നിയമസഭയിലെ സംഘര്‍ഷം: 14 എംഎല്‍എമാര്‍ക്കെതിരെ കേസ്, ഭരണപക്ഷ എംഎല്‍എമാരും പട്ടികയില്‍
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ 12 പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെയും കേസെടുത്തു.

തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എല്‍ എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പരാതികളിലായി ഭരണപക്ഷ- പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ എച്ച് സലാം, സച്ചിന്‍ദേവ് എന്നിവര്‍ക്കെതിരെയും ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ 12 പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെയും കേസെടുത്തു. ഏഴ് എം എല്‍ എമാര്‍ക്കെതിരെയും കണ്ടാലറിയുന്ന മറ്റ് അഞ്ച് എം എല്‍ എമാര്‍ക്കെതിരെയുമാണ് കേസെടുത്തത്. റോജി എം ജോണ്‍, ടി സിദ്ദിഖ്, കെ കെ രമ, ഉമ തോമസ്, ടി സിദ്ദിഖ്, പികെ ബഷീര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ അടക്കം വലിയ സംഘര്‍ഷത്തിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. അടിയന്തര പ്രമേയത്തിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന വനിത എം എല്‍ എമാര്‍ ഉള്‍പ്പടെ വാച്ച് ആന്‍ഡ് വാര്‍ഡ വലിച്ചിഴക്കുതയായിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് ഇവിടെ നിന്ന് മാറ്റിയത്.
പരിക്കേറ്റ എം എല്‍ എമാര്‍ ചികിത്സ തേടിയിരുന്നു. എ കെ എം അഷറഫ് എം എല്‍ എ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒരു പ്രകോപനവുമില്ലാതെ തങ്ങള്‍ക്ക് നേരെ ബലപ്രയോഗവും കയ്യേറ്റവും ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയ്ക്കുള്ളിലും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നത്. തുടര്‍ച്ചയായി നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുന്നത്.
ഇന്ന് ഒരു കാരണവുമില്ലാതെയാണ് നോട്ടീസ് നിഷേധിച്ചത്. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിലും റൂള്‍ 50 നോട്ടീസ് അനുവദിക്കാത്ത സ്ഥിതിയാണ്. സ്പീക്കറെ പരിഹാസപാത്രമാക്കാനുള്ള കുടുംബ അജണ്ടയാണ് കുറെ ദിവസങ്ങളായി നടക്കുന്നത്. മരുമകന് വേണ്ടി പി.ആര്‍ വര്‍ക്ക് ചെയ്തിട്ടും സ്പീക്കര്‍ക്കൊപ്പം എത്തുന്നില്ലെന്ന ആധിയാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് സ്പീക്കറെ പരിഹാസപാത്രമാക്കിയും പ്രതിപക്ഷത്തിന്റെ ശത്രുവാക്കിയും നിയമസഭാ നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന കുടുംബ അജണ്ടയാണ് ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.
സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷം എത്തിയത്. ഇരുന്ന് പ്രതിഷേധിച്ചവരെയാണ് ചീഫ് മാര്‍ഷലിന്റെയും അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെയും വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും നേതൃത്വത്തില്‍ ആക്രമിച്ചത്. സീനിയര്‍ അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് അഡീഷണല്‍ ചീഫ് മാര്‍ഷല്‍ ആദ്യം ആക്രമിച്ചത്. അതിനൊപ്പം ഭരണകക്ഷി എം.എല്‍.എമാരും മന്ത്രിമാരുടെ സ്റ്റാഫുകളും ചേര്‍ന്നാണ് പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ചത്.
എം എല്‍ എമാരായ സനീഷ് കുമാര്‍, എ.കെ.എം അഷറഫ്, ടി.വി ഇബ്രാഹിം, കെ.കെ രമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെ.കെ രമയുടെ കൈ തിരിച്ച് പിടിച്ച് ആറ് വനിതാ പൊലീസുകാരാണ് വലിച്ചിഴച്ചത്. എല്‍.ഡി.എഫ് എം.എല്‍.എമാരായ സലാമും സച്ചിന്‍ദേവും ഒരു പ്രകോപനവുമില്ലാതെ പ്രതിപക്ഷ എം എല്‍ എമാരെ ആക്രമിച്ചു.
പ്രതിഷേധം നടത്തിയപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിട്ട് പ്രതിപക്ഷ എം.എല്‍.എമാരെ ചവിട്ടിക്കൂട്ടുകയായിരുന്നു. ബോധരഹിതനായതിനെ തുടര്‍ന്നാണ് സനീഷ് കുമാര്‍ എം.എല്‍.എ ആശുപത്രിയിലേക്ക് മാറ്റിയത്. നിയമസഭയ്ക്ക് അകത്തും പുറത്തും ഇവര്‍ ധിക്കാരം കാട്ടുന്നത് ആരോടാണ്? ഇതിന് മുന്‍പും സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. തുടര്‍ഭരണത്തിന്റെ ധിക്കാരമാണ് സര്‍ക്കാര്‍ കാട്ടുന്നത്. സര്‍ക്കാരിന് ഇഷ്ടമുള്ളത് മാത്രം പറയാനല്ല പ്രതിപക്ഷം നിയമസഭയില്‍ വരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications