ഒരു ദിവസം സമയം; മൂന്നാര്‍ പ്ലംജൂഡി റിസോര്‍ട്ട് അടച്ചുപൂട്ടല്‍ നടപടി ആരംഭിച്ചു
ഇടുക്കി: മൂന്നാര്‍ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നടപടി ആരംഭിച്ചു. അപകട ഭീഷണിയെ തുടര്‍ന്നാണ് ജില്ലാകളക്ടര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. അടച്ചുപൂട്ടിയില്ലെങ്കില്‍ പോലീസ് നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അടച്ചുപൂട്ടുന്നതിന് 24 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞു പോകുന്നതിനായിട്ടാണ് സമയം അനുവദിച്ചിരിക്കുന്നത്. പാറയിടിയുന്നതുള്‍പ്പെടെ ദുരന്ത സാധ്യത ഏറെയുള്ള സ്ഥലത്താണ് റിസോര്‍ട്ട് എന്ന് കാണിച്ച് റവന്യൂ വകുപ്പ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പ്ലംജൂഡി റിസോര്‍ട്ട് ഹര്‍ജി നല്‍കിയിരുന്നു. അപകടകരമായ നിലയിലായതിനാല്‍ പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കിയിരുന്നു. റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്.












Click it and Unblock the Notifications