ നൽകുന്ന ഏക നീതീകരണം. എന്നാൽ പൗരൻ്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിനും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിനും ഇതുപോലുള്ള ന്യായങ്ങൾ ഭരണകൂടങ്ങൾക്ക് അനുവദിച്ചു നൽകാമോ എന്നത് ഗൗരവമേറിയ ഒരു രാഷ്ട്രീയ പ്രശ്നം തന്നെയാണ്. ഒരിക്കൽ അംഗീകരിച്ചു നൽകിയാൽ ഈ വക ന്യായങ്ങൾ എവിടം വരെ എത്തി നിൽക്കും എന്നതിന് ഒരുപാട് അനുഭവങ്ങൾ ലോകത്തിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ഉയർന്ന ജനാധിപത്യ ബോധമുള്ള സമൂഹങ്ങൾ ഇത്തരം കാര്യങ്ങളിൽ കൃത്യമായ ചില അതിർവരമ്പുകൾ വരക്കാറുമുണ്ട്. കേരളം പിന്നെ കഴിഞ്ഞ കുറച്ചു കാലമായി തമ്പുരാൻ ഭരണത്തിലായതു കൊണ്ട് ഇതുപോലുള്ള സംശയങ്ങളുയർത്തുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതുമൊക്കെ കുത്തിത്തിരിപ്പും സംസ്ഥാന ദ്രോഹവുമൊക്കെയായി വിധിയെഴുതുമെന്ന് മാത്രം.!

English summary
Collecting telephone information of covid patients; VT Balram against the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X