'കേരളത്തിൽ മാത്രമാണ് വർഗീയത', ഇത്തവണ സംസ്ഥാനത്ത് ബിജെപി വലിയ പ്രതീക്ഷയിലെന്നും സുരേഷ് ഗോപി
കേരളത്തിൽ ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്ഥാനാർത്ഥികളുടെ മികവ് തന്നെയാണ് വിജയം നിശ്ചയിക്കുന്നത്. തൃശൂരിൽ ബിജെപിക്ക് ലഭിച്ചത് സുരേഷ് ഗോപിക്ക് ലഭിച്ച വോട്ട് കാരണമാണ്. അത് നിലവിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് നിലനിർത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഫ്സിആർഎയുമായി ബന്ധപ്പെട്ട് ഒരു ആശങ്കയുടേയും ആവശ്യവുമില്ലെന്നും കൃത്യമായി പണം കൈകാര്യം ചെയ്തവർ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങൾക്ക് ഒരു നിശ്ചയം ഉണ്ടായിട്ടുണ്ട് അത് മാറ്റത്തിന്റെ നിശ്ചയമാണ്, അത് പൂർണമായിട്ടും ബിജെപിക്ക് വലിയ തോതിൽ ഗുണം ചെയ്യും. ഭരണവിരുദ്ധ വികാരം എന്ന് പറയുമ്പോൾ പ്രതിപക്ഷത്തിന് ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് അവരെ സഹായിക്കാൻ സാധിച്ചില്ല എന്ന് പറയുന്ന രാഷ്ട്രീയ അവസ്ഥ ജനങ്ങളുടെ മനസ്സിലുണ്ട്. അതിനൊരു തിരുത്തെഴുത്തത് ഉണ്ടാകും. ഞങ്ങൾ ഇക്കുറി സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ്.ഇത്തവണ ആ പ്രതീക്ഷയ്ക്ക് വലിയ മതിപ്പുണ്ടാകും.

ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ആറ് നിയമസഭ മണ്ഡലങ്ങളിലും ബിജെപി മുന്നിട്ട് നിന്നത് 'സുരേഷ് ഗോപിക്ക്'കിട്ടിയ വോട്ടാണ്. ആ വോട്ട് നിലനിർത്താൻ ഇവർ ശ്രമിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിലും ഞാൻ ഇക്കാര്യം തന്നെയാണ് പറഞ്ഞത്. നിൽക്കുന്ന സ്ഥാനാർത്ഥികളടെ മികവ് തന്നെയാണ് പ്രധാനം. ഇവരെ ജയിപ്പിച്ചു വിട്ടാൽ ഇവരുടെ ജോലി എനിക്ക് ചെയ്യാൻ പറ്റില്ലല്ലോ.
എഫ്സിആർഎയുമായി ബന്ധപ്പെട്ട് ഒരു ആശങ്കയുടേയും ആവശ്യവുമില്ല. കള്ളന്മാര് ആശങ്കപ്പെടണം, ഭയക്കണം. എല്ലാം പറയുമ്പോൾ ഉടനെ ജാതീയമായിട്ട് അതിനെ എടുക്കുന്നത് എന്തിനാണ്. കേരളത്തിൽ മാത്രമാണ് വർഗീയത. കേരളം എന്ന് പറയുന്നത് എത്ര ശതമാനമാണ്? ഭൂമിയുടെ അളവെടുക്ക്? 80-82 ശതമാനം ക്രിസ്ത്യാനികൾ അല്ലാത്തവരാണ് എഫ്സിആർഎയുടെ പെർവ്യൂവിൽ വരുന്നത്. അങ്ങനെ ഒരു നിയമം വന്നാൽ ആരെയൊക്കെയാണ് ബാധിക്കുന്നത് എന്ന് മനസ്സിലായില്ലേ?
ഇനി ഇവരെല്ലാം കൃത്യമായി ഇതിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നത് എങ്കിൽ എന്തിന് പേടിക്കുന്നത്. ഒരു ബില്ല് വന്ന് അവതരിപ്പിച്ച് ചർച്ച നടക്കുന്നതിനു മുമ്പ് എന്തിനീ പൊല്ലാപ്പ്? ഭരണഘടന എന്ന് പറയുന്നത് സുതാര്യത ഉണ്ടെന്ന് എല്ലാവരും അംഗീകരിക്കുന്നു .ആ ഭരണഘടന പ്രകാരം നിയമങ്ങൾ കാലാകാലങ്ങളിൽ എല്ലാ തെറ്റുകളും സ്ക്വയർ ചെയ്തെടുക്കാൻ നമുക്ക് ഓരോ മാർഗങ്ങൾ കണ്ടെത്തിയാൽ മതിയാകും .കാരണം അങ്ങനെ പണം ദുർവി വിനിയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് ജനങ്ങളുടെ പണം തന്നെയാണ്. അത് ജനങ്ങളിൽ എത്തിക്കാൻ വേണ്ടി നിയമങ്ങളുടെ ഒരു പരിവർത്തനം അല്ലെങ്കിൽ നവോഥാനം സംഭവിച്ചുകൊണ്ടേയിരിക്കും. അതില്ലെങ്കിൽ ഭരണസംവിധാനം മുൻപോട്ട് കൊണ്ടുപോകാൻ ഒക്കത്തില്ല', സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications