ആർ ഘടകം ഉയർന്നില്ലെങ്കിൽ ആശങ്ക വേണ്ട, സംസ്ഥാനത്ത് 10 ദിവസം കൊണ്ട് കൊവിഡ് വ്യാപനത്തോത് കുറയും
തിരുവനന്തപുരം: രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി തുടരുന്നതിനിടെ കേരളത്തിന് ആശ്വാസ വാര്‍ത്ത. പത്ത് ദിവസം കൊണ്ട് സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയും എന്നാണ് സര്‍ക്കാരിന്റെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കൊവിഡ് വ്യാപനത്തിന്റെ തോത് കണക്ക് കൂട്ടുന്ന ആര്‍ ഘടകം ഈ ആഴ്ച വീണ്ടും ഉയരുന്ന സാഹചര്യം ഉണ്ടായില്ലെങ്കില്‍ രോഗവ്യാപന നിരക്ക് കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓണത്തിന് നല്‍കിയ ഇളവുകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ആര്‍ ഘടകം 2ലേക്ക് വരെ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ടായിരുന്നു. ആര്‍ ഘടകം എന്നത് ഒരു വ്യക്തിയില്‍ നിന്ന് എത്ര ആളുകളിലേക്ക് കൊവിഡ് വൈറസ് പകരും എന്ന് കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചകമാണ്. 1.5 ലേക്ക് വരെയാണ് ഈ ആഴ്ച സംസ്ഥാനത്ത് ആര്‍ ഘടകം ഉയര്‍ന്നത്. ആര്‍ ഘടകം രണ്ടിലേക്ക് ഉയരാതിരിക്കുകയാണ് എങ്കില്‍ കേരളത്തിന് ആശ്വാസത്തിന് വകയുണ്ട് എന്നാണ് വിലയിരുത്തപ്പെടുത്തത്

അതിനിടെ സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി. ചികിത്സയിലായിരുന്ന 21,610 പേര്‍ രോഗമുക്തി നേടി. 2,29,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,38,614 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Recommended Video
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മാത്രമല്ല സംസ്ഥാനത്ത് വാക്സിനേഷൻ ത്വരിതപ്പെടുത്തിയിരിക്കുകയാണ്. 73 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകാനായിട്ടുണ്ട്. 2,12,55,618 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 77,96,295 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,90,51,913 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.












Click it and Unblock the Notifications