യൂട്യൂബ് ഡയറ്റ് പിന്തുടര്‍ന്നു; കണ്ണൂരില്‍ ആമാശയം ചുരുങ്ങി ബിരുദ വിദ്യാര്‍ഥിനി മരിച്ചു
കണ്ണൂര്‍: യൂട്യൂബിലെ അശാസ്ത്രീയമായ ഡയറ്റ് പിന്തുടര്‍ന്ന് ഭക്ഷണത്തില്‍ കടുത്ത നിയന്ത്രണം വരുത്തിയ പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് ദാരുണമായ സംഭവമുണ്ടായത്. കൂത്തുപറമ്പ് മെരുവമ്പായി കൈതേരിക്കണ്ടി വീട്ടില്‍ ശ്രീനന്ദയാണ് ശരീരം ശോഷിച്ച് മരിച്ചത്. 18 വയസായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തലശേരി ആശുപത്രിയിലാണ് ഇന്നലെ മരണം സംഭവിച്ചത്. മതിയായ അളവില്‍ ഭക്ഷണം കഴിക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്രീനന്ദ. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രീനന്ദ തനിക്ക് വണ്ണം കൂടുതലാണെന്ന ചിന്തയിലാണ് ഡയറ്റ് ആരംഭിച്ചത്.

വണ്ണം കുറയ്ക്കാന്‍ യൂട്യൂബിലെ ഡയറ്റാണ് ശ്രീനന്ദ പിന്തുടര്‍ന്നിരുന്നത്. പേരിനു മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണം കഴിക്കാതിരുന്ന് അവശത അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടി ആദ്യം ചികില്‍സ തേടിയിരുന്നു. എന്നാല്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്രീനന്ദയുടെ ജീവന്‍ നിലനിര്‍ത്തി വന്നിരുന്നത്. ഇതിനിടെ ആര്യോഗ നില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. അതേസമയം ഏത് യൂട്യൂബാണ് പെണ്‍കുട്ടി പിന്തുടര്‍ന്നിരുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല.
ശ്രീധരനാണ് ശ്രീനന്ദയുടെ അച്ഛന്‍. അമ്മ: എം. ശ്രീജ (മെരുവമ്പായി എം.യു.പി സ്‌കൂള്‍ ജീവനക്കാരി). സഹോദരന്‍: യദുനന്ദ്.












Click it and Unblock the Notifications