വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി;വർധിപ്പിച്ചത് 12.50 രൂപ
രാജ്യത്ത് വീണ്ടും വാണിജ്യ സിലിണ്ടറിന് വില കൂട്ടി. 19 കിലോ സിലിണ്ടറിന് 10 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 12.50 രൂപയാണ് വർധിച്ചത്. 2840 രൂപയാണ് പുതിയ വില. കോഴിക്കോട് 2870 രൂപയും തിരുവന്തപുരത്ത് 2860 രൂപയുമാണ് പുതുക്കിയ വില. അതേസമയം ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് വിലയിൽ മാറ്റമില്ല.
ക്രൂഡ് വിലയെ അടിസ്ഥാനപ്പെടുത്തി മാസത്തിൻ്റെ തുടക്കത്തിലാണ് പാചക വാതക വില കമ്പനികൾ പരിഷ്കരിക്കാറുള്ളത്. തുടർച്ചയായ മൂന്നാം മാസമാണ് ഇപ്പോൾ വാണിജ്യ സിലിണ്ടറിന് വില ഉയർത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയ്ക്കും ജൂണിനും ഇടയിൽ വില 3113.50 രൂപയായിരുന്നു. പിന്നീട് രണ്ട് മാസം വില കുറഞ്ഞെങ്കിലും സപ്റ്റംബറിൽ വീണ്ടും വില ഉയർന്നു. സെപ്റ്റംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയുമാണ് കേരളത്തിൽ വർധിച്ചത്.

രാജ്യത്തിന് ആവശ്യമായ പകുതിയിലധികം എൽപിജിയും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എൽപിജി വിതരണത്തിയന്റെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാൻ - യുഎസ് സംഘർഷം കടുത്തതും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. കപ്പൽ ഗതാഗത സുരക്ഷ ചെലവ് വർധിച്ചതും ആഗോള ക്രൂഡ് വിലയിൽ ഉണ്ടായ വർധനവുമാണ് ഇപ്പോൾ പാചകവാതകെ വിലയെ സ്വാധീനിക്കുന്നത്.
അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തിയത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുതിച്ചുയരാൻ കാരണമാകും .കഴിഞ്ഞ മാസം വില ഉയർത്തിയതോടെ തന്നെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും തങ്ങളുടെ മെനുവിൽ വില കൂട്ടിയിരുന്നു. എൽപിജി വില വീണ്ടും ഉയർത്തിയതോടെ ഇനിയും വില കൂട്ടാൻ ഹോട്ടലുകൾ നിർബന്ധിതരായേക്കും.
വിമാന ഇന്ധന വിലയും ഉയർന്നു
വിമാന ഇന്ധനമായ എടിഎഫിന്റെ വിലയും ലിറ്ററിന് 1.37 രൂപ വർദ്ധിപ്പിച്ചു. ഇതോടെ വില 137.12 രൂപയിൽ നിന്ന് 138.50 രൂപയായി ഉയർന്നു. വിമാന ഇന്ധന വില തുടർച്ചയായ നാലാം മാസമാണ് വർധിപ്പിക്കുന്നത്. അവസാനമായി ഒക്ടോബർ ഒന്നിനായിരുന്നു വില ഉയർത്തിയത്. ലിറ്ററിന് 16 രൂപയാണ് വർധിപ്പിച്ചത്. സപ്റ്റംബറിൽ 6.28 രൂപയും ഓഗസ്റ്റിൽ 5 രൂപയും ഉയർത്തി.


Click it and Unblock the Notifications
