ഷെയിൻ നിഗത്തിന്റെ വിലക്ക്: 'അമ്മ'യും നിർമാതാക്കളുമായി തിങ്കളാഴ്ച ഒത്തുതീർപ്പ് ചർച്ച
കൊച്ചി: നടൻ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ചർച്ച തിങ്കളാഴ്ച കൊച്ചിയിൽ നടക്കും, താര സംഘടനയായ അമ്മയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഭാരവാഹികൾ ചർച്ചയിൽ പങ്കെടുക്കും. വിവാദങ്ങൾക്കൊടുവിൽ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിൻ പൂർത്തിയാക്കിയതിനെ തുടർന്നാണ് വീണ്ടും ഒത്തുതീർപ്പ് ചർച്ച. 28ന് നിർമാതാക്കളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും.
വെയിൽ, കുർബാനി എന്നീ സിനിമകളുടെ നിർമാണം എന്നു തുടങ്ങണമെന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും. പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് താരസംഘടനയായ അമ്മയുടെ നിർദ്ദേശം അനുസരിച്ചാണ് ഷെയിൻ പൂർത്തിയാക്കിയത്. കലൂർ സ്റ്റുഡിയോയിൽ 7 ദിവസമെടുത്താണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയത്.

വെയിൽ, കുർബാനി എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഡിസംബർ 9ന് നടന്ന അമ്മ യോഗത്തിൽ ഷെയിൻ രേഖാമൂലം അറിയിച്ചിരുന്നു. ജൂലൈയിൽ പൂർത്തിയായ ഉല്ലാസം സിനിമ ഡബ്ബിംഗ് പൂർത്തിയാകാത്തതിനെ തുടർന്ന് പുറത്തിറക്കാനായില്ല.
25 ലക്ഷം രൂപയ്ക്ക് കരാർ ഒപ്പിട്ട സിനിമയ്ക്ക് ഷെയിൻ 40 ലക്ഷം കൂടി അധിക പ്രതിഫലം ചോദിച്ചുവെന്നാണ് ആരോപണം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഷെയിൻ വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിലായിരുന്നു നിർമാതാക്കളുടെ സംഘടന.












Click it and Unblock the Notifications