രാഷ്ട്രപതി ഒപ്പിട്ടിട്ടും കോംട്രസ്റ്റ് ഏറ്റെടുക്കല്‍ വൈകുന്നു അണിയറ നീക്കങ്ങള്‍ സജീവം?
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ബില്‍ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ വ്യവസായ സ്ഥാപനം ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം വ്യവസായ മന്ത്രി എ സി മൊയ്തീനെ കാണും. ഇന്നലെ മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി കോമ്പൗണ്ടില്‍ ചേര്‍ന്ന സംയുക്ത സമര സമിതി യോഗത്തിലാണ് തീരുമാനം.
വിവിധ ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളാണ് മന്ത്രിയെ കാണുക. സമര സമിതി വൈസ് ചെയര്മാന് ടി മനോഹരന് അധ്യക്ഷത വഹിച്ചു. സംയുക്ത സമര സമിതി കണ്‍വീനര്‍ ഇ സി സതീശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി കെ സി രാമചന്ദ്രന്, പി ശിവപ്രകാശ്, മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
2018 ഫെബ്രുവരി 20ന് കോംട്രസ്റ്റ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വ്യവസായ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. പേമെന്റ് കമ്മീഷനെ നിശ്ചയിച്ച് സ്ഥലത്തിന് വില തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് അനിശ്ചിതമായി വൈകുന്നത്. കമ്പനി ഏറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. എ ഐ ടി യു സി, ബി എം എസ്, ഐ എന്‍ ടി യു സി സംഘടനകളാണ് സമരത്തിലുള്ളത്.
2012 ജൂലൈ 25 നാണ് സംസ്ഥാന നിയമസഭ ഏകകണ്ഠമായി ബില്‍ പാസ്സാക്കിയത്. എന്നാല്‍ നിരവധി കടമ്പകള്‍ കടന്ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു. ഇതിനിടയില്‍ ഒരു ടൂറിസം സൊസൈറ്റിക്ക് 45 സെന്റ് ഭൂമി 4.61 കോടി രൂപക്ക് മാനേജ്മെന്റ് വിറ്റിരുന്നു. 1.23 ഏക്കര്‍ ഭൂമി 12.35 കോടി രൂപക്ക് പ്യൂമിസ് പ്രൊജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ പി മുഹമ്മദലിക്കാണ് വിറ്റത്. ഭൂമാഫിയകള്‍ക്ക് കോംട്രസ്റ്റ് ഭൂമി വിറ്റഴിക്കാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെയാണ് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തിയത്. ബില്ലിന് എതിരല്ലെന്നും ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്കുന്ന നഷ്ടപരിഹാരം നല്‍കണമെന്നുമാണ് മാനേജ്മെന്റിന്റെ നിലപാട്.
ബില്ലിന് അംഗീകാരം ലഭിച്ചതോടെ 1.55 ഹെക്ടര്‍ സ്ഥലമാണ് സംസ്ഥാന വ്യവസായ കോര്പ്പറേഷന് ഏറ്റെടുക്കേണ്ടത്. വിറ്റ സ്ഥലങ്ങളും ഇതോടെ തിരിച്ചെടുക്കണം. എന്നാല്‍ ഈ തീരുമാനം നടപ്പാകാതിരിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതിനാലാണ് നടപടികള്‍ വൈകാന്‍ കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.