കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാനിരിക്കുന്നത് ഇടത് മുന്നേറ്റത്തിന്‍റെ കാലം: ബിഹാർ നല്‍കുന്ന പാഠങ്ങള്‍- എസ് കെ സജീഷ്

Google Oneindia Malayalam News

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച 3 ഇടതുപാർട്ടികള്‍ക്കും കൂടി മികച്ച വിജയമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. 19 സീറ്റില്‍ മത്സരിച്ച സിപിഐ-എംഎല്‍ 12 സീറ്റിലും 6 സീറ്റില്‍ മത്സരിച്ച സിപിഐ, 4 സീറ്റില്‍ മത്സരിച്ച സിപിഎം എന്നീ കക്ഷികള്‍ 2 വീതം സീറ്റുകളിലും വിജയിച്ചു. കോണ്‍ഗ്രസിന്‍റെ പ്രകടനം കൂടുതല്‍ ദയനീമായപ്പോള്‍ ഇടതുപാർട്ടികൾ നടത്തിയ ഈ മുന്നേറ്റം ദേശീയ തലത്തില്‍ തന്നെ ഇടത് രാഷ്ട്രീയത്തിന് വലിയ ഊർജ്ജമാണ് നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ ബിഹാറിലെ ഇടത് മുന്നേറ്റത്തിന്‍റെ കാരണങ്ങള്‍, ദേശീയ പ്രസക്തി തുടങ്ങിയ വിഷയങ്ങളില്‍ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായ എസ് കെ സജീഷ്.

ബിഹാറിലെ ഇടത് മുന്നേറ്റത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ്

ബിഹാറിലെ ഇടത് മുന്നേറ്റത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ്

ഇടതുപക്ഷ രാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ബിഹാറിലേത്. മുന്‍ കാലങ്ങളില്‍ പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ ഇടതുപാർട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് ജാതി-വർഗീയ രാഷ്ട്രീയത്തിന്‍റെ അതിപ്രസരത്തിന് മുന്നില്‍ ഇടത് പാർട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടാന്‍ കഴിയാതെ പോയി എന്നത് യാഥാർത്ഥ്യമാണ്. എന്നിരുന്നാലും അടിത്തട്ടിലെ സ്വാധീനം നഷ്ടപ്പെട്ടിരുന്നില്ല. അത് വ്യക്തമാക്കുകയാണ് ഇത്തവണത്തെ ബിഹാർ തിരഞ്ഞെടുപ്പ് ഫലം. 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപാർട്ടികള്‍ 16 സീറ്റിലും വിജയിച്ചു. എന്‍ഡിഎ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരായി കൃത്യമായ രാഷ്ട്രീയം ഉയർത്തിയാണ് ഇടതുപക്ഷം ബിഹാറില്‍ ഈ മികച്ച വിജയം നേടിയത്.

കാർഷിക ബില്ലുകള്‍ പോലുള്ള നടപടികളിലുടെ കർഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരായി അതിശക്തമായ സമര-പ്രക്ഷോഭ പരിപാടികളുമായി ഇടതു പാർട്ടികള്‍ സജീവമായി രംഗത്തുണ്ടായുന്നു. കർഷകരും ദളിതുകളും ഉള്‍പ്പടേയുള്ള പിന്നോക്ക വിഭാഗങ്ങള്‍ നേരിടുന്ന ഏതൊരു പ്രശ്നവും അഭിസംബോധന ചെയ്യാന്‍ ഇടതുപാർട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. ആർഎസ്എസിന്റേയും കോർപ്പറേറ്റുകളുടേയും സഹായത്തോടെ ബിജെപി പണമൊഴുക്കിയുള്ള പ്രചാരണം നയിച്ചപ്പോൾ ഇതിനെതിരെ ഇടത് പാർട്ടികൾ നടത്തിയ ചിട്ടയായ പ്രവർത്തനവും ഗുണം ചെയ്തു.സ്വന്തം മണ്ഡലത്തില്‍ മാത്രമല്ല സഖ്യത്തിലെ മറ്റ് സ്ഥാനാർത്ഥികള്‍ മത്സരിച്ച മണ്ഡലങ്ങളിലും ഈ പ്രവർത്തനം ഗുണം ചെയ്തു.

ബിഹാറിലെ മുന്നേറ്റം ദേശീയ തലത്തില്‍ എങ്ങനെയാണ് ഇടതുപാർട്ടികള്‍ക്ക് കരുത്താവുക

ബിഹാറിലെ മുന്നേറ്റം ദേശീയ തലത്തില്‍ എങ്ങനെയാണ് ഇടതുപാർട്ടികള്‍ക്ക് കരുത്താവുക

ഇടതു പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന പാർട്ടികളുടെ സാന്നിധ്യം വർത്തമാനകാല ഇന്ത്യയില്‍ വലിയൊരു ജനവിഭാഗം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള തെളിവ് കൂടിയാണ് ബിഹാറിലെ മികച്ച വിജയം. അധികാരം പങ്കിടുക എന്ന രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നില്ല ബിഹാറില്‍ ഇടതുപാർട്ടികള്‍ മഹാസഖ്യത്തിന്‍റെ ഭാഗമായത്. എന്‍ഡിഎയും അതിനെ നയിക്കുന്ന ബിജെപിയും മുന്നോട്ട് വെക്കുന്ന വിഭജന രാഷ്ട്രീയത്തിന് പ്രതിരോധം തീർക്കുക എന്നതായിരുന്നു പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ബിഹാറിലെ മികച്ച പ്രകടനം തീർച്ചയായും ഇടത്പാർട്ടികള്‍ക്ക്, അതോടൊപ്പം ഇടത് രാഷ്ട്രീയത്തിന് ദേശീയ തലത്തില്‍ കൂടുതല്‍ പ്രാധാന്യവും നല്‍കുന്നു.

കേരളവും ബംഗാളും ത്രിപുരയും മാറ്റിനിർത്തിയാലും രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ സിപിഎം പ്രതിനിധികള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചു വന്നിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലാണ് പാർട്ടിക്ക് നിലവില്‍ എംഎല്‍എമാർ ഉള്ളത്. പിരിച്ചുവിട്ട ജമ്മു കശ്മീര്‍ നിയമസഭയിലും പാര്‍ട്ടിക്ക് ഒരു സീറ്റ് ഉണ്ടായിരുന്നു. കേവലം തിരഞ്ഞെടുപ്പ് വിജയം എന്നതിലുപരി അവിടങ്ങളില്‍ ഇടതുപക്ഷം കാലാകാലങ്ങളായി നടത്തിവരുന്ന പ്രവർത്തനങ്ങള്‍ കൂടി നാം നോക്കികാണേണ്ടതുണ്ട്.

ഉദാഹരണമായി ഹിമാചല്‍പ്രദേശ് നിയമസഭയിലെ ഏക സിപിഎം അംഗം രാകേഷ് സിംഗയെ എടുക്കാം. രാഷ്ട്രപിതാവ് ഗാന്ധിജിയായ രാജ്യത്ത് രാഷ്ട്രമാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിമാചല്‍ നിമയസഭയില്‍ പ്രമേയം കൊണ്ടുവരുന്നത് കോണ്‍ഗ്രസാണ്. ഭരണകക്ഷിയായ ബിജെപി പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അന്ന് ആ നിയമസഭയില്‍ ഉയർന്നുകേട്ട ഒരേയൊരു എതിർശബ്ദം സിപിഎം അംഗമായ രാകേഷ് സിംഗയുടേതാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ വെല്ലുവിളിക്കുന്ന ആ പ്രമേയം കൊണ്ടുവന്നത് കോണ്‍ഗ്രസും എതിർത്തത് സിപിഎം ആണെന്ന് കൂടി ഓർക്കണം.

പിരിച്ചുവിടപ്പെട്ട കശ്മീർ നിയമസഭയിലെ സിപിഎം അഗമായിരുന്ന യുസഫ് തരിഗാമിയുടെ പ്രവർത്തനങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകർഷിച്ചത് നാം കണ്ടതാണ്. പൗരത്വ നിയമത്തിനെതിരായും സംസ്ഥാനത്തിന്‍റെയും പ്രത്യേക അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെതിരായും കശ്മീരില്‍ നിന്നും ഉയർന്നുവന്ന ശക്തമായ ശബ്ദം തരിഗാമിയുടേതായിരുന്നു. രാജസ്ഥാനിലും മഹാരഷ്ട്രയിലുമെല്ലാം പതിനായിരക്കണക്കിന് കർഷകരെ അണിനിരത്തിയുള്ള കർഷക പ്രക്ഷോഭങ്ങള്‍ ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ നടന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിന്‍റെ ഗുണം മറ്റ് പാർട്ടികള്‍ക്ക് കൂടി ലഭിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഭരണകൂടത്തിന്‍റെ വിലക്കുകുകള്‍ ലംഘിച്ച് ദില്ലിയിലെ തെരുവുകളില്‍ ഇടതുപക്ഷ നേതാക്കള്‍ സജീവമായിരുന്നു. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ, ബൃന്ദ കാരാട്ട്, തുടങ്ങിയവർ അറസ്റ്റ് വരിച്ചു. അറസ്റ്റ് വരിച്ച് ജയിലില്‍ പോയി വന്നതിന് ശേഷവും അവര്‍ സമരരംഗത്ത് വീണ്ടും സജീവമായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലും ദില്ലിയില്‍ സമരങ്ങള്‍ അരങ്ങേറി. ഇത്തരത്തില്‍ രാജ്യത്തിന്‍റെ മതേതര-ജനാധിപത്യ മുല്യങ്ങള്‍ കവർന്നെടുക്കാനുള്ള സംഘപരിവാറിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ഇടതുപാർട്ടികള്‍ സജീവമായി രംഗത്തുണ്ട്. ആ പോരാട്ടത്തില്‍ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആവേശം പകരുന്നതാണ്.

ബിഹാർ തിരഞ്ഞെടുപ്പ് ബംഗാളിലെ ഇടതുമുന്നേറ്റത്തിന് ഗുണകരമാവുമെന്ന് കരുതുന്നുണ്ടോ

ബിഹാർ തിരഞ്ഞെടുപ്പ് ബംഗാളിലെ ഇടതുമുന്നേറ്റത്തിന് ഗുണകരമാവുമെന്ന് കരുതുന്നുണ്ടോ

ബംഗാള്‍ തിരഞ്ഞെടുപ്പിനെ മാത്രമല്ല, രാജ്യത്ത് വരാനിരിക്കുന്ന മറ്റ് തിരഞ്ഞെടുപ്പുകളിലും ബിഹാറിലെ ഫലം ഇടതുകക്ഷികളുടെ പ്രകടത്തിൽ സ്വാധീനം ചെലുത്തും. മറ്റെവിടേയും എന്നത് പോലെ ബംഗാളിലും തീവ്ര ഹിന്ദുത്വ പ്രചാരണം പയറ്റി അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മമതയും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ബാംഗളില്‍ ഇത്തവണ ഇടതുപാർട്ടികള്‍ക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിക്കും. കേരളവും തമിഴ്നാടും ഉള്‍പ്പടെ വരാനിരിക്കുന്ന മറ്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടത് രാഷ്ട്രീയത്തിന്‍റെ പ്രസക്തി കൂടുതല്‍ വ്യക്തമാവുകയും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

എന്തുകൊണ്ടാണ് വോട്ടർമാരുടെ വിശ്വാസം ആർജ്ജിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോവുന്നത്

എന്തുകൊണ്ടാണ് വോട്ടർമാരുടെ വിശ്വാസം ആർജ്ജിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോവുന്നത്

