കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിത്തെറിച്ച് സുധീരന്‍; പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയിട്ടും സീറ്റ് തന്നില്ലെന്ന് ഉണ്ണിത്താന്‍

  • By Ajmal Mk
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത കലാപം അടുത്തെങ്ങും അവസാനിക്കുന്ന ലക്ഷണമില്ല. ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം ഇന്ന് ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലും നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടക്കുന്നത്. രാഷ്ട്രീയകാര്യസമിത യോഗത്തില്‍ തനിക്ക് സീറ്റ് നിഷേധിക്കുന്നതിന് പിന്നില്‍ കളിച്ചുവെന്ന ആരോപണം നേരിടുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ പിജെ കൂര്യന്‍ പൊട്ടിത്തെറിച്ചിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെ തീരുമാനങ്ങള്‍ എടുക്കാന്‍ ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോ എന്നായിരുന്നു പിജെ കൂര്യന്റെ ചോദ്യം. ഇതോടെ എ ഗ്രൂപ്പ് നേതാക്കള്‍ കൂര്യനെതിരെ തിരിഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് ജനകീയതയുടെ കൊമ്പുണ്ട് എന്നായിരുന്നു കൂര്യനുള്ള പിസി വിഷ്ണുനാഥിന്റെ മറുപടി. ആര്‍ക്കും വഴിയില്‍ കൊട്ടാവുന്ന ചെണ്ടയല്ല ഉമ്മന്‍ചാണ്ടിയെന്ന് ബെന്നിബഹനാനും പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അഭാവത്തിലായിരുന്നു ഇന്നലത്തെ യോഗം. ഇന്നലത്തെ വിഴുപ്പലക്കലുകളുടെ തുടര്‍ച്ചയാണ് ഇന്ന് ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലും ഉണ്ടായത്. നേതാക്കള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യമെത്തി. നേതാക്കന്‍മാര്‍ പരസ്യപ്രസ്താവന നടത്തരുതെന്ന തീരുമാനം എടുത്ത യോഗത്തിന് ശേഷവും വിഎം സുധീരന്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.

പൊട്ടിത്തെറിച്ച് സുധീരന്‍

പൊട്ടിത്തെറിച്ച് സുധീരന്‍

ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് തനിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതെന്ന് സുധീരന്‍ പരസ്യമായി വെളിപ്പെടുത്തി. ഗ്രൂപ്പ് കാരണം സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോവാനായില്ല. ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന തീരുമാനം നേതൃയോഗം എടുത്തതിന് പിന്നാലെയായിരുന്നു സുധീരന്റെ പ്രസ്താവന.

വെള്ളം കോരിയവനെ

വെള്ളം കോരിയവനെ

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ നേതൃത്വത്തിനെതിരെ നടത്തിവന്ന വിമര്‍ശനങ്ങള്‍ കെപിസിസി നേതൃയോഗത്തിലും ഉണ്ണിത്താന്‍ തുടര്‍ന്നു. പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയ തന്നെ പലപ്പോഴും പാര്‍ട്ടിതഴഞ്ഞു. ഗ്രൂപ്പ് സമവാക്യത്തിന്റെ പേരില്‍ തന്നെ തഴഞ്ഞു. പാര്‍ട്ടിയുടെ ഭാരം മൂന്ന് പേര്‍ മാത്രം താങ്ങി പിടലി ഒടിക്കരുതെന്നും ഉണ്ണിത്താന്‍ യോഗത്തില്‍ പറഞ്ഞു.

ഹസനല്ല

ഹസനല്ല

തളര്‍ന്നു കിടക്കുന്നവരെപ്പോലും കെപിസിസി അംഗം ആക്കിയപ്പോഴും തന്നെ തഴഞ്ഞെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. ചാനല്‍ ചര്‍ച്ചകളിലും മറ്റും പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനങ്ങള്‍ നടത്തിയ ഉണ്ണിത്താനെ പാര്‍ട്ടി വക്താവാക്കിയത് ശരിയല്ലെന്നായിരുന്നു എം എം ഹസന്റെ ആരോപണം. തന്നെ പാര്‍ട്ടി വക്താവാക്കിയത് എംഎം ഹസനല്ലെന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി. പാര്‍ട്ടിയില്‍ സംഘടനാപരമായ തിരുത്തല്‍ വേണമെന്ന് കെ മുരളീധരനും ആവശ്യപ്പെട്ടു.

നിയന്ത്രണം

നിയന്ത്രണം

പാര്‍ട്ടി നേതാക്കളുടെ പരസ്യപ്രതികരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരാനും യോഗം തീരുമാനമെടുത്തു. ഇതിനായി കെപിസിസി പ്രസിഡന്റ് എംഎം ഹസനെ യോഗം ചുമതലപ്പെടുത്തി. ചാനല്‍ചര്‍ച്ചകളിലെ അഭിപ്രായപ്രകടനത്തിനും ഇത് ബാധകമാകും. രാജ്യസഭാ സീറ്റ് വിഷയത്തില്‍ പാര്‍ട്ടിയിലെ യുവനേതാക്കള്‍ സോഷ്യല്‍ മീഡിയിയിലൂടെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇത്തരം തീരുമാനത്തിലേക്ക് യോഗം കടന്നത്.

വീണ്ടും ഏറ്റുപറച്ചില്‍

വീണ്ടും ഏറ്റുപറച്ചില്‍

രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് വിട്ടുകൊടുത്തത്തില്‍ പറ്റിയ തെറ്റ് നേതൃയോഗത്തിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഏറ്റുപറഞ്ഞു. ഇന്നലെ നടന്ന രാഷ്ട്രീയകാര്യസമിതിയിലും രമേശ് ചെന്നിത്തല കുറ്റസമ്മതം നടത്തിയിരുന്നു. താനും ഉമ്മന്‍ചാണ്ടിയും ഹസനും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും അത് പാര്‍ട്ടിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ ഏറ്റ് പറച്ചില്‍.

നേതൃമാറ്റം

നേതൃമാറ്റം

പരസ്യമായി ഉന്നയിച്ച നേതൃമാറ്റം ഇന്നത്തെ യോഗത്തിലും ചില നേതാക്കള്‍ ഉന്നയിക്കും. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് മാറ്റം ഉണ്ടാവില്ലെങ്കിലും എംഎം ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ചിലരെങ്കിലും ഇന്ന് അവശ്യപ്പെടും. കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ പേരുകളാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുക എന്ന അവശ്യം ഉന്നയിച്ച് തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ മുന്നില്‍ ഇന്ന് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
conflict between leaders in kpcc meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X