സിപിഎമ്മും കോണ്‍ഗ്രസും ആദിവാസി,ഗോത്ര സമൂഹത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ബിജെപി
വടകര: പാവപ്പെട്ടവന്റെ പേരുപറഞ്ഞു അധികാരത്തിലേറുന്ന കമ്മ്യൂണിസ്റ്റ്കളും, ആറുപതിറ്റാണ്ട് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസുമാണ് ആദിവാസി,ഗോത്ര സമൂഹത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ബി ജെ പി ജില്ല പ്രസിഡന്റ് ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം വടകര പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയില്‍ വിശന്ന് വലഞ്ഞ മധു എന്ന ആദിവാസി യുവാവ് അല്പം ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ ഒരുകൂട്ടം മുനുഷ്യമൃഗങ്ങള്‍ തല്ലികൊന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും, പട്ടികജാതി വികസന വകുപ്പ് ,മന്ത്രി എ കെ ബാലനുമാണെന്ന്അദ്ദേഹം പറഞ്ഞു. നാളുകളോളം പട്ടിണികിടന്ന് വിശപ്പ് സഹിക്കാനാവാതെ ഒരുപിടി അരി മോഷ്ടിച്ചതിന്റെ പേരില്‍ വനവാസി യുവാവിനെ തല്ലിക്കൊന്ന നടപടിയില്‍ സാക്ഷര കേരളം ലജ്ജിക്കുകയാണ്.

വനവാസികളുടെ ക്ഷേമത്തിനായുള്ള അട്ടപാടി പ്രോജക്ടിന് മാത്രമായി ഈ അടുത്തകാലത്ത് ചിലവഴിച്ചത് രണ്ടായിരം കോടി രൂപയാണ്. എന്നിട്ടും വനവാസികളുടെ പട്ടിണിയും,പോഷകാഹാരക്കുറവും, ശിശുമരണവും നിയന്ത്രിക്കാന്‍ മാറിമാറി ഭാരിച്ച സംസ്ഥാന സര്‍ക്കറുകള്‍ക്കായില്ല. ത്രിപുരയും , മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബി ജെ പിക്കൊപ്പം നിന്നത് ഈ കാരണത്താലാണ് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. എം രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസി. ടി കെ പത്മനാഭാന്‍ , ദാസന്‍ പാലപ്പള്ളി(ജെ എസ് എസ് സംസ്ഥാന സെക്രട്ടറി), അഡ്വ. ജയകുമാര്‍ (ജെ എസ് എസ് ജില്ല പ്രസിഡന്റ്), കെ പി പ്രകാശന്‍ മാസ്റ്റര്‍, ജയപ്രകാശ് കായണ്ണ, സി പി ചന്ദ്രന്‍, പി എം അശോകന്‍, മുകുന്ദന്‍, ശ്യാംരാജ്, കടത്തനാട് ബാലകൃഷ്ണന്‍, അടിയേരി രവീന്ദ്രന്‍, രഖിലേഷ് അഴിയൂര്‍, ശ്രീകല എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications