പാമ്പുകടിയേറ്റുള്ള മരണങ്ങൾ പെരുകുന്നു; ഈ 12 കാര്യങ്ങൾ നിങ്ങളുടെ ജീവൻ രക്ഷിക്കും
കേരളത്തെ നടുക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസ്സുകാരനായ ദീക്ഷൽ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചതും, തൃശൂരിൽ എട്ടു വയസ്സുകാരൻ അൽജോ ഇതേ രീതിയിൽ മരണപ്പെട്ടതും മലയാളി മനസ്സുകളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആലപ്പുഴയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചതും കൂടി ആയപ്പോൾ സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർധിക്കുന്ന സാഹചര്യം ഗൗരവമായി കാണേണ്ടതുണ്ട്. കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാനാണ് പാമ്പുകൾ കൂടുതലായും തണുപ്പുള്ള ജനവാസ കേന്ദ്രങ്ങളിലേക്കും വീടുകൾക്കുള്ളിലേക്കും എത്തുന്നത്.
വീടിനുള്ളിൽ മരണം ഇഴഞ്ഞെത്താതിരിക്കാൻ
സമീപകാലത്തെ മരണങ്ങളിൽ ഭൂരിഭാഗവും നടന്നത് വീടിനുള്ളിൽ വെച്ചാണെന്നത് ഭീതി വർധിപ്പിക്കുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടികൾക്ക് കടിയേറ്റത് എന്നത് അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
തറയിലെ ഉറക്കം ഒഴിവാക്കുക: നിലത്ത് പായ വിരിച്ചോ ബെഡ് ഇട്ടോ ഉറങ്ങുന്നത് അതീവ അപകടകരമാണ്. കഴിഞ്ഞ ദിവസങ്ങളിലെ മരണങ്ങൾ ഭൂരിഭാഗവും ഇത്തരത്തിലാണ് സംഭവിച്ചത്. കട്ടിലിൽ ഉറങ്ങാൻ ശ്രദ്ധിക്കുക.
കൊതുകുവല നിർബന്ധം: കട്ടിലിലാണെങ്കിലും നിലത്താണെങ്കിലും കൊതുകുവല ഉപയോഗിക്കുന്നത് പാമ്പുകളിൽ നിന്ന് 100% സംരക്ഷണം നൽകും. വലയുടെ അറ്റങ്ങൾ മെത്തയ്ക്ക് അടിയിൽ കൃത്യമായി തിരുകി വെക്കണം.
വാതിലുകളിലെ വിടവ്: നിലത്തുനിന്ന് വാതിലിന് താഴെയായി അര ഇഞ്ചിൽ കൂടുതൽ വിടവുണ്ടെങ്കിൽ പാമ്പുകൾക്ക് സുഖമായി അകത്തുകയറാം. റബ്ബർ കൊണ്ടുള്ള ഡോർ സീലുകളോ പായകളോ വെച്ച് ഈ വിടവ് അടയ്ക്കുക. ജനലുകൾ വഴി പാമ്പുകൾ കയറുന്നത് തടയാൻ ചെറിയ കണ്ണികളുള്ള മെറ്റൽ നെറ്റുകൾ ഘടിപ്പിക്കുന്നത് ഉചിതമാണ്.
തറയിലെ മാളങ്ങൾ: വീടിന്റെ തറയിലോ ഭിത്തിയിലോ ഉള്ള വിള്ളലുകളും മാളങ്ങളും സിമന്റ് ഉപയോഗിച്ച് ഉടൻ അടയ്ക്കുക.
സാധനങ്ങൾ വാരിവലിച്ചിടരുത്: അലമാരയ്ക്കടിയിലോ കട്ടിലിനടിയിലോ പഴയ തുണികളും പേപ്പറുകളും കൂട്ടിയിടരുത്. ഇവ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ പ്രിയപ്പെട്ട ഇടങ്ങളാണ്.

വീടിന് പുറത്ത് പാലിക്കേണ്ടവ
കാട് വെട്ടിത്തെളിക്കുക: വീടിനോട് ചേർന്നുള്ള പുല്ലും പടർപ്പുകളും വെട്ടിമാറ്റുക. പാമ്പുകൾക്ക് ഒളിഞ്ഞിരിക്കാൻ സാഹചര്യം ഒരുക്കരുത്.
എലികളെ തുരത്തുക: വീട്ടിൽ എലികളുണ്ടെങ്കിൽ അവയെ പിടിക്കാനായി പാമ്പുകൾ എത്തും. അതിനാൽ എലികളെ തുരത്തണം. ഭക്ഷണാവശിഷ്ടങ്ങൾ മുറ്റത്ത് വലിച്ചെറിയാതിരിക്കുന്നത് എലികളെയും അതുവഴി പാമ്പുകളെയും തടയാൻ സഹായിക്കും.
വിറക് പുരയും കല്ലുകളും: വിറക് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങൾ, ഇഷ്ടികകൾ, കല്ലുകൾ എന്നിവ വീടിനോട് ചേർന്ന് വെക്കരുത്. ഇവ മാറ്റുമ്പോൾ നീളമുള്ള വടി ഉപയോഗിച്ച് പരിശോധിച്ച ശേഷം മാത്രം കൈ വെക്കുക.
പാദരക്ഷകൾ ശ്രദ്ധിക്കുക: ചെരുപ്പുകളും ഷൂസുകളും വീടിന് പുറത്തിടുമ്പോൾ അവയ്ക്കുള്ളിൽ പാമ്പില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ധരിക്കുക.
ടോർച്ച് ഉപയോഗം: രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം നിർബന്ധമാണ്. പാമ്പുകളുടെ മേൽ അറിയാതെ ചവിട്ടുന്നത് ഒഴിവാക്കാൻ ടോർച്ച് സഹായിക്കും.
മതിലുകളിലെ മാളങ്ങൾ: വീടിന് ചുറ്റുമുള്ള മതിലുകളിലെ പൊത്തുകൾ അടയ്ക്കുക. പാമ്പുകൾക്ക് സുരക്ഷിതമായി മുട്ടയിടാൻ ഇത്തരം ഇടങ്ങൾ കാരണമാകും.
ഭയപ്പെടാതെ പ്രതികരിക്കുക: വീടിനുള്ളിൽ പാമ്പിനെ കണ്ടാൽ പരിഭ്രാന്തരായി അതിനെ തല്ലിക്കൊല്ലാൻ ശ്രമിക്കരുത്. ഇത് പാമ്പിനെ പ്രകോപിപ്പിക്കുകയും കൂടുതൽ അപകടമുണ്ടാക്കുകയും ചെയ്യും. വനംവകുപ്പിന്റെ 'സർപ്പ' (SARPA) ആപ്പ് വഴി ലൈസൻസുള്ള പാമ്പ് പിടുത്തക്കാരുടെ സഹായം തേടുക.
കുട്ടികളെ ബോധവൽക്കരിക്കുക: മുറ്റത്തോ തൊടിയിലോ കളിക്കുമ്പോൾ മാളങ്ങളിലും കുറ്റിക്കാടുകളിലും കൈയിടരുത് എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.
പാമ്പുകടിയേറ്റാൽ ചെയ്യേണ്ട നിർണ്ണായക കാര്യങ്ങൾ
ഒരു പാമ്പുകടി ഉണ്ടായാൽ പരിഭ്രാന്തരാകുന്നത് മരണസാധ്യത വർധിപ്പിക്കും. ശാസ്ത്രീയമായ പ്രഥമശുശ്രൂഷയും വേഗത്തിലുള്ള ചികിത്സയുമാണ് പ്രധാനം.
അനക്കം പൂർണ്ണമായും ഒഴിവാക്കുക: കടിയേറ്റ ഭാഗം ഒട്ടും ചലിപ്പിക്കരുത്. രക്തചംക്രമണം കൂടുന്നത് വിഷം ഹൃദയത്തിലേക്കും തലച്ചോറിലേക്കും വേഗത്തിൽ പടരാൻ കാരണമാകും.
ധൈര്യം നൽകുക: പാമ്പ് കടിച്ചാൽ ഉടൻ കടി കിട്ടിയ ആൾക്ക് ധൈര്യം നൽകുകയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയും വേണം.
ആശുപത്രി തെരഞ്ഞെടുക്കുമ്പോൾ: ആന്റി സ്നേക്ക് വെനം (ASV) എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. പാമ്പിനെ പിടിക്കാനോ തല്ലിക്കൊല്ലാനോ ശ്രമിച്ച് സമയം കളയരുത്. വനംവകുപ്പിന്റെ 'സർപ്പ' (SARPA) ആപ്പ് വഴി അടുത്തുള്ള ആശുപത്രികളും വിവരങ്ങളും വേഗത്തിൽ കണ്ടെത്താം.
നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ
പലപ്പോഴും കുട്ടികൾ ഉറക്കത്തിൽ എന്തോ കടിച്ചു എന്ന് പറയുമ്പോൾ നാം അത് നിസ്സാരമായി കാണാറുണ്ട്. എന്നാൽ ശരീരത്തിൽ പാടിന്റെ അടയാളങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയും ഉടൻ വൈദ്യസഹായം തേടുകയും വേണം. വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ (Krait) പോലുള്ള പാമ്പുകൾ കടിക്കുമ്പോൾ വേദന കുറവായിരിക്കുമെങ്കിലും അത് പെട്ടെന്ന് മരണകാരണമാകും.
നമ്മുടെ ജാഗ്രതക്കുറവ് കൊണ്ട് ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടാൻ പാടില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം രാത്രികാലങ്ങളിൽ ടോർച്ച് ഉപയോഗിക്കാനും മുറികൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ഓരോരുത്തരും ശ്രദ്ധിക്കണം.












Click it and Unblock the Notifications