ആളെ വലയ്ക്കുന്ന പരിപാടിയായിപ്പോയി, കുടുങ്ങിപ്പോയി.. ജനങ്ങള്‍ വണ്‍ ഇന്ത്യയോട് പ്രതികരിക്കുന്നു
ചിലരുടെ അഭിപ്രായത്തില്‍ ഇതൊരു പുകമറയാണ്. മറ്റ് ചിലര്‍ കരുതുന്നത് കുറച്ച് ബുദ്ധിമുട്ട് നേരിട്ടേക്കാമെങ്കിലും രാജ്യത്തിന് ഗുണകരമാണ് എന്നാണ് എന്നാണ്
തിരുവനന്തപുരം: കറന്‍സി നോട്ടുകളുടെ അപ്രതീക്ഷിത പിന്‍വലിക്കല്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ് എന്നത് സത്യമാണ്. ജനങ്ങള്‍ നെട്ടോട്ടത്തിലാണ്.
പലരും അതി ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുന്നുണ്ട്. കച്ചവടക്കാരാണ് കുടുങ്ങിയവരില്‍ വലിയൊരു വിഭാഗം. വലിയ നോട്ടുകള്‍ അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കാമെന്ന് കരുതിയിരുന്നവരെല്ലാം എന്ത് ചെയ്യും എന്ന ചിന്തയിലാണ്. എന്നാല്‍ സര്‍ക്കാരിന്റെ നീക്കത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരും ഉണ്ട്.
കേരളത്തിലെ ജനങ്ങള്‍ വണ്‍ ഇന്ത്യയോട് പ്രതികരിക്കുന്നു.

പുകമറ
ഇപ്പോള്‍ കാണിക്കുന്നതെല്ലാം ഒരു പുകമറയാണെന്നാണ് തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന റോബിന്‍ കുഞ്ചെറിയ പറയുന്നത്. കച്ചവടക്കാര്‍ക്ക് ഇത് സംബന്ധിച്ച് ഒരു ക്ലാരിറ്റിയും കിട്ടിയിട്ടില്ല. ഒരു ലക്ഷം രൂപയുടെ കച്ചവടം നടന്നാൽ എന്ത് ചെയ്യും. ഈ പണം എങ്ങനെ വാങ്ങിച്ച് വക്കും. കുറെ ചോദ്യങ്ങൾ ഉണ്ട്. എത്ര രൂപ വാങ്ങാാം എന്നൊക്കെ. കച്ചവടക്കാർ ആശങ്കയിലാണ്. സോഴ്സ് കാണിക്കുന്നത് എങ്ങനെ എന്നും പ്രശ്നമാണ്.

പ്രശ്നമാണ്
തിരുവനന്തപുരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ ബിജു പറയുന്നത് ഇങ്ങനെയാണ്- ഓട്ടോയിൽ കയറുന്നവർ 500 രൂപ തരികയാണ്. ചില്ലറ എവിടെ നിന്ന് കിട്ടും. പെട്രോൾ പമ്പിൽ ചെന്നാൽ 500 രൂപകയ്ക്ക് അടിക്കണമെന്നാണ് പറയുന്നത്.. പമ്പിൽ തല്ല് വരെ നടന്നു.പെട്ടന്ന് വന്ന തീരുമാനം സാധാരണക്കാരന് ബുദ്ധിമുട്ടായി

പെട്രോള്‍ പന്പ്
എല്ലാവരും 500 ഉം ആയിരവുമാണ് കൊണ്ട് വരുന്നത്, പലരും ഞങ്ങളോട് വഴക്കിടുന്നു. ചെയിഞ്ച് ഉണ്ടോ എന്ന് ചോദിച്ചിട്ടാണ് പലർക്കും പെട്രോൾ കൊടുക്കുന്നത്.. ഇന്നലെ രാത്രി മുതൽ ചീത്ത വിളി കേൽക്കുകയാണ്- പെട്രോള്‍ പന്പ് ജീവനക്കാരനായ ബിനീഷിന്‍റെ പരിവേദനം ഇങ്ങനെ ആണ്.

ചെറുകിട കട്ടവടക്കാര്‍
ആളുകള് 500 രൂപയുമായാണ് വരുന്നത്... ചെറുകിട കച്ചവടക്കാര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്... ഇനി എവിടെ നിന്ന് ചില്ലറ മാറും എന്ന് ഒരു നിശ്ചയവുമില്ല- ചെങ്കല്‍ ചൂളയിലെ സ്റ്റേഷനറി ഷോര്ര് ഉടമ കൃഷ്ണന്‍ പറയുന്നത് ഇങ്ങനെ ആണ്.

