കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സുഭദ്രാമ്മ തങ്കച്ചി അന്തരിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ചടയന്‍മുറിയുടെ ഭാര്യയും ആദ്യകാല കമ്മ്യൂണിസ്റ്റ്-മഹിളാ നേതാവുമായിരുന്ന സുഭദ്രാമ്മ തങ്കച്ചി (93) നിര്യാതയായി. തിരുവനന്തപുരം പേയാട്ടെ ഇളയ മകന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പ്രശാന്ത് നഗറിന് സമീപത്തെ ഐത്തടി ലെയിനിലെ മകളുടെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌ക്കാരം നടക്കും.

ആലപ്പുഴ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ രാമവര്‍മ്മ തമ്പുരാന്റെയും പല്ലന പാണ്ഡവത്ത് തങ്കമ്മ കെട്ടിലമ്മയുടെയും പത്ത് മക്കളില്‍ എട്ടാമത്തെ മകളാണ് സുഭദ്രാമ്മ. 1925 സെപ്തംബറിലായിരുന്നു ജനനം. മൂത്ത സഹോദരന്‍ കേരള നിയമസഭയുടെ പ്രഥമ സ്പീക്കര്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി, സഹോദരങ്ങളായ ആര്‍ രാജശേഖരന്‍ തമ്പി, വേലായുധന്‍ തമ്പി ഇളയ സഹോദരി രാധമ്മ എന്നിവരോടൊപ്പം വിദ്യാര്‍ഥിയായിരിക്കെതന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ സജീവമായി.

എണ്ണയ്ക്കാട്ടെ കര്‍ഷക തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് തെരുവിലൂടെ വലിച്ചിഴച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത് സുഭദ്രാമ്മയുടെയും രാധമ്മയുടെയും നേതൃത്വത്തിലുള്ള സ്ത്രീകളായിരുന്നു. കര്‍ഷക തൊഴിലാളികളെ മോചിപ്പിച്ച് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു. എണ്ണയ്ക്കാട്ടും പരിസര പ്രദേശങ്ങളിലും പൊലീസിനെ വെല്ലുവിളിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മഹിളാ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് അവര്‍ മുന്‍നിരയില്‍ നിന്നു.

subhadramma

ഹരിജനങ്ങള്‍ക്കെതിരെ എണ്ണയ്ക്കാട്ടെ മാടമ്പിമാര്‍ അഴിച്ചുവിട്ട എല്ലാ അക്രമങ്ങളെയും ചെറുത്തു തേല്‍പ്പിക്കാന്‍, ഈ സ്ത്രീ നേതൃത്ത്വം മുന്‍ നിരയിലുണ്ടായിരുന്നു. ബിരുദ പഠനത്തിനുശേഷം തിരുവനന്തപുരം ലോ കോളജില്‍ നിന്നും എഫ്എല്‍ ബിരുദവും നേടിയിരുന്നു. വിവാഹത്തിനുശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന അവര്‍ വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ഇളയമകനോടൊപ്പമായിരുന്നു താമസം.

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന സി ഉണ്ണിരാജ സുഭദ്രാമ്മയുടെ സഹോദരി ഭര്‍ത്താവാണ്. മക്കള്‍: കല്‍പന, പ്രഭ, ലീനാകുമാരി, പ്രദീപ് ചടയന്‍മുറി, മായാദേവി, പരേതനായ പ്രകാശ്. മരുമക്കള്‍: സുധാകരന്‍ നായര്‍, ലത മീനാക്ഷി, രേണുക ദേവി, ബീന, പ്രഭാകരന്‍, പരേതനായ വിജയരാഘവന്‍.

ഐത്തടി ലെയിനിലെ വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖരെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി പി തിലോത്തമന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, വാഴൂര്‍ സോമന്‍, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മഹിളാസംഘം നേതാക്കളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, സീനിയര്‍ സിറ്റിസണ്‍ കൗണ്‍സിലിനുവേണ്ടി ഡി വസന്തകുമാര്‍, പി വിജയമ്മ, കെപിഎസി സെക്രട്ടറി അഡ്വ. ഷാജഹാന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

English summary
communist leader subhadramam thankachi died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X