രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതി; സരിതയുടെ രക്ത സാമ്പിള്‍ ശേഖരിച്ചു
2018 മുതല്‍ താന്‍ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളുമായി ചികിത്സ തേടിയിരുന്നു.പിന്നീടത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളായി മാറി.

തിരുവനന്തപുരം: ഭക്ഷണത്തില്‍ പല തവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ രക്തസാമ്പിളുകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. മുന്‍ ഡ്രൈവര്‍ വിനു കുമാര്‍ രാസവസ്തു കലര്‍ത്തിയെന്നാണ് സരിതയുടെ പരാതിയില്‍ പറയുന്നത്. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ ലബോറട്ടറികള്‍ ഇല്ല. അതുകൊണ്ട് സാമ്പിളുകള്‍ ദില്ലിയിലേക്ക് അയക്കും.
ശാരീരികമായി അവശനിലയിലായ സരിത ഇപ്പോള്‍ ശ്രീചിത്ര ഇന്‍സ്റ്റിയൂട്ടില്‍ ചികിത്സയിലാണ്. രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് സരിത പറയുന്നത്. ഇടതുകാലിനും സ്വാധീനക്കുറവുണ്ടായി. സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനായി വിനു കുമാര്‍ സരിത നല്‍കിയ പരാതിയിലെ പ്രതികളുമായി ഗൂഡാലോചന നടത്തിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
രോഗം ബാധിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇതേ കുറിച്ച് അറിയുന്നതെന്ന് സരിത പറയുന്നു. സരിതയുടെ രക്തപരിശോധനയില്‍ അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തനിക്ക് വിഷം കലര്‍ത്തി നല്‍കിയ ആളെ കുറിച്ച് 2019 ല്‍ തന്നെ തനിക്ക് സൂചന ലഭിച്ചിരുന്നുവെന്ന് സരിത എസ് നായര്‍ പറഞ്ഞിരുന്നു.
2018 മുതല്‍ താന്‍ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളുമായി ചികിത്സ തേടിയിരുന്നു.പിന്നീടത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല. ഞാന്‍ ഇപ്പോള്‍ ഇമ്മ്യൂണോ തെറാപ്പിയിലൂടെ കടന്നുപോകുകയാണ്.കാലുകളുടെ ചലന ശേഷിയൊക്കെ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് സരിത അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications