'എന്തിന് പാഴ് വസ്തുവായി നില്‍ക്കുന്നു', മുഖ്യമന്ത്രിയെ വിമർശിച്ച് ബാലചന്ദ്രകുമാറിനെതിരായ പരാതിക്കാരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി നല്‍കിയ യുവതി. ബാലചന്ദ്ര കുമാറിന് എതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് യുവതി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. ഇതില്‍ ഇടപെടുന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തരം രാജി വെച്ച് കൂടേയെന്ന് പരാതിക്കാരി ചോദിച്ചു.
ആഭ്യന്തരം രാജി വെച്ച് മുഖ്യമന്ത്രിക്ക് നല്ല ഒരാള്‍ക്ക് കൊടുത്തു കൂടേ. എന്തിനാണ് ഇങ്ങനെ ഒരു പാഴ് വസ്തുവായി നില്‍ക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വീടിന്റെ അടുത്താണ്. അദ്ദേഹം പിണറായിയിലാണ്. അദ്ദേഹത്തിന് തന്നെ നല്ലവണ്ണം അറിയാം. തന്നെ ചെറുപ്പത്തിലൊക്കെ അദ്ദേഹം കണ്ടിട്ടുണ്ട്. തനിക്ക് ഒരു പേടിയുമില്ല മുഖ്യമന്ത്രിയെ. മന്ത്രിയായി വരുന്നതിന് മുന്‍പ് തന്നെ എത്രയോ വട്ടം കണ്ടിട്ടുണ്ട്. എന്നിട്ട് പോലും തന്റെ കാര്യത്തില്‍ ഒരു നടപടിയുമില്ല, പരാതിക്കാരി പറഞ്ഞു.

പോലീസുകാര്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഒന്നും ചെയ്യാതിരിക്കുന്നത് എന്നും യുവതി ആരോപിച്ചു. ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യരുത് എന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. ബാലചന്ദ്ര കുമാറിനെ തങ്ങള്‍ക്ക് വേണം, എന്നാലല്ലേ പൈസയുണ്ടാക്കാന്‍ സാധിക്കൂ. അവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം മതിയാകുന്നുണ്ടാകില്ല. അതുകൊണ്ടാണ് ബാലചന്ദ്ര കുമാറിനെ പോക്കറ്റലിട്ട് നടക്കുന്നത് എന്നും പരാതിക്കാരി ആരോപിച്ചു.
എന്തൊക്കെ കളിച്ചാലും ഇതിന്റെ അറ്റം വരെ പോകുമെന്ന് യുവതി വ്യക്തമാക്കി. താന്‍ പറയുന്നത് സത്യമാണ്. നുണപരിശോധനയ്ക്ക് തയ്യാറാണ് എന്നും പരാതിക്കാരി പറഞ്ഞു. ബാലചന്ദ്ര കുമാര്‍ നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്നും യുവതി ചോദിച്ചു. ഡിജിപി തന്റെ പരാതി അന്വേഷിച്ച് വേണ്ട നടപടി ചെയ്യാമെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കും. മുഖ്യമന്ത്രി 23ാം തിയ്യതി അമേരിക്കയ്ക്ക് പറന്ന് കഴിഞ്ഞാല്‍ എന്നാണ് തിരിച്ച് വരികയെന്ന് പറയാന്‍ പറ്റില്ലല്ലോ. സുഖവാസമൊക്കെ കഴിഞ്ഞിട്ടാവും ചിലപ്പോള്‍ വരികയെന്നും യുവതി പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയെ പേടിയില്ലെന്നും അറസ്റ്റ് ചെയ്താലും ഭയമില്ലെന്നും പീഡനക്കേസിലെ പ്രതിയായ ബാലചന്ദ്ര കുമാറിന്റെ തോളില്‍ പോലീസുകാര്‍ കയ്യിട്ട് നടക്കേണ്ട ആവശ്യമില്ലെന്നും പരാതിക്കാരി പറഞ്ഞു.












Click it and Unblock the Notifications