അണികള്‍ പൊലീസിന്റെ തല്ലുകൊള്ളുന്നു, നേതാവ് ഖത്തറില്‍ കറങ്ങി നടക്കുന്നു: ഷാഫി പറമ്പിലിനെതിരെ പരാതി
കോട്ടയം: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അർജ്ജന്റീന സൌദിയോട് തോറ്റതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെ വലിയ രീതിയിലുള്ള ട്രോളായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്. കടുത്ത അർജന്റീന ആരാധകനായ ഷാഫി പറമ്പില്‍ സഹപ്രവർത്തകനായ രാഹുല്‍ മാങ്കുട്ടത്തിനൊപ്പം മത്സരം കാണുന്നതിനായി ഖത്തറിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് 'വെറുതെയല്ല അർജന്റീന തോറ്റത്' എന്നായിരുന്നു വിടി ബല്‍റാമിന്റെ ട്രോള്‍.
ഇതിന് മറുപടിയായി ഷാഫിയും രാഹുലും എത്തുകയും ചെയ്തു. ഒരു വശത്ത് ഫുട്ബോള്‍ ആവേഷം കത്തിനില്‍ക്കുമ്പോള്‍ തന്നെ ഷാഫി പറമ്പിലിന്റെ ഖത്തർ സന്ദർശനം യൂത്ത് കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്കുമാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയത്. ഇതില്‍ രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നത്.

സംസ്ഥാന സർക്കാറിനെതിരായി സമരം ചെയ്തതിന്റെ പേരില്‍ നിരവധി പ്രവർത്തകർ കേസും ജയിലുമായി കഴിയുമ്പോള്‍ ഖത്തറില്‍ ഉല്ലാസ യാത്ര നടത്തുന്ന പ്രസിഡന്റിന്റെ നടപടിയോട് യോജിക്കാന്‍ സാധിക്കില്ലെന്നാണ് പരാതിയിലൂടെ വ്യക്തമാക്കുന്നത്. ഒരാഴ്ചയിലേറെയായി പ്രസിഡന്റ് സംസ്ഥാനത്തില്ല. ഇദ്ദേഹത്തിനൊപ്പം പ്രമുഖ നേതാക്കളും ഖത്തറിലേക്ക് പോയത് പ്രവർത്തനത്തെ താളം തെറ്റിച്ചെന്നും പരാതിയിലുണ്ട്.

തിരുവനന്തപുരം നഗരസഭയിലെ നിയമന വിവാദത്തിന്‍റെ പേരില്‍ സമരം ചെയ്ത് ഒരു കൂട്ടം പ്രവർത്തകർ പൊലീസിന്‍റെ തല്ലു വാങ്ങുമ്പോഴായിരുന്നു അര്‍ജന്‍റീനയുടെ കളി കാണാന്‍ ഖത്തറിലെ ലോകകപ്പ് വേദിയില്‍ നില്‍ക്കുന്ന ഷാഫി പറമ്പിലിന്റെ ചിത്രം പുറത്ത് വന്നത്. രാഷ്ട്രീയ എതിരാളികള്‍ ഇത് വലിയ തോതില്‍ പ്രചരിപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിക്കുകയും ചെയ്തു.
Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ പിന്നീട് റിമാന്‍ഡിലാവുകയും ചെയ്തു. ഈ സമയത്ത് സംസ്ഥാന അധ്യക്ഷന്‍ തന്നെ ഖത്തറില്‍ നിന്നുള്ള വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത് ഒരുവിഭാഗം അണികളില്‍ അതൃപ്തിയുമുണ്ടാക്കി. ഇതോടൊപ്പം തന്നെ ശശി തരൂരിന്റെ പരിപാടിയുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ വിവാദങ്ങലും ഉയർന്ന് വരുന്നത്.

തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ വിവാദം വലിയ തോതില്‍ വഷളാവാന്‍ കാരണം ഷാഫി പറമ്പിലിന്റെ വിഷയത്തിലെ മൌനമാണെന്നാണ് ആരോപണം. അതേസമയം ഷാഫി പറമ്പിലിനെതിരായ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ സംഘടനയ്ക്കുള്ളിലെ വിഭാഗീയതയും കാരണമായെന്ന വിലയിരുത്തലും ശക്തമാണ്.












Click it and Unblock the Notifications