വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി; ഹോട്ടലുകൾകൾക് വൻ തിരിച്ചടി
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലകൂട്ടി. 62-65 രൂപ വരെയാണ് ഉയർത്തിയത്. ഇതോടെ രാജ്യതലസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2,810 രൂപയായി.മുംബൈ-2,701 രൂപ, കൊൽക്കത്തയിൽ- 2,982 രൂപ, ചെന്നൈ- 2,916.50 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.
അതേസമയം കൊച്ചിയിൽ വില 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. മാസത്തിൻ്റെ തുടക്കം തന്നെയുള്ള വർധനവ് ഹോട്ടലുകൾക്ക് വലിയ തിരിച്ചടിയാണ്. അതേസമയം ഗാർഹിക എൽപിജികൾക്ക് വില ഉയർത്തിയിട്ടില്ല.

സെപ്റ്റംബറിലും വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തിയിരുന്നു. 9.50 രൂപയാണ് വർധിപ്പിച്ചത്. ഓഗസ്റ്റിൽ വില കുറച്ചതിന് പിന്നാലെയാണ് വീണ്ടും വർധനവ് ഏർപ്പെടുത്തിയത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് ഇതോടെ കുതിച്ചുയരും .കഴിഞ്ഞ മാസം വില ഉയർത്തിയതോടെ തന്നെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും തങ്ങളുടെ മെനുവിൽ വില കൂട്ടിയിരുന്നു. എൽപിജി വില വീണ്ടും ഉയർത്തിയതോടെ ഇനിയും വില കൂട്ടാൻ ഹോട്ടലുകൾ നിർബന്ധിതരായേക്കും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് എൽപിജി വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, ഗ്യാസ് വിതരണം തടസപ്പെട്ടത് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സംഘർഷം രൂക്ഷമായ സമയത്ത് കടുത്ത പാചകവാതക പ്രതിസന്ധി തന്നെ രാജ്യത്ത് അനുഭവപ്പെട്ടിരുന്നു. സംഘർഷത്തെ തുടർന്ന് എണ്ണവില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബ്രൻ്റ് ക്രൂഡ് വില ബാരലിന് 108 ഡോളറായി. യു.എസ് ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ ബാരലിന് 96 ഡോളറായിരുന്നു.കഴിഞ്ഞ മാസം മാത്രം ബെൻ്റ് ക്രൂഡ് ഓയിൽ വിലയിൽ 16 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്.
സബ്സിഡി നിരക്കിൽ എൽപിജി ബുക്ക് ചെയ്യണമെങ്കിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധം
എൽപിജിക്ക് സബ്സിഡി ലഭിക്കണമെങ്കിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ തന്നെ സബ്സിഡി ലഭിക്കണമെങ്കിൽ ആധാർ പരിശോധന പൂർത്തിയാക്കണമെന്നതാണ് സർക്കാർ നിർദേശം. സിലിണ്ടർ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ വെച്ചോ അല്ലെങ്കിൽ എണ്ണക്കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയോ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ സാധിക്കും. ആധാർ വെരിഫിക്കേൽൻ പൂർത്തിയാക്കിയില്ലെങ്കിലും സിലിണ്ടർ ലഭ്യമാകും. എന്നാൽ സബ്സിഡി ലഭിക്കില്ല.


Click it and Unblock the Notifications