അധികാരം പിടിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും മഹാസഖ്യത്തെ പിന്നോട്ട് അടുപ്പിച്ചതില്‍ പ്രധാനപ്പെട്ട ഒരു കാരണം കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാന്‍, അല്ലെങ്കില്‍ വോട്ടർമാരുടെ വിശ്വാസം ആർജ്ജിക്കാന്‍ അവർക്ക് കഴിയുന്നില്ല എന്നതാണ്. ജയിച്ചാല്‍ ജനപ്രതിനിധികൾ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമോ അതോ ബിജെപിയിലേക്ക് പോവുമോ എന്ന സംശയം എതൊരു വോട്ടറിലും ഉണ്ടാവുന്ന ഒരു അവസ്ഥ കോണ്‍ഗ്രസ് ഇന്ന് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നേതൃത്വത്തിന് പോലും ആരുടെ കാര്യത്തിലും ഉറപ്പ് പറയാന്‍ കഴിയുന്നില്ല. എഐസിസി സെക്രട്ടറി പോലും ഒരു സുപ്രഭാതത്തില്‍ ബിജെപിയിലെത്തുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ബിഹാറിലും അതിന് വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. വിജയിച്ച് വരുന്ന സ്ഥാനാർത്ഥികളെ മഹാരാഷ്ട്രയിലേക്കോ ജാർഖണ്ഡിലേക്കോ മാറ്റാനുള്ള നീക്കമാണ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അത്രത്തോളം ഒരു

സ്ഥാനാർത്ഥിയില്‍ പോലും വിശ്വാസം നേതാക്കൾക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. ജനങ്ങളിലും സ്വാഭാവികമായി ഈ അവിശ്വാസം ശക്തമായിരുന്നു.

കഴിഞ്ഞ തവണ 27 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസിന് 19 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 29 സീറ്റുകളില്‍ മത്സരിച്ച് 16 സീറ്റുകളില്‍ വിജയിച്ച ഇടതുപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്‍റെ വിജയ ശതമാനം ഏറെ ദയനീയമാണ്. ബിഹാറില്‍ മാത്രമല്ല കഴിഞ്ഞ ദിവസം ഫലം പുറത്ത് വന്ന വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടി നാം നോക്കികാണണം. ഒരിടത്തും കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. മധ്യപ്രദേശില്‍ 28 സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 26 സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടക്കാനിടയാക്കിയത് കോണ്‍ഗ്രസ് അംഗങ്ങളുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റമാണ്. ഈ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റു. ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 8 ഇടത്താണ് അവിടെ തിരഞ്ഞെടുപ്പ് നടന്നത്. എട്ടും കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടുമാറ്റം നടന്ന മണ്ഡലങ്ങള്‍. എട്ടിടത്തും അവർ തോറ്റു. ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റിടങ്ങളിലും കോൺഗ്രസ് പരാജയം രുചിച്ചു. വോട്ടർമാരുടെ വിശ്വാസം ആർജ്ജിക്കുന്നതില്‍ കോണ്‍ഗ്രസ് ഒരോ ദിനവും പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ബിഹാറില്‍ മഹാസഖ്യത്തെ ദുർബലപ്പെടുത്താന്‍ അങ്ങേയറ്റം വൃത്തിക്കെട്ട പല രാഷ്ട്രീയ അടവുകളും ബിജെപി പയറ്റി. ഒവൈസി അടക്കം ഇതിന്‍റെ ഭാഗമായിരുന്നു. മുസ്ലിം ലീഗും എസ്ഡിപിഐയും ആസാദും ഒരു ബ്ലോക്കായി നിന്നു. ഇവരെല്ലാം അന്തിമമായി ഗുണം ചെയ്തത് ബിജെപിക്കായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇതേ തരത്തിലുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂട്ടുപിടിച്ച്, ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇടത് സർക്കാറിനെതിരെ പോരാടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ അത് കേവലം വ്യഥാവ്യായാമം ആവുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല.

English summary
Coming days are of left parties; DYFI leader SK sajeesh about left party's win in bihar lection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X