കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റിദ്ധാരണ പരത്തി വൈദ്യരും വടക്കുംചേരിയും.. പരാതിയുമായി ഡോക്ടർമാർ.. തൊടാൻ മടിച്ച് സർക്കാർ

Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് ഇതുവരെ പത്ത് പേരാണ് കേരളത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ഒരാളുടെ മരണകാരണം നിപ്പാ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രോഗം പടരാതിരിക്കാൻ ആരോഗ്യ പ്രവർത്തകർ കിണഞ്ഞ് ശ്രമിക്കുന്നു. അതിനിടെ വൈറസ് ഇല്ലെന്നും വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കാമെന്നും ഒരു കൂട്ടർ പ്രചാരണം നടത്തുന്നു.

മോഹനൻ വൈദ്യരും ജേക്കബ് വടക്കുംചേരിയും അടക്കം നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ കണ്ണുംപൂട്ടി വീഴുന്നവർ നിരവധി പേരാണ്. ഇവരുടെ വാക്കുകൾ വിശ്വസിച്ച് ആളുകൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാതിരിക്കുകയും അത് രോഗം പടരാൻ കാരണമാവുകയും ചെയ്താൽ വലിയ ദുരന്തമാവും സംഭവിക്കുക. ഇത്തരം വ്യാജ പ്രചാരണക്കാരെ നേരിടാൻ സർക്കാരിന് സാധിക്കുന്നില്ല. ഡോക്ടർമാരുടെ കൂട്ടായ്മയായ ഇൻഫോക്ലിനിക്ക് മോഹനൻ വൈദ്യർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. പരാതിയുടെ പൂർണരൂപം വായിക്കാം:

പ്രധാനം പ്രതിരോധ നടപടികൾ

പ്രധാനം പ്രതിരോധ നടപടികൾ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്, നിപ്പാ വൈറസ് ബാധയെത്തുടർന്ന് കേരളം ഗൗരവതരമായ ഒരു സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 12 പേരിൽ 10 പേരും മരണമടഞ്ഞു. 40 മുതൽ 70 ശതമാനം വരെ മരണനിരക്ക് വരാവുന്ന അസുഖമാണ്. ചികിത്സയെക്കാൾ പ്രധാന പ്രതിരോധ നടപടികൾ ആണ്. പുതുതായി രോഗബാധ ഉണ്ടാകുന്നത് തടയുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ഈ അസുഖം വരാനുള്ള എല്ലാ വഴികളും അടക്കേണ്ടത് ആവശ്യമാണ്.

മോഹനന്റെ വീഡിയോ

മോഹനന്റെ വീഡിയോ

വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ള അസുഖമാണ്. അതുകൊണ്ടുതന്നെ വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങൾ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഇന്നിപ്പോൾ മോഹനൻ എന്ന വ്യക്തി അസുഖബാധിതമായ സ്ഥലമായ പേരാമ്പ്രയിൽ നിന്നും ശേഖരിച്ച, വവ്വാലുകൾ ഭാഗികമായി ആഹരിച്ചത് എന്ന് അവകാശപ്പെടുന്ന കായ്ഫലങ്ങൾ ഭക്ഷിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി. ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്ന് അദ്ദേഹം അതിൽ ആരോപിക്കുന്നു.

പതിനായിരത്തിലധികം ഷെയറുകൾ

പതിനായിരത്തിലധികം ഷെയറുകൾ

വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങൾ കഴിച്ചാൽ വൈറസ് ബാധ ഉണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു. പ്രസിദ്ധീകരിച്ചതിനു ശേഷം എട്ടു മണിക്കൂറിനുള്ളിൽ 15000 ഷെയർ ആണ് ആ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വളരെയധികം ജനങ്ങൾ ഇദ്ദേഹത്തിന്റെ അബദ്ധ പ്രചരണങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചാൽ കേരളത്തിൽ നിന്നും ഈ അസുഖം പകരുന്നത് തടയുന്നതിന് തന്നെ ചിലപ്പോൾ വിഘാതം നേരിട്ടേക്കാം. കേരളത്തിലാകെ 56 തരം വവ്വാലുകൾ ആണുള്ളത്. അതിൽ നാല് സ്പീഷീസുകളിൽ നിന്നുമാത്രമേ നിപ്പാ വൈറസിനെ കേരളത്തിന് പുറത്തുനിന്ന് കണ്ടുപിടിച്ചിട്ടുള്ളൂ.

ആരോഗ്യത്തിന് ഭീഷണി

ആരോഗ്യത്തിന് ഭീഷണി

അദ്ദേഹം ആഹരിച്ചതിൽ അണുബാധയുള്ള സ്പീഷീസുകൾ ഭാഗികമായി ഭക്ഷിച്ചത് ഉണ്ടാവണം എന്നു പോലുമില്ല. മാത്രമല്ല കേരളത്തിൽ ഈ അസുഖം പടർന്നുപിടിച്ചത് വവ്വാലുകളിൽ നിന്നാണോ എന്ന് സ്ഥിരീകരിച്ചിട്ടുമില്ല. പക്ഷേ കരുതൽ എന്ന നിലയിൽ ഇത്തരം ആഹാരപദാർത്ഥങ്ങൾ ഉപേക്ഷിച്ചേ മതിയാവൂ. എന്നാൽ വവ്വാലുകൾ ആഹരിച്ച കായ്ഫലങ്ങൾ ഭക്ഷിച്ചാൽ കുഴപ്പമില്ല എന്നു പറയുന്ന വീഡിയോയ്ക്ക് ഫേസ്ബുക്കിൽ മാത്രം 15000 ഷെയർ ഉണ്ടാകുമ്പോൾ, സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന സന്ദേശം പാലിക്കപ്പെടണം എന്നില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ കേരള സമൂഹത്തിന്റെ ആരോഗ്യത്തിനു തന്നെ വലിയ ഭീഷണിയാവും.

അശാസ്ത്രീയ പ്രചാരണങ്ങൾ

അശാസ്ത്രീയ പ്രചാരണങ്ങൾ

സംസ്ഥാനം അതിന്റെ എല്ലാ ജാഗ്രതയോടും കഴിവുകളോടും കൂടി ഒരസുഖത്തെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ, അബദ്ധങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അതിനെ തകർക്കാൻ ശ്രമിക്കുന്നത് അനുവദിച്ചുകൂടാ. പൗരന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ കടമയായതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ ഇതുപോലെ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കൂടുതൽപേർ ഇത്തരത്തിലുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുകയും ജനങ്ങൾ കൂടുതൽ തെറ്റിദ്ധാരണയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.

ശക്തമായ നടപടി വേണം

ശക്തമായ നടപടി വേണം

ഇതേ വിഷയം മുൻനിർത്തി ജേക്കബ് വടക്കൻചേരി എന്ന വ്യക്തിക്കെതിരെ രണ്ടു ദിവസം മുൻപ് അങ്ങേയ്ക്ക് ഒരു പരാതി സമർപ്പിച്ചിരുന്നു. അതിൽ നടപടികൾ പ്രായോഗികതലത്തിൽ എത്തിയില്ല എന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നു. (സൂചന: E.ptn3255/2018) ഇനിയും നടപടികൾ എടുക്കാൻ വൈകിയാൽ വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത കേരള മോഡൽ ആരോഗ്യം ഒരു ചോദ്യചിഹ്നമായി മാറാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ടുതന്നെ മാതൃകാപരവും ശക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് പരാതി. ഇൻഫോക്ലിനിക്കിലെ ഡോ. ജിനേഷ് പിഎസ് ആണ് പരാതി നൽകിയിരിക്കുന്നത്.

രോഗബാധയുടെ ആക്കം കൂട്ടും

രോഗബാധയുടെ ആക്കം കൂട്ടും

ഇൻഫോക്ലിനിക്കിലെ മറ്റൊരു ഡോക്ടറായ ഷിംന അസീസും മോഹനൻ വൈദ്യരുടെ വീഡിയോയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഷിംന പറയുന്നത് ഇതാണ്: മാങ്ങ ചെത്തി തിന്ന മോഹനനും, കീടനാശിനികളാണ്‌ രോഗം വരുത്തുന്നതെന്ന്‌ നേരെ ചൊവ്വേ വൈറസിന്റെ പേര്‌ പറയാൻ അറിയാഞ്ഞിട്ട്‌ പോലും പഠിപ്പിക്കുന്ന വടക്കനും നമുക്ക്‌ അപ്രതീക്ഷിതമായി വന്ന്‌ ചേർന്നിരിക്കുന്ന നിപ്പ വൈറസ്‌ രോഗബാധയുടെ ആക്കം കൂട്ടുകയേ ഉള്ളൂ. വൈറസ്‌ പരത്തിയത്‌ വവ്വാലുകൾ അല്ല എന്ന്‌ ഇന്നത്തെ പത്രങ്ങളുടെ മുൻപേജുകളിൽ ഉണ്ട്. പക്ഷേ, വെള്ളിയാഴ്ച പരിശോധനാഫലം വരും വരെ നമുക്കത്‌ ഉറപ്പിച്ച്‌ പറഞ്ഞു കൂടാ.