നല്ല തീരുമാനം
പുതിയതീരുമാനം വളരെ നല്ലതാണ്. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാകും. സിനിമ മേഖല കുറച്ച് കാലം പ്രതിസന്ധിയിലാകും. പക്ഷെ ഭാവിയിൽ അത് ഗുണകരമാകും. ടാക്സ് അടക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഈ തീരുമാനത്തെ അംഗീകരിക്കാനാകും. വലിയ തീരുമാനമാണ്- നിര്‍മാതാവായ ഷിബു ഗണേഷിന്‍രെ അഭിപ്രായം ഇങ്ങനെയാണ്.

ബുദ്ധിമുട്ടിയാലും
നല്ല തീരുമാനം... കോടികണക്കിന് രൂപ കള്ളപ്പണം കൈവശം വച്ചവരെ പിടികൂടാന് സഹായിക്കും... ആദ്യനാളുകളില് ബുദ്ധിമുട്ട് നേരിട്ടാലും പിന്നീട് എല്ലാം ശരിയായ്ക്കോളും എന്നാണ് അഖിലകേരള പുരാണ പാരായണ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധുസൂധനന് നായര്‍ പറയുന്നത്.

എന്ത് പറയണം
ഓട്ടോയില് കയറി രാവിലെ രണ്ടു സ്ത്രീകള് 500 രൂപ തന്നു... ഇനി ഓട്ടം മുടക്കി ഇത് മാറാന് ബാങ്കില് പോയി ക്യൂ നില്ക്കണം- ഓട്ടോ ഡ്രൈവറായ ശ്രീകുമാറിന്റെ അനുഭവം ഇങ്ങനെ ആയിരുന്നു.

ഇങ്ങനെയേ പറ്റൂ
രണ്ട് ദിവസം സാധാരണക്കാരന് ബുദ്ധമുട്ടുണ്ടാകുമെങ്കിലും നല്ല തീരുമാനമാണ്. നാടിന്റെ സാമ്പത്തിക വളർച്ചയിൽ വളരെ പുരോഗതി ഉണ്ടാകു. കടയിൽ ചില്ലറ മാറുന്നത് മാത്രമാണ് പ്രശ്നം. പക്ഷെ അത് കഴിഞ്ഞാൽ പ്രശ്നമില്ല- തിരുവനന്തപുരത്ത് ഹോട്ടല്‍ നടത്തുന്ന ആളാണ് ദിവാകരന്‍.

അദ്യം തന്നെ
മുന്‍കൂര്‍ അറിയിക്കേണ്ട തീരുമാനം ആയിരുന്നു... മെഡിക്കല്‍ ഷോപ്പില് ഇന്നു മുതല്‍ 500,1000 നോട്ടുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.. കാര്‍ഡ് സ്വൈപിംഗിലൂടെ മാത്രമേ ഇന്ന് കൂടുതല്‍ തുകയ്ക്കുള്ള മരുന്ന് വില്ക്കുന്നുള്ളു. വിഷയത്തില്‍ വ്യക്തത വരുന്നത് വരെ വലിയ നോട്ടുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്... മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ അജയ ഘോഷ് പറയുന്നത് ഇങ്ങനെയാണ്.

പ്രായോഗികത
അഭിജിത്, മാധ്യമ പ്രവർത്തകൻ
നല്ല തീരുമാനമെന്ന്‌പറയാമെങ്കിലും പ്രായോഗികമായി ഇത് നടപ്പിലാക്കാനാവുമൊഎന്നുകൂടി നോക്കണം. ഇപ്പോൾ തന്നെ പലയിടത്തും ചില്ലറയുടെ പേരിൽ അടി നടന്നു. പെട്ടന്നുള്ള ഈ തീരുമാനം ജനങ്ങൾക്ക് മനസിലായിട്ടില്ല. ആ അവ്യക്തത വലിയ സംഘർഷങ്ങൾക്ക് കാരണമാകും. ഭൂമിയുടെ വില കുറയും, വിവാഹ ആവശ്യത്തിനും ആശുപത്രി ആവശ്യത്തിനുമെല്ലാം പണം സൂക്ഷിച്ചവർ കുടുങ്ങും- മാധ്യമ പ്രവർത്തകനായ അഭിജിത്ത് പറയുന്നത് ഇങ്ങനെയാണ്

വീടിന് വേണ്ടി എടുത്ത ലോൺ
കൈയ്യിലുള്ള പൈസ ഇനി എന്തു ചെയ്യുമെന്നാണ് അറിയാത്തത്, വീട് വെയ്ക്കാന് ലോണെടുത്ത പണം കയ്യിലുണ്ട് പക്ഷേ അതുപയോഗിച്ച് വീടുപണിക്കുള്ള സാധനങ്ങള് വാങ്ങാന് പറ്റുമോ എന്ന അറിയില്ല- തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരിയായ ശ്യാമള ആശങ്കയിലാണ്

ഈ നെല്ലിക്കകൾ
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നെല്ലിക്ക വിൽക്കുന്ന ആളാണ് പൊടിയൻ. ഇന്ന് ഇതുവരെ കാര്യമായ ഒരു കച്ചവടവും നടന്നിട്ടില്ല.

അനില്‍കുമാര്‍ പറയുന്നു
ചിപ്സ് കച്ചവടക്കാരനാണ് അനില്‍കുമാര്‍. കടയില് വരുന്ന കസ്റ്റമേഴ്സിനോട് 500.1000 നോട്ട് ആണെങ്കില് എടുക്കില്ല എന്ന് ആദ്യമേ പറയേണ്ട സ്ഥിതിയാണ്. പാവപ്പെട്ട കച്ചവടക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയാണിത്- അനില്‍ കുമാര്‍ പറയുന്നു

തുഗ്ലക്ക് പരിഷ്കരണം
പ്രായോഗികമല്ലാത്ത തീരുമാനം. തുഗ്ലക് പരിഷ്കരണം പോലെയാണ് തോന്നുന്നത്. കള്ളപ്പാനം വെളിപ്പിക്കുകയും കള്ള നൊട്ട് പിടികൂടുകയുമല്ല പാക്കിസ്താൻ വിരുദ്ധത ആളി കത്തിക്കുകയാണ് മോദിയുടെ ലക്ഷ്യം. കള്ളപ്പണം പിടികൂടുമെന്നൊക്കെ പറയുന്നത് എന്ത് ലോജിക്കിലാണ്. നേരത്തെ പിടിച്ചെടുത്ത കള്ളപ്പണ വിഹിതം ഇപ്പോൾ എല്ലാവരുടെ അക്കൗണ്ടിലും എത്തിയല്ലൊ അല്ലെ... - മാധ്യമ പ്രവര്‍ത്തകനായ മനോജ് കെ പുതിയവിള ചോദിക്കുന്നു

ലല്ലു എസ് ശശിധരന്‍ പിള്ള
മാധ്യമ പ്രവര്‍ത്തകന്‍
നല്ല തീരുമാനമാണ്, പക്ഷേ ജനം മുഴുവന്‍ പാനിക് ആണ്. രണ്ട് ദിവസം എന്തൊക്കെ സംഭവിക്കുമെന്നറിയില്ല. സാധാരണക്കാരന്‍ വിരണ്ടിരിക്കുകയാണ്. രാവിലെ മുതല്‍ റെയില്‍ വേ സ്‌റ്റേഷനിലും പോസ്റ്റാഫിസിലും അടി തുടങ്ങി. ഏറ്റവും തിരക്കുള്ള സ്ഥലമാണ് റെയില്‍വേ സ്‌റ്റേഷന്‍. അവിടെ ചെന്ന് പണം മാറാനാണ് പറയുന്നത്. ജനം അവിടെ ആയിരവും അഞ്ഞുറുമായി ചെന്ന് ചില്ലറ മാറാന്‍ അടിയാണ്. പോസ്‌റ്റോഫീസ് അടച്ചു, പണമില്ലെന്ന് ബോര്‍ഡ് വച്ചു. പല സ്വകാര്യ ആശുപത്രികളിലും ഓപ്പറേഷന്‍ വരെ അവതാളത്തിലായി. ഇതിനൊക്കെ ആരു സമാധാനം പറയും. വല്ലാത്ത ചെയ്തായിപ്പോയി.

ശ്രീജിത്ത് സിവി, ഫോട്ടോഗ്രാഫര്‍
രാവിലെ റീചാര്‍ജ്‌ചെയ്യാന്‍ ചെന്നപ്പൊള്‍ ബിഎസ് എന്‍ എല്‍ ഓഫീസില്‍ നിന്ന് പറ്റില്ലെന്ന് പറഞ്ഞു. ചില്ലറ ഇല്ലെന്നാണ് അവര്‍ പറയുന്നത്. ചില്ലറ മാറാന്‍ പോസ്‌റ്റോഫിസില്‍ ചെന്നപ്പൊള്‍ അവിടെ ഇന്ന് പണമിടപാടില്ലെന്ന് ബോര്‍ഡ്. റെയില്‍ വേ സ്‌റ്റേഷ്‌നിലെ തിരക്ക് മൂലം അവിടെ കാലുകുത്താന്‍ വയ്യ. അത്യാവശ്യത്തിനു ഒരു കാള്‍ ചെയ്യാന്‍ എന്ത് ചെയ്യും. മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പ്രഖ്യാപനം സാധാരണക്കാരനെ വലക്കുന്ന തീരുമാനമാണ്.












Click it and Unblock the Notifications