യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദിച്ചെന്നു പരാതി
തൃശൂര്‍: അധ്യാപികയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്ന് പരാതി. പുത്തന്‍ചിറ സ്വദേശി അനൂപാണ് വെസ്റ്റ് എസ്.ഐയ്‌ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. യുവാവിന് ജാമ്യം നിഷേധിച്ച് പോലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജാമ്യം നല്‍കാത്തത് ചോദ്യം ചെയ്ത മജിസ്‌ട്രേട്ട് മര്‍ദിച്ച സംഭവം ചോദിച്ചറിഞ്ഞ് എസ്.ഐയ്‌ക്കെതിരേ സ്വമേധയാ കേസെടുത്തെന്നുംഅനൂപ് പറഞ്ഞു. കഴിഞ്ഞ 31 നാണ് സംഭവം.
വെസ്റ്റ് എസ്ഐ അറിയിച്ചതുപ്രകാരം പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് ജാമ്യമെടുക്കാന്‍ തയാറായിട്ടും പോലീസ് സമ്മതിച്ചില്ല. തുടര്‍ന്ന് പരാതിക്കാരിയായ അധ്യാപികയും സ്‌റ്റേഷനിലെത്തി. പിന്നീട് അധ്യാപികയുടെ സാന്നിധ്യത്തില്‍ എസ്.ഐ. അനൂപിനെ ചോദ്യം ചെയ്തുവെന്നാണ് യുവാവിന്റെ ആരോപണം. അനൂപ് കൊടും ക്രിമിനലാണെന്നും നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ അനൂപിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധ്യാപിക ആരോപിച്ചു. തന്റെ പേരില്‍ ഇതുവരെ യാതൊരു കേസും ഇല്ലെന്നു പറഞ്ഞതില്‍ രോഷാകുലനായാണ് എസ്.ഐ. ആക്രമിച്ചതെന്നാണ് അനൂപ് പറയുന്നത്.

അധ്യാപികയുടെ മുന്നില്‍ വച്ചുതന്നെ മുഖത്തും വയറ്റിലും ശരീരമൊട്ടാകെയും അടിച്ചു പരുക്കേല്‍പ്പിച്ചു. അധ്യാപികയുടെ പരാതിയില്‍ എസ്.ഐ. മറ്റൊരു യുവാവിനെയും ക്രൂരമായി മര്‍ദിച്ചുവെന്നും അനൂപ് പറഞ്ഞു. എസ്.ഐ യ്‌ക്കെതിരേയും പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്നും അധ്യാപികയ്‌ക്കെതിരേയും നടപടി ആവശ്യപ്പെടുമെന്നും അനൂപ് വ്യക്തമാക്കി.












Click it and Unblock the Notifications