വവ്വാലുകളെ സൂക്ഷിച്ചേ മതിയാവൂ

വവ്വാലുകളെ സൂക്ഷിച്ചേ മതിയാവൂ

ഇതിന്‌ മുൻപ്‌ നിപ്പാ വൈറസ്‌ബാധ മരണം വിതച്ചയിടങ്ങളിൽ വവ്വാലിൽ നിന്നാണ്‌ ഈ രോഗം പടർന്നത്‌ എന്ന അറിവാണ്‌ നമ്മുടെ മുന്നിലുള്ളത്. അതു കൊണ്ട്‌ തന്നെ ആദ്യപ്രതിരോധം എന്ന നിലക്ക്‌ നിലവിൽ വവ്വാലുകളെ സൂക്ഷിച്ചേ മതിയാകൂ. കേരളത്തിൽ രോഗം എവിടുന്ന്‌ വന്നു എന്നതും എങ്ങനെ തടയിടാം എന്നതും കൃത്യമായി പഠിച്ച്‌ നമ്മൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ്‌. 1997ൽ മാത്രം മനുഷ്യരിൽ കണ്ടെത്തിയ ഒരു രോഗം, ദക്ഷിണേന്ത്യയിൽ തികച്ചും അപ്രതീക്ഷിതമായി ആദ്യമായെത്തിയിട്ട്‌ പോലും അഭിമാനാർഹമായ രീതിയിൽ നമ്മൾ ഇടപെടലുകൾ നടത്തുന്നുണ്ട്‌. വാക്‌സിനും മരുന്നുമില്ലാത്ത രോഗം നിയന്ത്രണവിധേയമാകുന്നുണ്ട്‌.

ഒറ്റക്കെട്ടായി നിൽക്കണം

ഒറ്റക്കെട്ടായി നിൽക്കണം

ഇത്തരമൊരു ഗുരുതരാവസ്ഥയിൽ തുണയായി ഈ പാഷാണത്തിൽ കൃമികളൊന്നും ഉണ്ടാകില്ല. വടക്കനും വാട്ട്‌സ്സപ്പും വൈദ്യനും വവ്വാലുമെല്ലാം ചേർന്ന്‌ നമ്മുടെ ദുരന്തത്തിന്റെ ആധിക്യമേറ്റുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ്‌ തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നത്‌. ദയവ്‌ ചെയ്‌ത്‌ ഈ കള്ളനാണയങ്ങളിൽ വീണ്‌ നമ്മൾ ഇന്ന്‌ വരെ നേടിയെടുത്ത പ്രതിരോധത്തിന്റെ ഇരുമ്പ് മതിലിൽ പാടുകൾ വീഴ്‌ത്തരുത്‌. നഷ്‌ടം നമുക്ക്‌ മാത്രമാണ്‌.

വൈറസിന് തിന്നാൻ കൊടുത്ത് കൂട

വൈറസിന് തിന്നാൻ കൊടുത്ത് കൂട

വൈറസ്‌ ശരീരത്തിൽ പ്രവേശിച്ച്‌ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടില്ലാത്ത ഇൻകുബേഷൻ പിരീഡിലുള്ളവർ നമുക്ക്‌ ചുറ്റും ഇനിയുമുണ്ടാകാം. ഇവർ ഇവരറിയാതെ ചുറ്റുമുള്ളവർക്കെല്ലാം രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്‌. ഇനിയും ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ നമ്മൾ ജാഗ്രതയോടെയിരുന്നേ മതിയാകൂ. ഈ കെട്ടകാലത്ത് നമ്മൾ ഒറ്റക്കെട്ടായി നിന്നേ തീരൂ പ്രിയപ്പെട്ടവരേ... വൈറസിന്റെ സ്രോതസ്‌ എന്തോ ആവട്ടെ, നമ്മുടെ കുടുംബാംഗത്തെ, സുഹൃത്തിനെ, അധ്യാപകനെ, നേഴ്‌സിനെ, ബന്ധുവിനെ നമുക്ക്‌ ഇനി നിപ്പാ വൈറസിന്‌ തിന്നാൻ കൊടുത്തു കൂടാ.

Recommended Video

cmsvideo
Nipah Virus : അശാസ്ത്രീയ പ്രചാരണവുമായി മോഹനൻ വൈദ്യൻ
സാമൂഹ്യ വിപത്തുകളെ ഒറ്റപ്പെടുത്തുക

സാമൂഹ്യ വിപത്തുകളെ ഒറ്റപ്പെടുത്തുക

ആരോഗ്യവകുപ്പ്‌ അശ്രാന്ത പരിശ്രമത്തിലൂടെ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്ന രോഗത്തിന്റെ കാര്യത്തിൽ തുരങ്കം വെക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഞെളിഞ്ഞിരിക്കുന്നത്‌ നമ്മുടെ ഭരണത്തിന്റെയോ നിയമവ്യവസ്‌ഥയുടെയോ പരാജയമായിരിക്കാം. സാരമില്ല, പുരയ്‌ക്ക്‌ മീതേ വെള്ളമെങ്കിൽ, വെള്ളത്തിന്‌ മീതേ തോണി. അവരുടെ പ്രചരണങ്ങൾക്ക്‌ തല വെച്ച്‌ കൊടുക്കില്ലെന്നും രോഗം തടയാൻ ഒരു സാമൂഹികജീവി എന്ന നിലയിൽ പരിശ്രമിക്കുമെന്നും മനസ്സാക്ഷിയോട്‌ ഉറപ്പ്‌ പറഞ്ഞാൽ മതി. സാമൂഹ്യവിപത്തുകളെ ഒറ്റപ്പെടുത്തുക. നമ്മളൊന്നിച്ച്‌ തന്നെ മുന്നോട്ട്‌..

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. ജിനേഷ് പിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Complaint to Chief Minister Pinarayi Vijayan about Mohanan Vaidhyar for false message about Nipah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X