'ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു, അന്വേഷിക്കും'; ആർ ബിന്ദു
ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് സംവിധായകന്‍ ജിയോ ബേബിയെ ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. കോളേജിന്റെ നടപടിയെ അപലപിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
'സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത uഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്.

'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു.ഇപ്പോൾ "കാതൽ" എന്ന സിനിമ ഈ സമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ- സ്വവർഗ്ഗലൈംഗികആഭിമുഖ്യമുള്ളവർ അനുഭവിക്കുന്ന ആന്തരികസംഘർഷങ്ങളും സമ്മർദ്ദങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നു. അവരും മനുഷ്യർ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂർണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓർമ്മിപ്പിക്കുന്നു. സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്.
അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.പക്ഷേ, പിന്നീട് കോളേജ് യൂണിയൻ ഇടപെട്ട് പരിപാടി ക്യാൻസൽ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും
ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഫാറൂഖ് കോളേജില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ജിയോ ബേബി രംഗത്ത് വന്നത്. കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലേക്കാണ് തന്നെ ക്ഷണിച്ചതെന്നും പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ പരിപാടിയുമായി ബന്ധപ്പെട്ട് കൃത്യമായ കൂടിയാലോചന നടന്നിട്ടില്ലെന്നും സംവിധായകനെ പ്രയാസപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നുമാണ് കോളേജ് യൂണിയന്റെ ആരോപണം.












Click it and Unblock the Notifications